ബർമുഡ ട്രയാംഗിളിന്റെ കഥ കേൾക്കാത്തവർ കുറവായിരിക്കും. വിമാനങ്ങളും കപ്പലുകളും ‘താനേ’ അപ്രത്യക്ഷമാകുന്ന ബർമുഡ ട്രയാംഗിൾ പോലെ ദുരൂഹതകൾ ചുഴിയിട്ടു ചുറ്റുന്ന മറ്റൊരു സ്ഥലം കൂടി ഭൂമിയിലുണ്ട് – മാഗ്ദെലിൻ ദ്വീപുകൾ. അധികമാർക്കും പരിചിതമല്ലാത്ത ആ സ്ഥലപ്പേരു കേട്ടാൽ ലോകത്തെ മുഴുവൻ നാവികരും ഞെട്ടിവിറയ്ക്കും. മാഗ്ദെലിൻ എങ്ങനെ നാവികരുടെ ദുസ്വപ്നമായി മാറി? ആ രഹസ്യമറിയും മുൻപ് ഇൗകഥകേൾക്കണം.
∙ അത്ഭുതമോ അസംഭവ്യമോ?
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്താണിതു സംഭവിക്കുന്നത്. കാനഡയ്ക്കു സമീപം ക്യുബെക്കിൽ നിന്നു മരത്തടികളുമായി കപ്പൽ ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. ഇതേസമയം ഒരുപാടുദൂരെ അയർലൻഡിൽ നിന്നു ‘മിറക്കിൾ’ എന്നു പേരുള്ള മറ്റൊരു കപ്പൽ കാനഡയിലേക്കും പുറപ്പട്ടു . പുതിയൊരു ജീവിതം സ്വപ്നം കണ്ടു യാത്ര തിരിച്ച ഒരുപറ്റം അഭയാർഥികളായിരുന്നു അതിൽ. ഗാസ്പേ തുറമുഖത്തു നിന്നു പെറിയിലേക്കുള്ള വേറൊരു കപ്പലും ഇതേ സമയം യാത്ര തിരിച്ചിരുന്നു. പരസ്പരം ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത മൂന്നു കപ്പലുകൾ, വ്യത്യസ്തമായ യാത്രാപഥം. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നു കപ്പലുകളും തകർന്നു. അതും ഒരേ സ്ഥലത്തു തന്നെ! കാനഡയ്ക്കു സമീപത്തെ മാഗ്ദെലിൻ ദ്വീപുകളുടെ അരികിൽ.