ഫെരാരി സൂപ്പർകാർ മോഹികളുടേയും സ്വപ്ന വാഹനമാണ്. ഫെരാരി സ്വന്തമാക്കിയാൽ പിന്നെ അതിനെ പൊന്നുപോലെ സൂക്ഷിക്കാനായിരിക്കും പലരും ശ്രമിക്കുക. എന്നാലിവിടെ ഒരു ഫെരാരി ഉടമയുടെ സ്ഥിതി മറിച്ചാണ്. വാങ്ങി മണിക്കൂറുകൾക്കകം തന്നെ ആഗ്രഹിച്ചു മോഹിച്ചു സ്വന്തമാക്കിയ ഫെരാരി കത്തി നശിച്ചു. ലണ്ടനിലെ യോർക്ഷെയറിലാണ് സംഭവം നടന്നത്.
ഫെരാരിയുടെ എഫ് 430 യുടെ കരുത്തു കൂടിയ വകഭേദമായ എഫ് 430 ക്കാണ് ഈ ദുർഗതി നേരിട്ടത്. ഭാഗ്യവശാൽ നിസാരപരിക്കുകളോടെ ഉടമസ്ഥൻ അത്ഭുതകരമായി രക്ഷപെട്ടു പക്ഷെ വാഹനം പൂർണ്ണമായും നശിച്ചു. ഫെരാരിയെ ഷോറൂമിൽ നിന്ന് സ്വന്തമാക്കി ഓടിക്കവെയാണ് അപകടം സംഭവിച്ചതെന്ന് ഉടമ പറയുന്നു. സൗത്ത് യോർക് ഷെയർ പോലീസിന്റെ ഓപ്പറേഷണൽ സപ്പോർട്ട് വിഭാഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്. റോഡിൽ നിന്ന് 150 അടി മാറിയാണ് വാഹനം കിടന്നതെന്നും തങ്ങൾ എത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
റോഡിന്റെ നനഞ്ഞ അവസ്ഥ കാരണമാകും അപകടമുണ്ടായതെന്നാണ് ആദ്യ നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ വേറെയും വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. എന്തൊക്കെയായിലും ഫെരാരിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് 430. ഉത്പാദനം നിർത്തിയ കാറിന്റെ വില ഏകദേശം രണ്ടു കോടി രൂപയാണ്.