E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇസ്രയേലിലെ മലയാളി ജൂതർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Bezalel-Eliyahu ബെസാലെൽ എലിയാഹുവും ഭാര്യയും യോയൽ എലിയായ്ക്കൊപ്പം.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെക്കൻ ഇസ്രയേലിലെ നെജേവ് മരുഭൂമിയിലെ ബേർഷേവാ പട്ടണത്തിൽനിന്നു നേവാത്തിമിലേക്കു പോകുന്ന ഹൈവേയുടെ വശത്ത് വലിയ ബോർഡ് കാണാം: ‘കൊച്ചിൻ ജൂറി’. അവിടേക്കു തിരിഞ്ഞാൽ കാണാം, ഒരു കൊച്ചു കെട്ടിടത്തിനകത്തു കേരളത്തിൽനിന്നുള്ള അരകല്ലും ഉരകല്ലും ഉറിയും കൽച്ചട്ടിയും ചിരട്ടത്തവിയുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. തൊട്ടടുത്തു പറവൂരിലെ ജൂതപ്പള്ളിപോലെ ഒരു ദേവാലയവും. കൊച്ചി ജൂതരുടെ പാരമ്പര്യം പ്രദർശിപ്പിക്കുന്ന മ്യൂസിയമാണത്. ഇവിടെനിന്നെടുത്ത് ടെൽ അവീവ് ദേശീയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ ഗാലറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  സന്ദർശിക്കുന്നത്.

ബൈബിൾ പഴയ നിയമത്തിലെ അബ്രഹാമിന്റെ കാലം മുതൽ വെള്ളത്തിനു ക്ഷാമമുണ്ടായിരുന്ന ബേർഷേവയും പരിസരപ്രദേശങ്ങളും പച്ചപിടിച്ച കൃഷിഭൂമികളാക്കിയത് 1950 കളിൽ അരകല്ലും ഉരകല്ലും ഉറിയും കൽച്ചട്ടിയും ചിരട്ടത്തവിയുമെല്ലാമായി മട്ടാഞ്ചേരി, ചേന്ദമംഗലം, പറവൂർ, മാള തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇസ്രയേലിലെത്തിയ ജൂതന്മാരാണ്. ഏതാണ്ട് 2500 മലബാറി ജൂതരാണ് ആയിരത്തി തൊള്ളായിരത്തി അൻപതുകളിലും അറുപതുകളിലുമായി എത്തിയത്. ഇന്ന് അവരുടെ പരമ്പരയിൽ എണ്ണായിരത്തോളം പേരുണ്ടെന്ന് ഇവരുടെ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന മട്ടാഞ്ചേരിക്കാരൻ യോയൽ എലിയാ പറഞ്ഞു.

സോളമന്റെ കാലം മുതൽ ജൂതനാവികർ മലബാർ തീരത്തു വന്നിരുന്നതായി പറയുന്നുണ്ടെങ്കിലും ക്രിസ്തുവിനു മുമ്പ് 587ൽ ഒന്നാം ജറുസലമിലെ ആദ്യത്തെ ദേവാലയം തകർക്കപ്പെട്ടപ്പോഴാണ് ആദ്യത്തെ കുടിയേറ്റം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. എഡി 70 ൽ രണ്ടാമത്തെ ദേവാലയവും തകർക്കപ്പെട്ടപ്പോൾ വീണ്ടും ജറുസലമിൽനിന്നു യഹൂദരുടെ പലായനം നടന്നപ്പോൾ വീണ്ടും ചിലരെത്തി. പിന്നീടു പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽനിന്നു ‘പരദേശി’ ജൂതരും. 1948 ൽ ഇസ്രയേൽ രാജ്യം രൂപീകൃതമായ ശേഷം ലോകമെമ്പാടുമുള്ള ജൂതർ ഇസ്രയേലിലേക്കു കുടിയേറ്റം ആരംഭിച്ചപ്പോഴാണു കൊച്ചി ജൂതരും പുറപ്പെട്ടത്. 1955–56 കാലഘട്ടത്തിലാണു മിക്കവരും കുടിയേറിയത്.

