കോഴിക്കോട് ചേവരമ്പലം എന്ന സ്ഥലത്ത് നാല് സെന്റിൽ 1500 ചതുരാശ്രയടിയിലാണ് ഈ ബജറ്റ് വീട് നിൽക്കുന്നത്. ബ്ലൂ പേൾ കൺസ്ട്രക്ഷൻസിലെ സജീന്ദ്രൻ കൊമ്മേരിയാണ് രതീഷ്-നീമ ദമ്പതികൾക്കുവേണ്ടി ഈ വീടിന്റെ നിർമാണവും ഡിസൈനും നിർവഹിച്ചത്. ചെറിയ ബജറ്റിൽ പരമാവധി വേഗത്തിൽ പരമാവധി സൗകര്യങ്ങളോടുകൂടിയ വീടാണ് ഉടമസ്ഥൻ ആവശ്യപ്പെട്ടത്. ഒപ്പം സ്വാഭാവിക പ്രകാശവും വായുവും നിറയുന്ന അകത്തളങ്ങളും ഉണ്ടാകണം എന്നതായിരുന്നു ഡിമാൻഡ്. വെറും എട്ടു മാസം കൊണ്ടാണ് വീടുപണി പൂർത്തിയാക്കിയത്.
പണി തുടങ്ങും മുൻപ് കൃത്യമായി ആസൂത്രണം ചെയ്തത് അനാവശ്യ ചെലവുകൾ ഒഴിവാക്കി ബജറ്റ് പാലിക്കാൻ സഹായിച്ചു.
സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മുകൾനിലയുടെ ഇരുവശങ്ങളിലും കോർണർ വിൻഡോകൾ നൽകിയത് കാഴ്ചയിലെ ഭംഗി കൂട്ടുന്നു. എലിവേഷനിൽ പലയിടത്തും ക്ലാഡിങ് ടൈലുകൾ പതിച്ചു. മുൻവശത്ത് ഒരു ഭിത്തിയിൽ ലൈംസ്റ്റോൺ ക്ലാഡിങ് നൽകി ഗ്ലാസ് ബ്രിക്ക് കൊണ്ട് ചെറിയ നിഷുകൾ നൽകിയത് ശ്രദ്ധേയമാണ്. ഈ ഭാഗങ്ങൾ എൽഇഡി ലൈറ്റുകൾ നൽകി ഹൈലൈറ്റ് ചെയ്യുന്നുമുണ്ട്.