ഒരു പാമ്പിനെ മറ്റൊരു പാമ്പ് ഇരയാക്കുന്നത് സാധാരണമാണ്. നിരവധി പാമ്പുകൾ മറ്റു പാമ്പുകളെ ഭക്ഷണമാക്കാറുമുണ്ട്. എന്നാണ് ടെക്സാസിൽ ക്രിസ്റ്റഫര്‍ റൈനോള്‍ഡ് എന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വിഴുങ്ങിയ ഇരയെ പാമ്പ് ഛര്‍ദ്ദിക്കുന്നതു പുതിയ കാര്യമല്ലെങ്കിലും ഛര്‍ദ്ദിച്ച ഇരയ്ക്ക് ജീവനുണ്ടായിരുന്നുവെന്നതാണ് ഈ ദൃശ്യത്തിലെ കൗതുകം.
രാജവെമ്പാല ഉള്‍പ്പടെ പല പാമ്പുകളും സ്വന്തം കൂട്ടരെ തന്നെ പിടിച്ചുതിന്നു വിശപ്പടക്കുന്നവരാണ്. എന്നാൽ പാമ്പുകളെ ഇരയാക്കിയാല് മറ്റ് പാമ്പുകള്‍ ആദ്യം ചെയ്യുക അവയെ കൊല്ലുകയെന്നതാണ്. കൊന്ന ശേഷം മാത്രമെ ഇവ മറ്റുള്ള പാമ്പുകളെ ഭക്ഷണമാക്കാറുള്ളൂ. അതുകൊണ്ടു തന്നെയാണ് ഇരയായ പാമ്പ് ജീവനോടെയിരിക്കുന്ന ഈ വീഡിയോ കൗതുകമുണര്‍ത്തുന്നതും.
രണ്ട് കാര്യങ്ങളാകാം വിഴുങ്ങിയ ഇരയെ പുറത്തേക്കു വിടാന്‍ പാമ്പിനെ പ്രേരിപ്പിച്ചിരിക്കുക.ദൃശ്യം പകര്‍ത്താനെത്തിയ ആളുടെ സാന്നിധ്യമായിരിക്കാം പാമ്പിനെ അസ്വസ്ഥനാക്കിയതെന്നാണ് ഒരു നിഗമനം. ഇതോടെ അപകടം ഭയന്ന പാമ്പ് വേഗത്തില്‍ രക്ഷപ്പെടാനായി വിഴുങ്ങിയ പാമ്പിനെ പുറത്തേക്കു കളഞ്ഞതാകാം. അല്ലെങ്കില്‍ കൊല്ലാതെ വിഴുങ്ങിയ പാമ്പ് വേട്ടക്കാരനായ പാമ്പിന്റെ ശരീരത്തിനുള്ളിൽ അസ്വസ്ഥതകള്‍ സൃഷ്ടിച്ചപ്പോൾ പുറംതള്ളിയതാകാമെന്നാണ് മറ്റൊരു നിഗമനം. സംഭവം കഴിഞ്ഞ് അല്‍പ്പ സമയത്തിനകം ഇരയായ പാമ്പും സ്വന്തം കാര്യം നോക്കി ഇഴഞ്ഞ് പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ട് പാമ്പും വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ പെട്ടതാണ്. എന്നാല്‍ ഏത് വിഭാഗത്തില്‍ പെട്ടവയാണെന്നു വ്യക്തമല്ല.