ടെക് ലോകത്ത് പെട്ടെന്ന് തരംഗമായ ഫിജറ്റ് സ്പിന്നറുകൾ അപകടമുണ്ടാക്കുമോ? അതേ എന്നാണു അമേരിക്കയിൽ ഈയിടെ നടന്ന സംഭവം തെളിയിക്കുന്നത്. ബ്ലൂടൂത്തുള്ള ഇത്തരം കളിപ്പാട്ടം ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവം ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അലബാമയിലെ ഗാര്ഡന്ഡെയ്ലിലാണ് സംഭവം. മുകളിലത്തെ നിലയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ട് ഓടിപ്പോയി നോക്കിയ യുവതി കണ്ടത് തീ പടരുന്നതായിരുന്നു. നാല്പ്പത്തഞ്ചു മിനിറ്റുകള്‍ മാത്രം ചാര്‍ജ് ചെയ്ത ഫിജറ്റ് സ്പിന്നർ പൊട്ടിത്തെറിച്ചായിരുന്നു തീ പടര്‍ന്നത്. ഭാഗ്യം കൊണ്ട് ആര്‍ക്കും അപകടം ഒന്നും ഉണ്ടായില്ല. പക്ഷേ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള കളിപ്പാട്ടമായതിനാല് ഈ സംഭവം ഭീതി പടര്‍ത്തുകയാണ്.
സംഭവം നടന്ന ദിവസം പുറത്തേയ്ക്ക് പോവാന്‍ നില്‍ക്കുകയായിരുന്നു യുവതി. പോവാന്‍ ഇറങ്ങുന്നതിനു കേവലം പത്തു മിനിറ്റു മുന്‍പാണ് അപകടം ഉണ്ടായത്. തീ പടര്‍ന്നു പിടിക്കും മുന്‍പേ വെള്ളമൊഴിച്ച് തീയണച്ചു. ദൈവത്തിന്റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ് ഞങ്ങള്‍ രക്ഷപെട്ടത്. പ്രാദേശിക ചാനലിനു നല്കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു. സംഭവമറിഞ്ഞതോടെ യുവതിയ്ക്ക് സന്ദേശങ്ങളുടെയും കോളുകളുടെയും പ്രവാഹമാണ്.
ഫിജറ്റ് സ്പിന്നർ നിര്‍മിച്ച കമ്പനിയെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ലൈസന്‍സ് ഇല്ലാത്ത കമ്പനിയാണ് ഇതാണ് എന്നതിനാലാണിത്. 'മെയ്ഡ് ഇന്‍ ചൈന' എന്നല്ലാതെ കമ്പനി വിവരങ്ങള്‍ സംബന്ധിക്കുന്ന മറ്റൊരു തുമ്പും ലഭിച്ചില്ല. 2017 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കളിപ്പാട്ടമാണ് ഫിഡ്ജറ്റ് സ്പിന്നർ. അതുകൊണ്ടു തന്നെ ആളുകള്‍ അതീവ ആശങ്കാകുലരാണ്. ചെറിയ കുട്ടികള്‍ ഈ കളിപ്പാട്ടം ഉപയോഗിക്കുമ്പോൾ അപകടം സംഭവിച്ചാലോ എന്ന പേടിയിലാണ് എല്ലാവരും.