E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തോക്കിൻ മുനയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Amith-Family 1. അമിത്, മംമ്ത 2. രമാദേവിയും മംമ്ത ചൗധരിയും വൈഷവിക്കൊപ്പം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിരാലംബരായ രണ്ടു സ്ത്ര‍ീകൾ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഒരമ്മയും മരുമകളും. ജയ്പുർ കർണിവിഹാർ ജഗദംബ കോളനിയിലെ ആ വലിയ വീട്ടിൽ വിധവയായ രമാദേവിക്കും മകൻ അമിത്തിന്റെ ഭാര്യ മംമ്ത ചൗധരിക്കും കൂട്ടിനുള്ളതു മറ്റൊരു പെൺകുട്ടിയാണ്. അമിത്തിന്റെ സഹോദരിയുടെ മകൾ പത്തു വയസ്സുകാരി വൈഷവി. ഏഴു മാസം ഗർഭിണിയായ മംമ്തയ്ക്കും വീട്ടിലുള്ളവർക്കും സന്തോഷങ്ങളുടെ കാലമാകേണ്ട നാളുകൾ. എന്നാൽ അവരുടെ കാത്തിരിപ്പിനുമേൽ ഭീതിയുടെ കരിനിഴൽ വീണിരിക്കുന്നു.

സന്തോഷം തിരതല്ലിയിരുന്ന ആ വീട്ടിലേക്കു ദുരന്തം സ്വയമെത്തിയതല്ല. മംമ്തയുടെ മാതാപിതാക്കൾ പണം കൊടുത്തു, കൈപിടിച്ചാനയിക്കുകയായിരുന്നു. മംമ്ത ഗർഭിണിയാണെന്നറിഞ്ഞ് അവർ വിരുന്നുവന്നപ്പോൾ വീട്ടിലുള്ളവർ എല്ലാവരും സന്തോഷിച്ചു. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. 2017 മേയ് 17 രാവിലെ 7.30ന് മംമ്തയുടെ മാതാപിതാക്കളോടൊപ്പം എത്തിയ വാടകക്കൊലയാളിയുടെ തോക്കിൽനിന്നുതിർന്ന മൂന്നു വെടിയുണ്ടകൾ അമിത് നായർ എന്ന ഇരുപത്തെട്ടുകാരന്റെ നെഞ്ചും കഴുത്തും തുളച്ചു കടന്നുപോയി. 

കൺമുന്നിലാണ് ഭർത്താവും, മകനും, സ്നേഹനിധിയായ അമ്മാവനുമായ അമിത് ഈ മൂന്നു പേർക്കും നഷ്ടമായത്. ഭീതി നിറഞ്ഞതാണ് ജീവിതം ഇവർക്കിന്ന്. സഹായിക്കാനോ സഹതപിക്കാനോ ആരുമില്ല. അമിത് വിശ്വസിച്ചുപ്രവർത്തിച്ച പ്രസ്ഥാനം ഇങ്ങനെയൊരു ദുരന്തം ഉണ്ടായതായി അറിഞ്ഞില്ലെന്നു നടിക്കുന്നു. അമിത്തിന്റെ കൂടി പ്രവർത്തനത്തിൽ ജനപ്രതിനിധികളും മന്ത്രിമാരുമായവർ ഈ വീട്ടിലേക്കു തിരിഞ്ഞുനോക്കാൻ പോലും തയാറായില്ല. ഈ സ്ത്രീകൾക്കു സുരക്ഷ നൽകണമെന്ന ഹൈക്കോടതി വിധിപോലും പാലിക്കപ്പെടാതെ പോകുന്നു.

