ഇംