പൂർണ്ണമായും ഡിജിറ്റലിലേക്ക് നീങ്ങുന്ന ഇന്ത്യയിൽ ഇങ്ങനെയും ചിലകാഴ്ചകൾ. മൊബൈൽ സിഗ്നൽ ലഭിക്കാൻ മരത്തിൽ കയറുന്ന മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. രാജസ്ഥാനിലെ ധനകാര്യ മന്ത്രി അർജ്ജുൻ റാം മേഘ്വാളാണ് സിഗ്നൽ ലഭിക്കാൻ മരത്തിൽ കയറിയത്.
രാജസ്ഥാനിൽ ബിക്കാനിർ ഗ്രാമം സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ഗ്രാമവാസികൾ അവിടുത്തെ ആശുപത്രിയുടെ ശോചനിയാവസ്ഥയെക്കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടു. ഇതേതുടർന്ന് മന്ത്രി ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഗ്രാമത്തിൽ സിഗ്നൽ കിട്ടില്ലെന്നും മികച്ച സിഗ്നൽ കിട്ടാൻ മരത്തിൽ കയറിയാൽ മതിയെന്നും ഗ്രാമവാസികൾ അഭിപ്രായപ്പെട്ടു. ഇതേ തുടർന്ന് അറുപത്തിരണ്ടുകാരനായ മന്ത്രി ഏണി ഉപയോഗിച്ച് ഉയരത്തിൽ കയറി നിന്ന് ഉദ്യോഗസ്ഥരോട് ഗ്രാമത്തിലെ ആശുപത്രിയുടെ അവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചു. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ആശുപത്രിസൗകര്യം മെച്ചപ്പെടുത്താമെന്ന് ഉറപ്പുനൽകിയതോടൊപ്പം ഗ്രാമത്തിൽ മികച്ച മൊബൈൽ സിഗ്നൽ ലഭിക്കാൻ 13 ലക്ഷം രൂപമുടക്കി മൂന്നുമാസത്തിനുള്ളിൽ ടവർ നിർമിക്കുമെന്നും മന്ത്രി വാക്കു നൽകിയാണ് മടങ്ങിയത്.