അമിത് നായർ

കായംകുളം പിച്ചനാട്ടു കിഴക്കേതിൽ വീട്ടിൽ ആർ.എസ്. പിള്ള 2013ൽ നിര്യാതനാകുംവരെ ജയ്പുർ വികസന അതോറിറ്റിയിൽ കരാറുകാരനായിരുന്നു. ഭാര്യ പത്തനംതിട്ട മണ്ണടി സ്വദേശി രമാദേവി ഇഎസ്ഐ കോർപറേഷന്റെ ആശുപത്രിയിൽ നിന്നു വിരമിച്ച നഴ്സും. ഇവരുടെ മക്കൾ സ്മിതയും അമിതും ജനിച്ചതും വളർന്നതുമെല്ലാം ജയ്പുരിലെ കാത്തിപ്പുരയിൽ ആയിരുന്നു. പിതാവു മരിച്ചതോടെ കുടുംബത്തിന്റെ ഭാരവും അമിത്തിന്റെ ചുമലിലായി.

അമിത് പ്ലസ് വണിൽ പഠിക്കുമ്പോഴാണ് കൂടെ പഠിക്കുന്ന മുകേഷ് ചൗധരിയുടെ അനുജത്തിക്ക് അമിത്തിനോട് ഇഷ്ടം തോന്നുന്നത്. കാത്തിപ്പുര പ്രദേശത്തുനിന്നുതന്നെയുള്ള അമിത്തും മുകേഷും ഒന്നിച്ച് എൻജിനീയറിങ് പഠനവും ആരംഭിച്ചതോടെ മംമ്തയ്ക്ക് അമിത്തിനോടുള്ള ഇഷ്ടം വളരുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഒബിസി വിഭാഗത്തിൽപ്പെട്ട ജാട്ട് സമുദായക്കാരിയാണ് മംമ്തയെന്നതും അമിത് മുന്നാക്ക വിഭാഗക്കാരനാണ് എന്നതും ഇരുവരെയും പിന്തിരിപ്പിച്ചില്ല.

വിവാഹം

മംമ്തയുടെ ഡിഗ്രി പഠനം പൂർത്തിയായതോടെ വീട്ടിൽ വിവാഹക്കാര്യങ്ങൾ ചർച്ചയ്ക്കു വന്നു. ഇതോടെ മംമ്ത തന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ അമിത്തിനോട് ആവശ്യപ്പെട്ടു. ജാതി വ്യത്യാസങ്ങൾക്കു മുൻതൂക്കം നൽകുന്ന മംമ്തയുടെ വീട്ടുകാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ ഇരുവർക്കും സംശയമേതുമുണ്ടായിരുന്നില്ല. അതിനാൽ വീട്ടുകാർ അറിയാതെ 2011ൽ ആര്യസമാജത്തിൽ ഇരുവരും വിവാഹിതരായി. പതിയെ വീട്ടുകാരുടെ സമ്മതം ലഭിക്കുമെന്നും അതിനുശേഷം പരസ്യമായി വിവാഹം നടത്താമെന്നും ഇരുവരും തീരുമാനിച്ചു. 

നിയമ പഠനം 2015ൽ പൂർത്തിയായതോടെ വിവാഹക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടിവന്നു മംമ്തയ്ക്ക്. എൻജിനീയറിങ് പൂർത്തിയാക്കി അമിത് ഇതിനോടകം സ്വന്തമായി ബിസിനസ് തുടങ്ങിക്കഴിഞ്ഞിരുന്നു. അമിത്തിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് അവൾ വീട്ടുകാർക്കു മുന്നിൽ വ്യക്തമാക്കി. എന്നാൽ വീട്ടുകാർ നഖശിഖാന്തം എതിർത്തു. മറ്റൊരു വിവാഹത്തിനു തയാറല്ലെന്നു മംമ്ത തീർത്തുപറഞ്ഞതോടെ വീട്ടുകാർ ശാരീരിക പീഡനവും ആരംഭിച്ചു.

