യാഥാർഥ്യബോധത്തോടെ ജയത്തെ വിലയിരുത്തണം; അമിതാഹ്ലാദം വേണ്ട: ദ്രാവിഡ്

Bengaluru: India A team coach Rahul Dravid during a practice session ahead of a four-day matches against South Africa A at M Chinnaswamy stadium, in Bengaluru, on  Aug 3, 2018 (Photo: IANS)
SHARE

ന്യൂസീലന്‍ഡിനെതിരെ സമ്പൂര്‍ണ പരമ്പര ജയം നേടിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ വേണം അതിനെ വിലയിരുത്താനെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ്. യുവതാരങ്ങളുടെ പ്രകടത്തില്‍ തൃപ്തിയുണ്ട്. കളിക്കാര്‍ക്ക് വിശ്രമവും മാറിമാറി ഇറക്കലും തുടരുമെന്ന് ദ്രാവിഡ് പറ​​ഞ്ഞു. രാഹുല്‍ ദ്രാവിഡിന്റെ ശൈലി രവി ശാസ്ത്രിയുടേതില്‍ നിന്ന് മികച്ചതാണെന്ന  ഗൗതം ഗംഭീറിന്റെ അഭിപ്രായം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. 

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നുമല്‍സരങ്ങളും ജയിച്ചതില്‍ സന്തോഷമുണ്ടെങ്കിലും നമ്മള്‍ കാലുനിലത്ത്  ഉറപ്പിച്ചുനിര്‍ത്തണമെന്നും കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ കാണണമെന്നും രാഹുല്‍ ദ്രാവി‍ഡ് പറഞ്ഞു. ട്വന്റി 20ലോകകപ്പിലെ ഫൈനലിനുശേഷം മൂന്നുദിവസത്തിനകം ന്യൂസീലന്‍ഡിന് ഒരു പരമ്പര കളിക്കേണ്ടിവന്നു, ആവശ്യത്തിന് വിശ്രമം അവര്‍ക്ക് ലഭിക്കാതിരുന്നത് അവരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തുവേണം ഈ പരമ്പരജയം ആഘോഷിക്കാെനന്ന് ദ്രാവിഡ് പറഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കുള്ള കളിക്കാര്‍ രാത്രിതന്നെ പുറപ്പെടാന്‍ തയാറെടുക്കണമെന്നും മറ്റുള്ളവര്‍ക്ക് രാത്രി ആഘോഷത്തില്‍ പങ്കുചേരാമെന്നും ദ്രാവിഡ് പറയുമ്പോള്‍ മുഖ്യപരിശീലകന്‍ എങ്ങനെയായിരിക്കണമെന്ന് വ്യക്തം. ദ്രാവിഡിന്റെ ഈ വാക്കുകളെയാണ് ഗൗതം ഗംഭീര്‍ രവി ശാസ്ത്രിയുമായി താരതമ്യത്തിന് എടുത്തത്. ഓസ്ട്രേലിയയില്‍ പരമ്പര നേടിയ ശേഷം ശാസ്ത്രി പറഞ്ഞത് , വലിയ വിജയം 1983ലെ ലോകകപ്പ് ജയത്തേക്കാളും മികച്ചത് എന്നാണ്, എന്നാല്‍ ദ്രാവിഡിന്റെ പ്രതികരണങ്ങളില്‍ പക്വതയും യാഥാര്‍ഥ്യബോധവും കാണാമെന്ന് ഗംഭീര്‍ പറഞ്ഞു. യുവതാരങ്ങളുടെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിച്ച ദ്രാവിഡ് ലോകകപ്പിന് മുമ്പായി ഒട്ടേറെ മല്‍സരങ്ങള്‍ ഉള്ളതിനാല്‍ കളിക്കാര്‍ക്ക് വിശ്രമവും മാറിമാറി ഇറക്കലും ഭംഗിയായി നിര്‍വഹിക്കുമെന്നും പറഞ്ഞു. ദ്രാവിഡ് കോച്ചായും രോഹിത് ശര്‍മ ക്യാപ്റ്റനായും ചുമതലയേറ്റ പരമ്പരയില്‍ യുവതാരങ്ങളുടെ പ്രകടനം നിര്‍ണായകമായി. തന്റെ ബാറ്റിങ് ഫോമിനെ വിമര്‍ശിച്ചവര്‍ക്ക് മാന്‍ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയാണ് രോഹിത് മറുപടി നല്‍കിയത്. ട്വന്റി 20 ലോകകപ്പിെല പതിനഞ്ചംഗ ടീമിലേക്ക് പരിഗണിക്കാതിരിരുന്ന അക്സര്‍ പട്ടേല്‍ മൂന്ന് മല്‍സരത്തില്‍ നിന്ന് ഏഴുവിക്കറ്റെടുത്തു, അവസാന മല്‍സരത്തില്‍ മൂന്നുവിക്കറ്റെടുത്ത് മാന്‍ ഓഫ് ദ് മാച്ചുമായി. പേസ് ബോള്‍ ഓള്‍റൗണ്ടര്‍ക്കായുള്ള കാത്തിരിപ്പിന് ഹര്‍ഷല്‍ പട്ടേലും ദീപക് ചഹറും ഉത്തരം നല്‍കി. എന്നാല്‍ ഇരുവരുടെയും ബാറ്റിങ് കുറച്ചുകൂടി മികവിലെത്താനുണ്ട്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് 36റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും നിരാശപ്പെടുത്തിയില്ല.  

MORE IN SPORTS
SHOW MORE