‘യൂറോപ്പിൽനിന്നും ആഫ്രിക്കയിൽനിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽനിന്നും വന്നവർക്കു നൂറ്റാണ്ടുകളായി അവരനുഭവിച്ച വിവേചനത്തിന്റെയും പീഡനത്തിന്റെയും കഥകളേ പറയാനുണ്ടായിരുന്നുള്ളൂവെങ്കിൽ ഞങ്ങൾക്ക് അങ്ങനെയൊന്നുമില്ലായിരുന്നു. മറ്റുള്ളവർക്കു വിശ്വസിക്കാനായില്ല, ഞങ്ങളവിടെ പ്രഭുതുല്യരായി നൂറ്റാണ്ടുകളായി കഴിയുകയായിരുന്നെന്ന്’ – നേവാത്തിമിലെ മ്യൂസിയത്തിന്റെ ക്യൂറേറ്ററും ജറുസലമിൽ ഹീബ്രു യൂണിവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥയുമായ തീർസ മുട്ടത്ത് ലാവി പറഞ്ഞു. 1970 കളിലാണു തീർസയുടെ കുടുംബം ചേന്ദമംഗലത്തുനിന്നെത്തിയത്.

കൊച്ചി ജൂതരുടെ കാരണവരാണ് ഇസ്രയേലിനെ പച്ചപിടിപ്പിച്ചയാളെന്നപേരിൽ അറിയപ്പെടുന്ന ചേന്ദമംഗലം പള്ളിവാതുക്കൽ ജനിച്ച് മഹാരാജാസ് കോളജിലും കോയമ്പത്തൂരിലെ ജി.ഡി.നായിഡു ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ച് 1955 ൽ ഇരുപത്തഞ്ചാം വയസ്സിൽ ഇസ്രയേലിലെത്തിയ ബെസാലെൽ എലിയാഹു. വിത്തും വെള്ളവും ദുർലഭമായ മരുഭൂമിയിൽ തുള്ളിനന രീതിയിലുള്ള ജലസേചനത്തിന്റെ സഹായത്തോടെ കൃഷിചെയ്ത് ആദ്യം പൂക്കളും പിന്നീടു മുന്തിരിയും മാവും വരെ കൃഷിചെയ്ത് ഇസ്രയേലിനെ പൊന്നുവിളയുന്ന നാടാക്കിയ മാന്ത്രികൻ. ഇന്ത്യയിലെ മിക്ക സംസ്ഥാന ഭരണകൂടങ്ങൾക്കും കൃഷിയുടെ മന്ത്രം ഉപദേശിച്ചുകൊടുത്തിട്ടുള്ള ബെസാലെൽ ചേന്ദമംഗലത്ത് ഈയിടെ ഒരു വീടു വച്ചു കൊല്ലത്തിൽ മൂന്നുമാസം മട്ടാഞ്ചേരിക്കാരി ഭാര്യ മറിയവും മക്കളും മക്കളുടെ മക്കളുമായി അവിടെ വന്നു താമസിക്കാറുണ്ട്.

മരുഭൂമി പച്ചപിടിച്ചതോടെ പലരും നാട്ടിൽനിന്നുള്ള ചെടികളും നട്ടുവളർത്താൻ തുടങ്ങി. മിക്ക മലബാറി ജൂതരുടെയും വീട്ടുവളപ്പിൽ കറിവേപ്പു കാണും – തീർസ പറഞ്ഞു. ഈയിടെയായി പഴയതലമുറയിലെ ചിലർ കപ്പയും വളർത്തിത്തുടങ്ങി.

