ആർക്കൊക്കെയാണ് എന്നോട് പ്രണയമോ ക്രാഷോ ഉള്ളത്? ഉള്ളവർ കമന്റിടാമോ...? ഫെയ്സ്ബുക്ക് എപ്പോഴും പുതിയ ട്രെൻഡുകളുമായി ഉപഭോക്താക്കളെ മുഴുവൻ സന്തോഷിപ്പിച്ചു മുന്നേറുന്നുണ്ട്. അതിലേറ്റവും പുതിയത് ഒരു അന്വേഷണമാണ്. തങ്ങളോട് ആർക്കെങ്കിലും പ്രണയമോ ക്രഷോ ഉണ്ടെങ്കിൽ അത് പരസ്യമായോ രഹസ്യമായോ പറയാൻ ആവശ്യപ്പെടുന്ന പോസ്റ്റുകൾ കണ്ടപ്പോൾ ആദ്യം ഒരാളുടെ ചിന്തയാകുമെന്നു വിചാരിച്ചെങ്കിലും ചോദ്യങ്ങളുടെ ആവർത്തനത്തിൽ നിന്നും പുതിയ ട്രെൻഡിലേക്കുള്ള സാധ്യതകൾ തുറന്നു കിട്ടുന്നു. ആ ചോദ്യത്തിൽ അപാരമായ ഒരു കൗതുകമുണ്ട്.
ലോകം തുടങ്ങിയ കാലം മുതൽ ഉള്ള ചോദ്യമായിരിക്കാമത്. പുരുഷനും സ്ത്രീയും പരസ്പരം എതിർ ലിംഗത്തിലുള്ളവരോട് തങ്ങളോട് പ്രണയമുണ്ടോ എന്ന ചോദ്യം. ഒരുപക്ഷെ മനുഷ്യനെന്നോ മൃഗങ്ങളെന്നോ പോലും വ്യത്യാസമില്ലാതെ ആവർത്തിക്കപ്പെടുന്ന ഒരുവന്റെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ചോദ്യം. ഒരിക്കലും ഒരാളിൽ തുടങ്ങി ആ ആളിൽ മാത്രമായി ഒടുങ്ങാത്ത ചോദ്യം. വിവാഹിതരെന്നോ അവിവാഹിതരെന്നോ ഇല്ലാതെ തന്നെയാണ് ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നതും. അപാരമായ സ്നേഹത്തിനുള്ള കൊതി തന്നെയാണ് എപ്പോഴും മനുഷ്യനുള്ളത്.
ജനിക്കുമ്പോൾ മുതൽ മനുഷ്യനുണ്ട് ശ്രദ്ധിക്കപ്പെടാനും സ്നേഹിക്കപ്പെടാനുമുള്ള കൊതി. അമ്മയുടെയും അച്ഛന്റെയും ശ്രദ്ധ ഒന്ന് മാറിയെന്നു തോന്നുമ്പോൾ കരഞ്ഞും ചിണുങ്ങിയും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്ന കുഞ്ഞിൽ നിന്നും അതിന്റെ പാഠങ്ങൾ തുടങ്ങിയാൽ വയസ്സാകുമ്പോൾ വൃദ്ധ സദനങ്ങളിൽ സ്നേഹ രാഹിത്യത്താൽ ഒറ്റപ്പെട്ടു എപ്പോഴും ഉള്ളിൽ കരഞ്ഞിരിക്കുന്ന അമ്മമാരിൽ വരെ അത് എത്തി നിൽക്കുന്നുണ്ട്. അപ്പോൾ പിന്നെ ഇടയ്ക്ക് പ്രായമുള്ളവരുടെ കാര്യം പറയാനില്ലല്ലോ.
എത്ര കിട്ടിയാലും മടുക്കാത്തതും മതി വരാത്തതുമായ അപൂർവ്വം ചിലതുകളിൽ ഒന്നായി സ്നേഹം പറയപ്പെടുന്നു. അതിന്റെ തന്നെ മറ്റൊരു ഭാഗമായി അംഗീകാരത്തെയും സൂചിപ്പിക്കാം. എല്ലാവരുടെയും ഉള്ളിലുള്ള അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം അതിന്റെ പൂർണാവസ്ഥയിലാണ് ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ പ്രതിഫലിക്കപ്പെടുന്നത്.