ശബരീനാഥ് എംഎൽഎയെ വിവാഹം കഴിച്ചു ദാമ്പത്യ ജീവിതത്തിലേക്കു കടക്കാൻ പോകുന്ന തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യർ ഐഎഎസ് വീണ്ടും വാർത്തകളിൽനിറയുന്നു. ലോക വിശപ്പു ദിനമായിരുന്ന മെയ് 28ന് തിരുവനന്തപുരം ജില്ലയിലെ അനാഥരായ ഒരു കൂട്ടം ആളുകൾക്കൊപ്പം സദ്യ കഴിച്ചും അവർക്കു തന്റെ കല്ല്യാണ ക്ഷണക്കത്തിന്റെ ആദ്യ പ്രതി നൽകിയുമാണ് ദിവ്യ തന്റെ ജീവിതത്തിന്റെ രണ്ടാം പാതിക്കു തുടക്കമിട്ടത്.
വിശപ്പിനു മുന്നില്‍ നാം എല്ലാവരും ഒന്നാണെന്ന പ്രപഞ്ച സത്യം പകർന്നു കൊണ്ട് ട്രിവാൻഡ്രം ഹോട്ടലിൽ തെരുവിൽ ഒറ്റപ്പെട്ട മനുഷ്യരോടൊപ്പം ദിവ്യ ഊണു കഴിച്ചു. അതിനു ശേഷമാണ് അവരിൽ നിന്നും അനുഗ്രഹം ഏറ്റു വാങ്ങി വിവാഹക്കത്തു നൽകിയത്. ജ്വാല ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷണം ഒരുക്കിയത്.