ഗൂഗിള്‍ തങ്ങളുടെ ലണ്ടനിലെ ഓഫീസ് കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. കാലിഫോര്‍ണിയക്ക് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ ഓഫീസാണിത്. ഗൂഗിളിന്റെ ഈ നടപടി അറിഞ്ഞോ അറിയാതെയോ മറ്റൊരു ചര്‍ച്ചക്ക് കൂടി വഴിമരുന്നിട്ടിരിക്കുകയാണ്. ഗൂഗിളിന്റെയോ ആപ്പിളിന്റെയോ ഏതാണ് ലോകത്തെ മികച്ച സൗകര്യങ്ങളുള്ള തൊഴില്സ്ഥലമെന്ന ചര്‍ച്ചക്ക്.
കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ലണ്ടനില്‍ സെന്റ് പാന്‍ക്രാസ് രാജ്യാന്തര റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തായി ഗൂഗിള്‍ കെട്ടിപ്പൊക്കുന്നത്. മുന്നൂറ് മീറ്ററിലേറെ നീളത്തില്‍ പതിനൊന്ന് നിലയുടെ ഉയരത്തിലാണ് കെട്ടിടം നിര്‍മിക്കുക. ആപ്പിളിന്റെ പുതിയ ആസ്ഥാന മന്ദിരമാണ് ഗൂഗിളിന്റെ ലണ്ടന്‍ ആസ്ഥാനത്തോട് മത്സരിക്കാനുള്ളത്. ആപ്പിള്‍ പാര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടിടവും സൗകര്യത്തിലും ആകാരത്തിലും ഒട്ടും പിറകിലല്ല.
28 ലക്ഷം ചതുരശ്ര അടിയില്‍ വൃത്താകൃതിയിലാണ് ആപ്പിള്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. 3.8 ബില്യണ്‍ പൗണ്ട് ചെലവ് കണക്കാക്കുന്ന ആപ്പിള്‍ പാര്‍ക്ക് ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഒരു മൈല്‍ വ്യാസത്തില്‍ നാല് നിലകളിലായുള്ള ആപ്പിള്‍ പാര്‍ക്കില്‍ 12,000 ജീവനക്കാരുണ്ടാകും.
ആപ്പിള്‍ പാര്‍ക്കിനെ അപേക്ഷിച്ച് വലിപ്പത്തില്‍ ചെറുതാണ് ഗൂഗിളിന്റെ ലണ്ടന്‍ ആസ്ഥാനം. 8.7 ലക്ഷം ചതുരശ്ര അടിയില്‍ ഒരു ബില്യണ്‍ പൗണ്ട് ചിലവിട്ടാണ് ഗൂഗിളിന്റെ നിര്‍മാണം. 330 മീറ്ററില്‍ പതിനൊന്ന് നിലകളുടെ ഉയരമുണ്ടെങ്കിലും ഏഴ് നിലകള്‍ മാത്രമായിരിക്കും ഈ കെട്ടിടത്തിനുണ്ടാവുക. ഏഴായിരം ജീവനക്കാര്‍ക്കു വേണ്ടിയാണ് ഗൂഗിള്‍ ഈ ഓഫീസ് നിര്‍മിക്കുന്നത്.