എത്ര മുന്തിയ ഇനം കാറുമായിക്കൊള്ളട്ടെ 15 വർഷത്തെ കാലപരിധി കഴിഞ്ഞാൽ റോഡിലിറങ്ങേണ്ടെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി. 1996ൽ വാങ്ങിയ തന്റെ റോൾസ് റോയ്സ് കാറിനു റജിസ്ട്രേഷൻ പുതുക്കി നൽകണമെന്നാവശ്യപ്പെട്ടു വ്യവസായി അശോക് കുമാർ ജെയിൻ സമർപ്പിച്ച ഹർജിയിലാണ് എൻജിടിയുടെ വിധി. 15 വർഷത്തിനു മുകളിൽ കാലപ്പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരത്തിലിറക്കരുതെന്നു എൻജിടിയുടെ വിധിയുണ്ട്.
ഇതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതുമാണ്. അതിനാൽ പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്നു ജസ്റ്റിസ് ജാവേദ് റഹിം അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1996ൽ വാങ്ങിയ റോൾസ് റോയ്സ് കാർ ഇന്നത്തെ കണക്കിന് ഒരുകോടിയിലേറെ വിലയുള്ളതാണെന്നും കാറിന്റെ യന്ത്രഭാഗങ്ങൾ അപ്ഗ്രേഡ് ചെയ്തു നൽകാമെന്നു കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും കാട്ടിയാണു അശോക് കുമാർ കോടതിയെ സമീപിച്ചത്. യൂറോ നാല് എൻജിനാക്കി നൽകാമെന്നു കമ്പനി അറിയിച്ചിട്ടുണ്ടെന്നും അതിനാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ പുതുക്കി നൽകണമെന്നുമായിരുന്നു ആവശ്യം.