റമേസ് അണ്ടര്‍ഗ്രൗണ്ട് എന്ന അറബിക് റിയാലിറ്റി ഷോയ്ക്കിടെ കോപാകുലനായ ഷാരൂഖ് ഖാന് അവതാരകനെ നിലത്തു മറിച്ചിട്ടു കാലില്‍ പിടിച്ച് വലിച്ചിഴച്ച് ഇടിക്കാന്‍ ശ്രമിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുബായിലെ സ്വകാര്യചാനലിലെ റിയാലിറ്റി ഷോക്കിടെയാണ് താരത്തിന്റെ നിയന്ത്രണം വിട്ടത്.
ഷാരൂഖ് ഖാന് ഒരു പെണ്‍കുട്ടിക്കൊപ്പം ഡെസേര്‍ട്ട് ജീപ്പില്‍ പോകുന്നതിനിടെ നിയന്ത്രണം തെറ്റി ജീപ്പ് മറിഞ്ഞ് മണല്‍കുഴിയില്‍ വീഴുന്ന രംഗങ്ങള്‍ വീഡിയോയിലുണ്ട്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വലിയ ഒരു ഭീമന് പല്ലി അവരെ ആക്രമിക്കാനെത്തും. പേടിച്ച് അലറിവിളിക്കുന്ന പെണ്‍കുട്ടിയെ ഷാരൂഖ് ആശ്വസിപ്പിക്കുന്നത് കാണാം. ഒടുവിലാണ് ഭീമന് പല്ലിയുടെ രൂപത്തില്‍ എത്തിയത് റമേസ് ഗലാല്‍ എന്ന അവതാരകനാണെന്നു വ്യക്തമാകുന്നത്. ഈ ഘട്ടത്തിലാണ് ഷാരൂഖിന്റെ പിടിവിട്ടത്.
കുഴിയില്‍നിന്നു കയറി വന്ന ഷാരൂഖ് പൊട്ടിത്തെറിച്ചു. ഷാരൂഖിന്റെ ദേഷ്യം തമാശയാണെന്ന് കരുതിയവര്‍ക്കും തെറ്റി. ക്ഷമ ചോദിച്ച് അടുത്തെത്തിയ അവതാരകനെ നിലത്തു മറിച്ചിട്ട് ഇടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നിലത്തുകൂടി കാലില്പിടിച്ചു വലിച്ചിഴച്ച് ഏറെ ദൂരം കൊണ്ടുപോയി.
ഏറെ പണിപ്പെട്ടാണ് പിന്നീട് താരത്തെ അനുനയിപ്പിച്ചത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ രണ്ടു കോടി രൂപയാണ് ഷാരൂഖിനു നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. പരിപാടിക്ക് ശേഷം അവതാരകന് ഷാരൂഖിനെ നേരിട്ട് കാണുകയും ക്ഷമ പറയുകയും ചെയ്തു. ഇതിന്റെ വീഡിയോയും അവതാരകന് ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.