എന്നിട്ടും മകൾ വഴങ്ങുന്നില്ലെന്നു വന്നതോടെ, അമിത് മകളെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും വിവാഹത്തിനു നിർബന്ധിക്കുന്നെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നുമുള്ള പരാതിയുമായി മംമ്തയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. കാര്യങ്ങൾ ചോദിച്ചറിയാൻ വിളിച്ചതിനെ തുടർന്ന് ഇരുകൂട്ടരും പിറ്റേന്ന് അഭിഭാഷകരുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് മംമ്ത താൻ വിവാഹിതയാണെന്ന വിവരം പുറത്തുവിടുന്നതും രേഖകൾ സ്റ്റേഷനിൽ നൽകുന്നതും. മാത്രവുമല്ല, മാതാപിതാക്കളുടെ കൂടെ മടങ്ങാൻ താൽപര്യമില്ലെന്നും അവൾ അറിയിച്ചു.

അങ്ങനെ 2015 ജൂലൈയിൽ ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രമായി മംമ്ത അമിത്തിനൊപ്പം ജീവിതയാത്ര തുടങ്ങി.

അവകാശങ്ങളില്ലാത്ത മംമ്ത

ഇരുവരും അമിത്തിന്റെ വീട്ടിലെത്തിയതിനു പിന്നാലെ മംമ്തയുടെ പിതാവ് ജീവൻ റാം ചൗധരിയുടെ അഭിഭാഷകനും അവിടെ എത്തി. കുടുംബ സ്വത്തിൽ ഓഹരി വേണ്ടെന്ന് എഴുതിക്കൊടുക്കണമെന്ന്  അയാൾ മംമ്തയോട് ആവശ്യപ്പെട്ടു‍. തങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന ഒറ്റ വ്യവസ്ഥയിൽ അമിത്തും മംമ്തയും സ്വത്തുക്കളിൽ ഒരു പൈസ പോലും വേണ്ടെന്ന് എഴുതിനൽകി. തുടർന്നുള്ള ദിവസങ്ങളിൽ അമിത്തിന്റെ വീട്ടുകാർ മംമ്തയുടെ വീട്ടുകാരുമായി സംസാരിക്കാൻ ശ്രമിക്കുകയും മക്കളുടെ സന്തോഷത്തെ കരുതി അവരെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ജീവൻ റാമും കുടുംബവും മകളെ ഉപേക്ഷിക്കുക എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.

ഇതോടെ നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു മംമ്തയും അമിത്തും വീണ്ടും വിവാഹിതരായി. 2015 ഓഗസ്റ്റ് 30നു കൊട്ടാരക്കര ശിൽപ ഓഡിറ്റോറിയത്തിലായിരുന്നു ‘രണ്ടാം’ വിവാഹം. ആ വർഷം ഒക്ടോബറിൽ അമിത്ത‍ും അമ്മയും മംമ്തയും ജഗദംബവിഹാറിലെ പുതിയ വീട്ടിലേക്കു താമസം മാറ്റുകയും ചെയ്തു.

അടങ്ങാത്ത പക

ഇതിനു ശേഷവും ഇവരെ വെറുതേ വിടാൻ മംമ്തയുടെ വീട്ടുകാർ ഒരുക്കമല്ലായിരുന്നു. മംമ്തയുടെ സഹോദരൻ മുകേഷ് ചൗധരി അമിത്തിനോടു പ്രതികാരം ചെയ്യുമെന്നു ഫോണിൽ വിളിച്ചു പലതവണ ഭീഷണിപ്പെടുത്തിയതായി മംമ്ത പറയുന്നു. തീരുമാനം തെറ്റായെന്നും തിരിച്ചു ചെല്ലണമെന്നും പിതാവും മാതാവ് ഭഗ്‍വനി ദേവിയും മംമ്തയോട് ആവശ്യപ്പെട്ടുതുടങ്ങി.

