‘സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ, ഇത്ര ഭയാനകമായ വേര്ഷന് ഇതാദ്യാ...’ ഏകദേശം ഇതുപോലൊരു ഡയലോഗാണ് കഴിഞ്ഞ ദിവസം കാനഡക്കാരൻ ജേമി എല്ലിസൺ പറഞ്ഞത്. അതായത്, ‘മഞ്ഞുമലകളുടെ പലതരം രൂപങ്ങളും കണ്ടിട്ടുണ്ട്. ഇത്രയ്ക്കും ‘ഭീകരമായ’ വേർഷൻ ഇതാദ്യാ...’ എന്ന്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയാണ് എല്ലിസന്റെ ഒരു പര്യവേക്ഷക സംഘത്തിനൊപ്പമുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞത്. കാനഡയിലെ കോളജിൽ ഹോർട്ടികൾചർ അധ്യാപകനായ അദ്ദേഹം ആ കാഴ്ച ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കി സംഗതി വൈറലാകുകയും ചെയ്തു. എന്തായിരുന്നു ആ കാഴ്ചയെന്ന ചോദ്യത്തിന് എല്ലിസൻ ചെറുചിരിയോടെ നൽകുന്ന മറുപടി ഇങ്ങനെ– ‘പ്രകൃതി ചിലനേരങ്ങളിൽ സ്വയം വെളിപ്പെടുത്തുന്നത് എത്രമാത്രം രസകരമായാണ്’. അതിനുമാത്രം എന്താണ് എല്ലിസണും സംഘത്തിനും മുന്നിൽ‘വെളിപ്പെട്ടത്’?
കാര്യം അൽപം തമാശയാണ്. പുരുഷ ജനനേന്ദ്രിയത്തിന്റെ ആകൃതിയിലുള്ള കൂറ്റൻ മഞ്ഞുമലയുടെ ചിത്രമാണ് എല്ലിസന്റെ ക്യാമറയിൽ പതിഞ്ഞത്. ഇത്രയേറെ ‘പൗരുഷം’ നിറഞ്ഞ മഞ്ഞുമല തന്റെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലെന്നായിരുന്നു ഒരു യൂസർ ചിത്രത്തെക്കുറിച്ച് പോസ്റ്റിട്ടത്. ലിംഗത്തിന് ഇംഗ്ലിഷിലുള്ള ‘പെനിസ്’ എന്ന അർഥവും ചേർത്ത് ‘പെനിസ്–ബർഗ്’ എന്നൊരു പുതിയ പേരും ഈ മഞ്ഞുമലയ്ക്കു നൽകി. സത്യത്തിൽ കാനഡയുടെ ഏറ്റവും വടക്കേ അറ്റത്തെ മഞ്ഞുമലകളിലെ സസ്യങ്ങളെക്കുറിച്ചു പഠിക്കാനായിരുന്നു പത്തുപേരടങ്ങുന്ന എല്ലിസന്റെ സംഘം യാത്ര പോയത്. അക്കൂട്ടത്തിൽ ഏറെ പേരും അമേരിക്കയിൽ നിന്നുള്ള ബൊട്ടാണിസ്റ്റുകളുമായിരുന്നു.
കനേഡിയൻ ദ്വീപായ ന്യൂഫൗണ്ട്ലാൻഡിലൂടെയായിരുന്നു സംഘത്തിന്റെ യാത്ര. വടക്കേ അറ്റത്തുള്ള ഗ്രൈക്കെ എന്നയിടത്തെത്തിയപ്പോഴാണ് ആകാശത്തേക്കുയർന്ന നിലയിൽ ട്യൂബ് പോലുള്ള മഞ്ഞുമല കണ്ടത്. ഒറ്റനോട്ടത്തിൽ മറ്റേതോ പര്യവേക്ഷണക്കപ്പലിന്റെ അണിയമാണെന്നായിരുന്നു എല്ലിസനും സംഘവും കരുതിയത്. പക്ഷേ സമീപത്തേക്ക് വരും തോരും കാഴ്ച മാറി. ഇനി തന്റെ സംശമായിരിക്കുമോ? എല്ലിസന് സ്വന്തമായൊരു സ്റ്റുഡിയോ ഉള്ളതാണ്, മികച്ച ഫൊട്ടോഗ്രാഫറും. അദ്ദേഹം തന്റെ 600 എംഎം ടെലിലെൻസിലൂടെ ആ മഞ്ഞുമലയുടെ ചിത്രം പകർത്തി. സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തെളിഞ്ഞത്, സംശയമല്ല, കണ്ടത് കപ്പലിന്റെ അണിയവുമല്ല. ലിംഗത്തിന്റെ ആകൃതിയിലുള്ള ആ മഞ്ഞുമല അതിനോടകം മറ്റുള്ളവരും കണ്ടു.