ഗ്രീൻ മാമ്പകൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിയെ തെക്കൻ തീരത്തുനിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ഫൊട്ടോഗ്രഫറായ കോർലെറ്റ് വെസൽസാണ് കടൽത്തീരത്തായിരുന്നു ആൺ ഗ്രീൻ മാമ്പകളുടെ പോരാട്ടം അരങ്ങേറിയത്. ആദ്യ കാഴ്ചയിൽ പാമ്പുകൾ ഇണചേരുകയാണെന്നു തോന്നിയെങ്കിലും കൂടെയുണ്ടായിരുന്ന ഗവേഷകനാണ് പാമ്പുകൾ തമ്മിലുള്ള പോരാട്ടമാണിതെന്ന് വ്യക്തമാക്കിയത്.
സാധാരണയായി തന്റെ ആവാസ പരിധിയിൽ അതിക്രമിച്ചു കടക്കുന്നവരെ ആൺ മാമ്പകൾ തുരത്തിയോടിക്കുക പതിവാണ്. പെൺ മാമ്പകളുടെ മുന്നിൽ ശക്തി തെളിച്ച് ഇണചേരാനായും ആൺ മാമ്പകൾ പോരാടാറുണ്ട്. അത്തരത്തിലുള്ള പോരാട്ടമാകാം ഇതെന്നുമാണ് നിഗമനം. അങ്ങനെയെങ്കിൽ സമീപത്തെവിടെയെങ്കിലും പെൺ മാമ്പ പതിയിരിക്കുന്നുണ്ടാവുമെന്നും പാമ്പുകളെക്കുറിച്ചു പഠനം നടത്തുന്നവർ പറയുന്നു.
ഗുസ്തിമത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന പോരാട്ടമായിരുന്നു ഗ്രീൻ മാമ്പകളുടേത്. ഒരാൾക്കു മേൽ മേൽക്കോയ്മ നേടാനാണ് പാമ്പുകൾ അന്യോന്യം ശ്രമിച്ചുകൊണ്ടിരുന്നത്. ഏകദേശം പതിനഞ്ചു മിനിട്ടോളം തുടർന്നു പാമ്പുകളുടെ ഉശിരൻ പോരാട്ടം. പതിവുപോലെ കൂട്ടത്തിൽ വലിയവൻ തന്നെ പോരാട്ടത്തിലും വിജയിച്ചു. ഒടുവിൽ പോരാട്ടം അവസാനിപ്പിച്ച് ഇരുവരും ഗോദായിൽ നിന്ന് സ്വന്തം തട്ടകത്തിലേക്കു മടങ്ങി. കടൽത്തീരത്തിനു സമീപമുള്ള കാട്ടിലേക്കായിരുന്നു രണ്ടു പാമ്പുകളുടെയും യാത്ര. കഴിഞ്ഞ വർഷവും സമാന രീതിയിൽ പോരാടുന്ന ആൺ ബ്ലാക് മാമ്പകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ഏതായാലും ലോകത്തിലെ ഏറ്റവും വിഷമുള്ള ഗ്രീൻ മാമ്പകളുടെ അപൂർവ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഫൊട്ടോഗ്രഫറായ കോർലെറ്റ് വെസൽസ്.