ഈ ആവശ്യം ഉന്നയിച്ചു സഹോദരനും മാതാപിതാക്കളും ബന്ധുക്കളിൽ ചിലരുമെല്ലാം അമിത്തിന്റെ വീട്ടിൽ നിത്യസന്ദർശകരായി. ഇതു നിരസിക്കപ്പെടുന്നതോടെ ബഹളമുണ്ടാക്കിയും ചീത്ത വിളിച്ചുമൊക്കെ അവർ തിരികെ പോകുകയും ചെയ്യുമായിരുന്നു. വീട്ടിൽ വന്നു ബഹളംവയ്ക്കുന്നതിനു പുറമേ മംമ്തയെയും അമിത്തിനെയും ദേഹോപദ്രവം ഏൽപിക്കുന്നതിലേക്കും കടന്നതോടെ പൊലീസ‍ിൽ പരാതി നൽകി. ഇതോടെ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കുന്നതു കുറഞ്ഞു.

പിന്നീട‍് പുറത്തിറങ്ങുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തിയുള്ള ഭീഷണിയായി. ഒരിക്കൽ വഴിതടഞ്ഞുനിർത്തി അമിത്തിനെ മഴുകൊണ്ടു വെട്ടാനും ശ്രമമുണ്ടായെന്നും മംമ്ത പറയുന്നു. എന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടെന്ന അമിത്തിന്റെതന്നെ അഭിപ്രായപ്രകാരം ഇക്കാര്യത്തിൽ കേസ് നൽകിയതുമില്ല. ഏതായാലും പിന്നീടു മംമ്തയ്ക്കു ജോലിക്കു പോകാനോ തുടർപഠനത്തിനായി പുറത്തിറങ്ങുന്നതിനോ കഴിയാതായി. മജിസ്ട്രേട്ട് പരീക്ഷയ്ക്കു പഠിക്കണമെന്നും എൽഎൽഎം പൂർത്തിയാക്കണമെന്നുമൊക്കെയുള്ള മംമ്തയുടെ സ്വപ്നങ്ങളാണ് ഇതോടെ പാതിവഴിയിൽ മുടങ്ങിയത്.

അങ്ങനെയിരിക്കെയാണ് ഈ വർഷം ജനുവരിയിൽ മംമ്ത ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇത് അറിയുന്നതോടെയെങ്കിലും മാതാപിതാക്കളുടെ മനസ്സ് അലിയുമെന്ന പ്രതീക്ഷയിലാണു ഫോണിൽ വിളിച്ച അമ്മ ഭഗ്‍വനി ദേവിയോടു താൻ അമ്മയാകാൻ പോകുന്ന വിവരം മംമ്ത അറിയിച്ചത്.

ഇതെത്തുടർന്നു രണ്ടു പ്രാവശ്യം മംമ്തയുടെ മാതാപിതാക്കൾ കർണിവിഹാറിലെ വീട്ടിൽ മകളെ കാണാൻ എത്തി. വലിയ സ്നേഹം കാണിച്ചില്ലെങ്കിലും വഴക്കുകൂടിയില്ല. തിരികെ വീട്ടിൽ ചെല്ലണമെന്ന ആവശ്യവും ഉന്നയിച്ചില്ല. ഇതോടെ അച്ഛനുമമ്മയ്ക്കും തന്നോടുള്ള ദേഷ്യം ഇല്ലാതായി എന്നു മംമ്ത ആശ്വസിച്ചു.

ആദ്യ വധശ്രമം

എന്നാൽ കാര്യങ്ങൾ മംമ്ത ആഗ്രഹിച്ചപോലെയല്ല തുടർന്നു നടന്നത്. ഈ വർഷം ഏപ്രിലിൽ മംമ്തയുടെ അച്ഛനും അമ്മയും മകളെ കാണാനെന്ന മട്ടിൽ  വീട്ടിൽ ചെന്നു.  അമ്മയും അമിത്ത‍ും കേരളത്തിലേക്കു പോയ സമയമായിരുന്നു അത്. 

അമിത്തിനെ കൊല്ലുന്നതിനു വാടകക്കൊലയാളികളുമായാണ് അവർ അന്നവിടെ ചെന്നത്. (മംമ്തയുടെ മാതാപിതാക്കൾ  ഇതു പിന്നീട് പൊലീസിൽ സമ്മതിച്ചു. നേരത്തെ അറസ്റ്റിലായ വാടകക്കൊലയാളി രവി ഷെഖാവത്തും പദ്ധതി ആസൂത്രണം ചെയ്ത ബന്ധുകൂടിയായ ഭഗവാൻ റാമും ഇതു സ്ഥിരീകരിച്ചു. ആറു മാസം മുമ്പേ മൂന്നു ലക്ഷം രൂപയ്ക്കു കൊലപാതകത്തിനുള്ള ക്വട്ടേഷൻ തനിക്കു നൽകിയിരുന്നുവെന്നും രവി മൊഴി നൽകിയിട്ടുണ്ട്. അമിത്തിന്റെയും മംമ്തയുടെയും പ്രണയകഥയറിഞ്ഞ രവി പിന്നീട് കൊലപാതകത്തിനുള്ള ക്വട്ടേഷൻ വേണ്ടെന്നുവയ്ക്കുകയും വിനോദ് ഗോറ എന്നയാൾക്ക് അതു മറിച്ചുനൽകുകയും ചെയ്തുവെന്നാണ് പൊലീസിൽ പറഞ്ഞത്.)

നിഷ്ഠുര പാതകം

പിന്നീട് എത്തിയത് മേയ് 17നു രാവിലെ 7.30ന്. അച്ഛനും അമ്മയും എത്തിയപ്പോൾ വാതിൽ തുറന്നുകൊടുത്തതു മംമ്ത തന്നെയാണ്. ഒരമ്മയാകാൻ പോകുന്ന തന്നോടു പിണക്കമെല്ലാം മാറ്റിവച്ചാണ് അവർ എത്തിയതെന്ന് അവൾ പ്രതീക്ഷിച്ചു. മംമ്തയുടെ സന്തോഷവും ഉൽസാഹവും കണ്ടു രമാദേവിയും വൈഷവിയും മംമ്തയുടെ മാതാപിതാക്കളെ സന്തോഷത്തോടെ സ്വ‍ീകരിച്ചിരുത്തി.

അവരോടൊപ്പം ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അതാരാണെന്ന് മംമ്ത ചോദിച്ചു. ‘വകയിൽ ഒരു കുഞ്ഞമ്മയുടെ മകനാണ്, നീയറിയില്ല’ എന്നു ജീവൻ റാം മറുപടി നൽകി. അമിത്ത് എവിടെയെന്ന് ജീവൻ റാം ചോദിച്ചു. മുകൾ നിലയിലെ മുറിയിലായിരുന്ന അമിത്തിനെ മംമ്ത ആഹ്ലാദത്തോടെ താഴേക്കു വിളിച്ചുവരുത്തി. വടക്കേ ഇന്ത്യൻ പാരമ്പര്യപ്രകാരം കാൽതൊട്ടു വന്ദിച്ച അമിത്തിനെ ഭാര്യയുടെ മാതാപിതാക്കൾ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.

എന്നാൽ അമിത്തുമായി സംസാരം തുടങ്ങിയതേ മംമ്തയുമായുള്ള ബന്ധം പിരിയണമെന്നും അവളെ അവരുടെ കൂടെ അയയ്ക്കണമെന്നതിലേക്കും വിഷയം തിരിഞ്ഞു. ഇതു സാധ്യമല്ലെന്നു മംമ്തയും അമിത്തും പറഞ്ഞതോടെ മാതാപിതാക്കൾ മംമ്തയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ച‍ുകൊണ്ടു പോകാൻ ശ്രമിച്ചു. ഇതു തടഞ്ഞ അമിത്തിനെ അതുവരെ നിശ്ശബ്ദനായിരുന്ന കുഞ്ഞമ്മയുടെ മകൻ എന്നു പരിചയപ്പെടുത്തിയ ചെറുപ്പക്കാരൻ വെടിവച്ചു വീഴ്ത്തി.

