റയില്വേട്രാക്കിനും മരണത്തിനുമിടയിൽനിന്നും ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ ജീവിതം തിരിച്ചുപിടിച്ച് ഒരു പെൺകുട്ടി. മുബൈ കുർള റയിൽവേ സ്റ്റേഷനില്‍ നടന്ന അപകടത്തിന്റെയും, അത്ഭുതകരമായ രക്ഷപെടലിന്റെയും ദൃശ്യങ്ങളാണ് ഇനി.
മുംബൈ കുർള റയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒരു പെൺകുട്ടി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ട്രാക്ക് മുറിച്ചുകടക്കുന്നു. താൻ നടക്കുന്ന ട്രാക്കിലൂടെ ഗുഡ്സ് ട്രെയിൻ വരുന്നുവെന്ന അറിയിപ്പൊന്നും കേൾക്കാതെ ഇയർഫോണും ചെവിയിൽ തിരുകിയുള്ള നടപ്പ്. അപകടംമുന്നിൽകണ്ട് പ്ലാറ്റ്ഫോമിലുണ്ടായിരുന്നവർ ഉച്ചത്തിൽ നിലവിളിച്ചു. ആളുകളുടെ ബഹളംകേട്ട് പെൺകുട്ടിയോടിയത് ട്രെയിൻവരുന്ന ദിക്കിലേക്ക് തന്നെ. നിമിഷങ്ങൾക്കകം എല്ലാം സംഭവിച്ചു.
കുട്ടിയെ ഇടിച്ചിട്ട വിവരം അറിഞ്ഞ ലോക്കോപൈലറ്റ് ട്രെയിൻ പൊടുന്നനെ ബ്രേക്ക്ചെയ്തു. പക്ഷെ അതിശയപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. ട്രെയിനിന് അടിയിൽപെട്ട പെൺകുട്ടി ശരീരത്തിലെ പൊടിയുംതട്ടി പതിയെ എഴുന്നേറ്റുവരുന്നു. മരണംമണത്ത പാളത്തിൽനിന്നും അതിശയിപ്പിക്കുംവിധമുള്ള തിരിച്ചുവരവ്. ഇനി ഈ പുനർജൻമത്തിനുടമയായ പെൺകുട്ടിയുടെ പേര് പറയാം- പ്രതീക്ഷ.