നെയ്മറുടെ കരച്ചിലിൽ വേദനിച്ച് സതീശൻ; എത്ര സുന്ദരമീ കിരീടമെന്ന് മുഖ്യമന്ത്രി

neymar-messi-cm-satheedshan
SHARE

അര്‍ജന്റീന–ബ്രസീല്‍ മല്‍സരം ആവേശത്തോടെയാണ് രാഷ്ട്രീയ– സിനിമാരംഗത്തെ പ്രമുഖര്‍ സ്വീകരിച്ചത്. കോപ്പയില്‍ ജയിച്ചത് ഫുട്ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവുമാണെന്ന് മുഖ്യമന്ത്രി. നെയ്മറുടെ കരച്ചിലാണ് ബ്രസീല്‍ ആരാധകനായ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ വേദനിപ്പിച്ചത്.

അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും  എത്രമാത്രം സുന്ദരം എന്നും മുഖ്യമന്ത്രി.  എന്റെ ടീം ബ്രസീല്‍ തോറ്റും എന്നാലും നല്ലമല്‍സരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ കുറിപ്പ്. മെസിക്ക് ഇത് നല്ലൊരു തിരിച്ചുവരവാണ്. എങ്കിലും നെയ്മറുടെ കരച്ചില്‍ മനസില്‍ ഒരുവിങ്ങലായി നില്‍ക്കുന്നുവെന്നും സതീശന്‍. അര്‍ജന്റീന ജയിച്ചതിനെക്കാള്‍ മെസി കപ്പ് എടുത്ത സന്തോഷത്തിലാണ് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍

ആക്രമണങ്ങള്‍ നിരവധി നടത്തിയെങ്കിലും ബ്രസീലിന് ഗോള്‍ വല ചലിപ്പിക്കാനാകാത്തതിന്റെ  നിരാശയിലാണ് മന്ത്രി വി. ശിവന്‍കുട്ടി. മണിയാശാനും അര്‍ജന്റീന ഫാന്‍സിനും ആശംസകള്‍ നേരാന്‍ അദ്ദേഹം മറന്നില്ല. അണ്ണനോട് കാവിലെ പാട്ട് മല്‍സരത്തില്‍ കാണാന്ന് ആശാന്‍ പറഞ്ഞൂന്ന് പറ എന്ന് എം.എം മണി തിരിച്ചടിച്ചു. മന്ത്രി മുഹമ്മദ് റിയാസ് കളി ആസ്വദിക്കുന്ന ചിത്രം ഫെയ്സ് ബുക്കിലിട്ടു. ലാറ്റിനമേരിക്കന്‍ കാല്‍പ്പന്തുകളിലുടെ സൗന്ദര്യം ആദ്യാവസാനം നിലനിന്ന മല്‍സരമാണ് കണ്ടതെന്ന് രമേശ് ചെന്നിത്തല. പി.കെ. ബഷീറിന് മെസി കപ്പ് നേടിയതിലാണ് സന്തോഷം

നീലവാനച്ചോലയില്‍ എന്ന കുറിപ്പോടെ മെസിയെ സഹകളിക്കാര്‍ എടുത്തുയര്‍ത്തുന്ന ചിത്രം നടി മഞ്ജുവാരിയര്‍ പോസ്റ്റുചെയ്തപ്പോള്‍  കാത്തിരിപ്പ് അവസാനിച്ചുവെന്ന് നിവിന്‍ പോളി. ലയണ്‍ അര്‍ജന്റീന മെസി എന്ന കുറിച്ച  കുഞ്ചാക്കോ ബോബന്‍ ഏയ്ഞ്ജല്‍ ഡി. മരിയെമാലാഖയെന്ന് വിശേഷിപ്പിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...