ബഹളവും നിലവിളിയും കേട്ട് അയൽക്കാരായ സോന ദേവി യാദവും മകൻ വികാസും പാഞ്ഞെത്തി. ഇതോടെ അതുവരെ പുറത്തു കാറിലിരിക്കുകയായിരുന്ന മറ്റൊരു വാടകക്കൊലയാളിയും തോക്കുമായി ഇറങ്ങിവന്നു. ബഹളം കേട്ട് മറ്റു ചില അയൽക്കാരും ഗേറ്റിനു പുറത്ത് എത്തിയെന്ന് അറിഞ്ഞതോടെ വീട്ടിലുള്ളവരെ തോക്കിൻമുനയിൽ നിർത്തി മംമ്തയെയും ഉപേക്ഷിച്ച് എല്ലാവരും കാറിൽ കടന്നുകളയുകയും ചെയ്തു. വിനോദ് ഗോറയുടെ സഹായി റാം ദേവ്‌റാം ആണ് അമിത്തിനെ വെടിവച്ചതെന്നും വിനോദ് കാറിലിരിക്കുകയായിരുന്നുവെന്നും പിന്നീടു വ്യക്തമായി.

അന്വേഷണം, അറസ്റ്റ്

രണ്ടുദിവസത്തിനുള്ളിൽ മംമ്തയുടെ സഹോദരൻ മുകേഷ് ചൗധരി പൊലീസ് പിടിയിലായി. പിതാവ് ജീവൻ റാം ഗോഡാരയെ ഹരിയാനയിൽനിന്നും മാതാവ് ഭഗ്‍വനി ദേവിയെ സിക്കറിൽനിന്നും 24നു പിടികൂടി. കൊലപാതകത്തിനു പ്രേരിപ്പിക്കുകയും അത‍് ആസൂത്രണം ചെയ്യുകയും ചെയ്ത ബന്ധുകൂടിയായ മുൻ പഞ്ച‍ായത്ത് അംഗം ഭ‍ഗവാൻ റാം, കൊലപാതകത്തിന് ആദ്യം ക്വട്ടേഷൻ എടുത്ത രവി എന്ന രവീന്ദ്ര ഷെഖാവത്ത് എന്നിവരും അന്നു തന്നെ പിടിയിലായി.

എന്നാൽ പിന്നീട് കേസ് അന്വേഷണം മന്ദഗതിയിലായി. അമിത് നായരെ വെടിവച്ചു വീഴ്ത്തിയ റാം ദേവ്‌റാം ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും മറ്റു വാടകക്കൊലയാളികളായ വിനോദ് ഗോറ, സഹായി റാംദേവ് എന്നിവർ ഇതേവരെ പിടിയിലായിട്ടില്ല. 

ഭയപ്പാടിന്റെ നിഴലിൽ

ബന്ധുജനങ്ങളിൽ നിന്നു വീണ്ടും ആക്രമണം ഉണ്ടാകാം എന്ന ഭീതിയിലാണ് രമാദേവിയും മംമ്തയും വൈഷവിയും കഴിയുന്നത്. ഇപ്പോഴും ഉറക്കത്തിൽ നിലവിളിച്ചുകൊണ്ട് ഉണരുന്ന ഈ പത്തു വയസ്സുകാരി അമ്മാവൻ വെടിയേറ്റു വീണതു കണ്ടതിന്റെ ഞെട്ടലിൽനിന്നു മുക്തയായിട്ടില്ല.

