ഫെയ്സ്ബുക്ക് 2013ൽ നീക്കം ചെയ്ത പോക്ക് (Poke) പുതിയ രൂപത്തിൽ തിരികെ വരുന്നു. പ്രത്യേകിച്ച് ഒരു സന്ദേശമില്ലാതെ ഫെയ്സ്ബുക്കിൽ ആരുടെയെങ്കിലും ശ്രദ്ധയാകർഷിക്കാൻ ഉപയോഗിച്ചിരുന്ന പോക്ക് ഒരു ചൊറിയൻ ഏർപ്പാടാണെന്ന ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഫെയ്സ്ബുക്ക് നീക്കം ചെയ്തത്.
എന്നാൽ, പോയ പോക്കിന്റെ സവിശേഷതകളെല്ലാം ഉൾക്കൊള്ളിച്ച് ഹലോ എന്ന പുതിയ ഐറ്റം ഫെയ്സ്ബുക്ക് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. വാക്കുകളുടെ സഹായമില്ലാതെ ഫെയ്സ്ബുക്കിൽ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുകയാണ് ഹലോയുടെ ലക്ഷ്യം.
യുകെയിലെ ഉപയോക്താക്കൾക്കിടയിലാണ് ഹലോ എത്തിയിരിക്കുന്നത്. പോക്ക് ഒരു തോണ്ടുവിരലായിരുന്നെങ്കിൽ ഹലോ ഒരു കൈവീശലാണ്. വീശി വീശി ഹലോ ഇന്ത്യയിലെത്തുമോ അതോ വേറെ വഴിക്കു പോകുമോ എന്നു കാത്തിരുന്നു കാണാം.