മലബാറി ജൂതന്മാരുടെ പാരമ്പര്യം സൂക്ഷിക്കാൻ മ്യൂസിയം നിർമിക്കാൻ മുൻകയ്യെടുത്തത് ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂരിയന്റെ സുഹൃത്തായിരുന്ന ചേന്ദമംഗലം തെക്കുംപാട്ടം തറവാട്ടിലെ ഇത്‍സാഖ് ഏലിയായാണ്. ബെൻഗൂരിയൻ തങ്ങളുടെ വിവാഹത്തിനു വന്നത് ഇത്‍സാഖും മട്ടാഞ്ചേരിക്കാരി ഭാര്യ സാറയും ഓർക്കുന്നു. കുടുംബങ്ങൾ 1950 കളിൽ കുടിയേറിയപ്പോൾ അവർ കുട്ടികളായിരുന്നു. ‘പക്ഷേ, ചേന്ദമംഗലത്തെ പുഴയും വീടും പള്ളിയുമെല്ലാം എനിക്കു നല്ല ഓർമയുണ്ടായിരുന്നു’ – 1999 മുതൽ മൂന്നു തവണ നാടു കാണാൻ പോയ ഇത്‍സാഖ് പറഞ്ഞു.  1993 ൽ മ്യൂസിയം ആരംഭിച്ചപ്പോൾ പ്രദർശനവസ്തുക്കൾ മിക്കവയും സംഭാവന ചെയ്തത് ഇത്‍സാഖും സാറയുമാണ്. അന്നത്തെ ഇസ്രയേൽ പ്രസിഡന്റ് ഹെർസോഗ് ആണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

ഇപ്പോൾ മ്യൂസിയത്തിന്റെ സൂക്ഷിപ്പ് 80 വയസ്സുകഴിഞ്ഞ പറവൂർകാരൻ ദാവിദ് അബ്രഹാമിന്റെയും മകൾ മീരയുടെയും കയ്യിലാണ്. പതിനേഴാം വയസ്സിലാണു ദാവിദ് ഇസ്രയേലിലെത്തിയത് എന്നതിനാൽ മലയാളവും കേരളവും നല്ല ഓർമയാണ്.

എഴുപതുകളിലും എൺപതുകളിലും രാഷ്ട്രനിർമാണത്തിലായിരുന്ന ഇസ്രയേലികൾ വേരുകൾ തേടിയുള്ള യാത്രകൾ ആരംഭിച്ചതു തൊണ്ണൂറുകളിലാണ്. പലസ്തീൻകാരുമായുള്ള സമാധാനക്കരാറും 1992 ൽ ഇന്ത്യയുമായി നയതന്ത്രബന്ധമാരംഭിച്ചതും ഇന്ത്യയിലേക്കുള്ള പൈതൃകയാത്രകളെ സഹായിച്ചു. ‘ഞങ്ങളവിടെ 2500 കൊല്ലം ഒരു ബുദ്ധിമുട്ടുമില്ലാതെ കഴിഞ്ഞതെങ്ങനെയെന്നു ഞങ്ങളുടെ മക്കൾ ചോദിക്കാൻ തുടങ്ങി’ – തീർസ പറഞ്ഞു. തീർസയുടെ ജർമൻകാരൻ ഭർത്താവ് റോണിനും ഇതൊക്കെ താൽപര്യമാണ്. പുരാവസ്തുശാസ്ത്രജ്ഞൻ കൂടിയാണു റോൺ.

മലയാളം സംസാരിക്കാനറിയാത്ത മട്ടാഞ്ചേരിക്കാരൻ യോയലാണു മലബാറി ജൂതരുടെ കൂട്ടായ്മ തുടങ്ങിവച്ചു നടത്തിക്കൊണ്ടുപോകുന്നത്. എല്ലാ കൊല്ലവും ചാവുകടൽ തീരത്ത് യോയൽ എല്ലാവരെയും വിളിച്ചുവരുത്തും. പലരും മലയാളത്തിൽ പരസ്പരം സംസാരിക്കും, ചിലർ പലഹാരങ്ങൾ കൊണ്ടുവന്നു പങ്കുവയ്ക്കും. ചിലർ ഹീബ്രു മലയാളത്തിൽ പാട്ടുപാടും. 

കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ മലയാളം പ്രഫസറായിരുന്ന സ്കറിയ സഖറിയയാണ് ഏതാനും കൊല്ലം മുൻപ് ഇസ്രയേലിൽ വന്നു പലരുടെയും ഓർമയിൽ മാത്രമുണ്ടായിരുന്ന പാട്ടുകൾ രേഖപ്പെടുത്തി, വേണ്ട തിരുത്തലുകൾ വരുത്തി, തേഞ്ഞുമാഞ്ഞുപോയ വരികൾ മിനുക്കിയെടുത്തു പുസ്തകരൂപത്തിലും ശബ്ദറിക്കോർഡിങ്ങിലും രേഖപ്പെടുത്തിയത്. പാട്ടുകൾ രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ‘കാർകുഴലി’ എന്ന പുസ്തകമായിരിക്കാം മലയാളം ലിപിയിലും ഹീബ്രു‌ ലിപിയിലുമായി അച്ചടിച്ച ഏകപുസ്തകം.

David-daughter-Mira ദാവിദ് അബ്രഹാമും മകൾ മീരയും മ്യൂസിയത്തിൽ

മറ്റു ജൂതരിൽനിന്നു പലതുകൊണ്ടും വ്യത്യസ്തരാണു മലബാറി ജൂതർ. അവരുടെ വിവാഹച്ചടങ്ങുകൾ വ്യത്യസ്തമാണ്. വരൻ വധുവിനെ ഇരുത്തിക്കൊണ്ടു പ്രാർഥിക്കുന്നതു മലബാറികൾക്കു മാത്രമുള്ള പാരമ്പര്യമാണ്. പ്രാർഥനാഗാനങ്ങളിൽ ഉപകരണങ്ങളൊന്നും അവർ ഉപയോഗിക്കില്ല. സോളമന്റെ ആദ്യ ദേവാലയം തകർന്നതു മുതലാണു പ്രാർഥനയിൽ സംഗീതോപകരണങ്ങൾ ഉപേക്ഷിച്ചതെന്നാണു വിശ്വാസം.

കേരളത്തിൽനിന്നു ലഭിച്ച നല്ല പല സ്വഭാവഗുണങ്ങളും മിക്ക മലബാറികളും കാത്തുസൂക്ഷിക്കുന്നതായി യോയൽ അവകാശപ്പെട്ടു. ‘പെരുമാറ്റവിനയത്തിൽ മലബാറി ജൂതരാണ് ഏറ്റവും മുന്നിലെന്നു മറ്റുള്ളവർതന്നെ സമ്മതിക്കാറുണ്ട്’ – യോയൽ വിശദീകരിച്ചു.

ഇസ്രയേൽ രൂപീകരിച്ചപ്പോൾ ലോകത്തെമ്പാടും കഷ്ടപ്പെട്ടുകഴിഞ്ഞിരുന്ന ജൂതർക്ക് ഇസ്രയേലിലെത്താൻ ധനികരായ അമേരിക്കൻ ജൂതന്മാരും ബ്രിട്ടിഷ് ജൂതന്മാരും സഹായം നൽകി. നല്ലനിലയിൽ കഴിഞ്ഞിരുന്ന മലബാറികൾക്ക് ആ സഹായം വേണ്ടിയിരുന്നില്ല.

പൈതൃകങ്ങളിൽ പലതും കേരളത്തിൽ ഉപേക്ഷിക്കേണ്ടിവന്നതു സംരക്ഷിക്കണമെന്നു ചിലർക്ക് അഭ്യർഥനയുണ്ട് – പ്രത്യേകിച്ചു പള്ളികളും ശവപ്പറമ്പുകളും. ‘2500 കൊല്ലം കേരളം ഞങ്ങളെ സംരക്ഷിച്ചു. അതുപോലെ ഞങ്ങൾക്കു വിട്ടുപോരേണ്ടിവന്ന ഞങ്ങളുടെ പിതാമഹരുടെ കല്ലറകൾകൂടി സംരക്ഷിക്കണമെന്നു മാത്രമേ അഭ്യർഥനയുള്ളൂ’ – തീർസ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :