ന്യൂജഴ്സി∙ തിരക്കേറിയ റോഡില്‍ യാതൊരു ശ്രദ്ധയും ഇല്ലാതെ മൊബൈലില്‍ സംസാരിച്ചു കൊണ്ടു നടക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ന്യൂജഴ്സിയില്‍ മൊബൈല്‍ സന്ദേശങ്ങള്‍ വായിച്ചുകൊണ്ടു തെരുവിലൂടെ നടന്ന സ്ത്രീ ഒടുവിലെത്തിയത് ആശുപത്രിയില്‍. ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിന്റെ വാതില്‍ തുറന്നുവച്ചിരുന്നത് ശ്രദ്ധിക്കാതെ മൊബൈലില്‍ നോക്കി നടന്ന സ്ത്രീ ആറടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു.
കെട്ടിടത്തിന്റെ അടിയിലുള്ള നിലയില്‍ ഗ്യാസ്ലൈന്‍ നന്നാക്കുന്നതിനു വേണ്ടിയാണ് ബേസ്മെന്റിന്റെ വാതില്‍ തുറന്നുവച്ചത്. മൊബൈലില്‍ നോക്കി നടന്നുവന്ന സ്ത്രീ വാതിലില്‍ തട്ടിമറിഞ്ഞ് താഴത്തെ നിലയിലേക്കു വീഴുകയായിരുന്നു. സമീപത്തു കൂടി നടന്നുവന്ന രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ വീഴുന്നതു കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ അവരെ ആശുപത്രിയിലെത്തിച്ചു.