 തങ്ങൾക്കു സുരക്ഷ നൽകണമെന്ന് അഭ്യർഥിച്ച് കമ്മിഷണർ മുതൽ ഡിജിപി വരെയുള്ള പൊലീസ് അധികാരികളെയും ആഭ്യന്തര മന്ത്രി മുതൽ സംസ്ഥാനത്തെ മറ്റു മന്ത്രിമാരെയും ഇവർ സമീപിച്ചൂ. എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും സുരക്ഷ ഏർപ്പാടാക്കാൻ പൊലീസിനു നിർദേശം നൽകുകയും ചെയ്തെങ്കിലും സുരക്ഷ നൽകാൻ ആരുമെത്തിയില്ല.

ഇതോടെ ഇക്കാര്യത്തിനായി കോടതിയെ സമീപിക്കാൻ ചിലർ ഉപദേശിച്ചു. അതിൻപ്രകാരം വീട്ടുകാർ ഹൈക്കോടതിയിൽ എത്തി. സുരക്ഷ ഏർപ്പാടാക്കാൻ കോടതിയും നിർദേശം നൽകി. എന്നാൽ എപ്പോഴോ ഏതെങ്കിലും നേരത്ത് ഒരു പൊലീസുകാരൻ വന്നുപോകുന്നതാണ് ഇവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ. ഒരു വനിതാ പൊലീസിനെപ്പോലും നിയോഗിച്ചിട്ടില്ല.

തിരിഞ്ഞുനോക്കാതെ

ആർഎസ്എസ് പ്രവർത്തകനായിരുന്നു മരിക്കുംവരെയും അമിത്. ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയത്തിനായി പ്രവർത്തനവുമായി ഇറങ്ങാറുണ്ട‍ായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അമിത് പ്രവർത്തിച്ച സ്ഥലം എംഎൽഎ രാജ്പാൽ സിങ് ഷെഖാവത് ഇപ്പോൾ സംസ്ഥാന വ്യവസായ മന്ത്രിയാണ്. സ്ഥലം എംപിയായ രാജ്‍വർധൻ സിങ് റാത്തോഡ് കേന്ദ്ര വാർത്താവിതരണ വകുപ്പു മന്ത്രിയും.

പാർട്ടിയുടെ ഒരു ഭാരവാഹി പോലും ഈ വീട്ടിലേക്ക് ഇതേവരെ എത്തിനോക്കിയിട്ടില്ല എന്നതു വീട്ടുകാരെ ഏറെ ദുഃഖിപ്പിക്കുന്നു. ഒട്ടേറെത്തവണ വനിതാ കമ്മിഷൻ ചെയർപഴ്സനെയും മറ്റും വിളിച്ചുപറഞ്ഞിട്ട് അവരും തിരിഞ്ഞുനോക്കാത്തതിൽ കടുത്ത അമർഷത്തിലും വേദനയിലുമാണ് അമിത്തിന്റെ അമ്മയും ഭാര്യയും സഹോദരിയുമടക്കം മുഴുവൻ കുടുംബാംഗങ്ങളും.

കേരളത്തിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, ആന്റോ ആന്റണി എംപി എന്നിവർ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കു വീട്ടുകാരുടെ ദുരന്തത്തിൽ സഹായം അഭ്യർഥിച്ചു കത്ത് അയച്ചിരുന്നു. എന്നാൽ ഇതെക്കുറിച്ചു വസുന്ധര രാജെയുടെ വാർത്താ സമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോൾ കേരള മുഖ്യമന്ത്രി കേരളത്തിലെ ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുന്നതു തടയാൻ നടപടിയെടുക്കാനാണു ശ്രമിക്കേണ്ടതെന്ന മറുപടിയാണ് ഉണ്ടായത്. 

നിരാലംബരായ വീട്ടുകാർക്കു സഹായം അഭ്യർഥിച്ചുജയ്പുരിലെ കേരള സമാജത്തിന്റെ നേതൃത്വത്തിൽ മുട്ടാത്ത വാതിലുകളില്ല. വീട്ടുകാർക്ക് എത്രയും വേഗം മുഖ്യമന്ത്രിയുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താനുള്ള ശ്രമത്തിലാണ് അവരിപ്പോൾ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :