ഐപിഎല്‍ എന്ന 'മണി ഗെയിം'; വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുക ഇതാ

IPL Trophy 2705
SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടാനിരിക്കെ ആരാകും ഇത്തവണ വിജയ കിരീടം ചൂടുന്നത് എന്ന ആകാംക്ഷയിലാണ് കായിക ലോകം. എന്നാല്‍ ഐപിഎല്ലില്‍ വിജയ കിരീടം ചൂടുന്നവര്‍ക്ക് ലഭിക്കുന്നത് എന്താണ്? ആ സമ്മാനത്തുകയെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്; ആ സമ്മാനത്തുക ഇതാ...

2008 ലാണ് ഐപിഎല്ലിന്‍റെ ആരംഭം. രാജസ്ഥാന്‍ റോയല്‍സായിരുന്നു അന്ന് ഐപിഎല്ലില്‍ പ്രഥമ കിരീടം ചൂടുന്നത്. ആദ്യത്തെ സീസണില്‍ വിജയികളായ രാജസ്ഥാന്‍ റോയല്‍സിന് 4.8 കോടി രൂപയാണ് അന്ന് സമ്മാനത്തുകയായി ലഭിച്ചത്. അതേസമയം 2008 ലും 2009 ലും റണ്ണറപ്പിന് 2.4 കോടി രൂപ ലഭിച്ചത്. അക്കാലത്ത് ഒരു ക്രിക്കറ്റ് മത്സരത്തില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായിരുന്നു അത്. പിന്നീട് 2010 മുതൽ 2013 വരെ ഐപിഎല്ലിന്‍റെ സമ്മാനത്തുകയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. വിജയികൾക്ക് 10 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് 5 കോടി രൂപയുമാണ് ഈ കാലയളവില്‍ ലഭിച്ചത്. 2014,2015 സീസണുകളിലും ഐ‌പി‌എൽ സമ്മാനത്തുക വര്‍ധിപ്പിക്കുകയുണ്ടായി. 2016 മുതൽ 2019 വരെ സമ്മാനത്തുക വിജയിക്ക് 20 കോടി രൂപയായും റണ്ണറപ്പിന് 11 കോടി രൂപയായും തുടര്‍ന്നു പോന്നു. എന്നാല്‍ 2020-ൽ ചെലവ് ചുരുക്കൽ നടപടിയെന്ന നിലയിൽ സമ്മാനത്തുക പകുതിയായി കുറയ്ക്കാൻ ബോർഡ് നിർദ്ദേശിച്ചിരുന്നെങ്കിലും സമ്മാനത്തുക 20 കോടി രൂപയായി തന്നെ പുനഃസ്ഥാപിക്കപ്പെട്ടു.

എന്നാല്‍ 15 വര്‍ഷത്തിനിപ്പുറം ഐപിഎല്ലില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകുകയും ഐപിഎല്ലിന്‍റെ സമ്മാനത്തുക പല മടങ്ങ് വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചത് 20 കോടിയും റണ്ണറപ്പായ രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത് 13 കോടി രൂപയുമായിരുന്നു.‌ ഇത്തവണ ഐപിഎല്‍ വിജയികളെ കാത്തിരിക്കുന്ന ആകെ സമ്മാനത്തുക 46.5 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ള ടീമിന് 7 കോടി രൂപയും നാലാമത്തെ ടീമിന് 6.5 കോടി രൂപയുമാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് കാപ് നേടുന്ന കളിക്കാരനും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി പര്‍പിള്‍ ക്യാപ് നേടുന്ന കളിക്കാരനും 15 ലക്ഷം രൂപയും ലഭിക്കും. 

അതേസമയം എമേർജിംഗ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 20 ലക്ഷം രൂപയും ഏറ്റവും മൂല്യമുള്ള കളിക്കാരന് 12 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. പവർ പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ, ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ എന്നിവര്‍ക്ക് 15 ലക്ഷം രൂപയും 12 ലക്ഷം രൂപയുമാണ് ലഭിക്കുക. കൂടാതെ ഇത്തവണ പ്ലെയർ ഓഫ് ദി മാച്ചിനൊപ്പം ഓരോ ലീഗ് ഗെയിമിനും ആറ് ആഡ്-ഓൺ അവാർഡുകളുണ്ട്, ഓരോന്നിനും ഒരു ലക്ഷം രൂപ വീതം സമ്മാനവും ലഭിക്കും. വരും സീസണുകളിലാകട്ടെ ഈ സമ്മാനത്തുക ഇനിയും വർധിപ്പിക്കാൻ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

IPL 2023 prize money

MORE IN SPORTS
SHOW MORE