കപ്പെടുത്ത് കലിപ്പടക്കി മടങ്ങുമോ മെസി?; ലോകം കാത്തിരിക്കുന്ന മണിക്കൂറുകൾ..

messi-football
SHARE

ലോകകപ്പ് ട്രോഫിക്കരികിലൂടെ, കോപ അമേരിക്ക ട്രോഫിക്ക് അരികിലൂടെ 2014ലും 2015ലും 2016ലും ഫുട്ബോള്‍ ലോകം കണ്ടു, കണ്ണീരണിഞ്ഞു. ഇത്തവണ വീണ്ടും ഒരു കിരീടപ്പോരിന് അര്‍ജന്റീനയും മെസിയും ഇറങ്ങുമ്പോള്‍ ആ ദൃശ്യം വീണ്ടും കാണുവാന്‍ മെസി വിരോധികള്‍പോലും അതിയായി ആഗ്രഹിക്കുന്നുണ്ടാവില്ല. ബാർസിലോനയുടെ ജഴ്സിയിൽ വെട്ടിപ്പിടിച്ച കിരീടങ്ങളെല്ലാം അര്‍ജന്റീനയുടെ കുപ്പായത്തിലേക്ക് മാറുമ്പോള്‍ മെസിക്ക് വലിയ ഭാരമായി മാറുന്നു. 34ാം വയസില്‍ ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തില്‍  ആതിഥേയര്‍ക്കെതിരെ ഇറങ്ങുമ്പോള്‍ മെസിക്ക് ചരിത്രം മാറ്റിയെഴുതേണ്ടതുണ്ട്. ആരാധകര്‍ കാത്തിരുന്ന സ്വപ്ന ഫൈനലിന് ഇനി മണിക്കൂറുകളുടെ ദൂരം.

മെസിയും രാജ്യാന്തര ടൂര്‍ണമെന്റ് ഫൈനലുകളും

2014ലെ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ അര്‍ജന്റീന ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ ഫുട്ബോള്‍ ലോകത്തിലെ ഏറെപ്പേരും മെസിയുടെ കയ്യില്‍ കപ്പുകിട്ടുവാന്‍ മനംമുരുകി പ്രാര്‍ഥിച്ചു. എന്നാല്‍ ജര്‍മനിയുടെ കണിശതയുള്ള ശാസ്ത്രീയ ഫുട്ബോളിന് മുന്നില്‍ അര്‍ജന്റീന വീണു. പിന്നാലെ 2015ലെ കോപ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ മെസിയും അര്‍ജന്റീനയും കിരീടത്തിനായി ഇറങ്ങി. എന്നാല്‍ ചിലെയുടെ പ്രതിരോധത്തിനും സമഗ്രതയ്ക്കും മുന്നില്‍ മുട്ടുമടക്കി. തൊട്ടടുത്തവര്‍ഷം ഇതേ എതിരാളികളുമായി വീണ്ടുമൊരു ഏറ്റുമുട്ടല്‍. ഇത്തവണ പകരം വീട്ടുമെന്ന് കരുതി. എന്നാല്‍ 2015തന്നെ 2016ലും ആവര്‍ത്തിച്ചു. ഇതിനെല്ലാം മുമ്പ് 2007ല്‍ ബ്രസീലിനെതിരെ അര്‍ജന്റീന ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ ആ കോപ അമേരിക്ക കിരീടം ബ്രസീല്‍ സ്വന്തമാക്കി. ഈ ഫൈനലുകളില്‍ ഒന്നില്‍പോലും മെസിക്ക് ഗോള്‍ നേടാനായില്ലെന്നത് ശ്രദ്ധേയമാണ്. ബാർസിലോനയുടെ ജഴ്സിയിൽ മെസി സമാനതകളില്ലാത്ത കിരീടനേട്ടങ്ങൾ വെട്ടിപ്പിടിച്ചു. 17 ഫൈനലുകളില്‍ 13ലും ജയം നേടി. പതിമൂന്ന് ഫൈനലുകളിലും മെസി ഗോളുമടിച്ചു.   

ബ്രസീലിനെ മറികടക്കുമോ?

തോല്‍വി അറിയാതെ 19മല്‍സരങ്ങള്‍, അര്‍ജന്റീനയുടെ ആത്മവിശ്വാസം അതാണ്. ബ്രസീല്‍ ആകട്ടെ തോല്‍വി അറിയാതെ 13മല്‍സരങ്ങള്‍ കളിച്ചാണ് ഫൈനലില്‍ എത്തുന്നത്. ടീമെന്ന നിലയില്‍ അര്‍ജന്റീനയെക്കാള്‍ മികവോടെ കളിക്കുന്ന ടീമാണ് ബ്രസീല്‍. പ്രരോധമാണ് ബ്രസീലിന്റെ കരുത്ത്. 12മല്‍സരത്തില്‍ നിന്ന് വഴങ്ങിയത് നാലുഗോള്‍ മാത്രമാണ്. അര്‍ജന്റീനയുടെ കരുത്ത് മധ്യനിരയാണ്. മധ്യനിരയില്‍ നിന്നെത്തുന്ന പാസുകളാണ് അവരുടെ ശക്തി. അതിനാല്‍ ആ പാസുകള്‍ മുറിക്കാനും പൊട്ടിക്കാനുമായി ബ്രസീല്‍ 4–4–2ശൈലിയില്‍ മൈതാനത്ത് ചിറക് വിരിക്കും. നാലുഗോളടിച്ച മെസിയെയും മൂന്നുഗോളടിച്ച മാര്‍ട്ടിനെസിനെയും രണ്ടുഗോളടിച്ച ഗോമസിനെയും പൂട്ടിയിടാന്‍ ബ്രസീല്‍ പാടുപെടും. കളിക്കുന്നത് ടീമുകള്‍ തമ്മിലാണെങ്കിലും ആരാധകര്‍ അതിനെ മെസി–നെയമര്‍ പോരിലേക്ക് ചുരുക്കിയിരിക്കുകയാണ്. നാല് ഗോളടിച്ചുംഅഞ്ചുഗോള്‍ അടിപ്പിച്ചും മെസില്‍ നെയ്മറിനെക്കാള്‍ മുന്നിലാണ്. രണ്ടുഗോള്‍ അടിച്ചും മൂന്നുഗോളിന് വഴിയൊരുക്കിയും നെയ്മറും നില്‍ക്കുന്നു. മാറക്കാനയില്‍ ആരുടെ മികവായിരിക്കും കൂടുതല്‍ തിളങ്ങുക എന്ന ആകാംഷയിലാണ് ഫുട്ബോള്‍ ലോകം.

MORE IN SPORTS
SHOW MORE
Loading...
Loading...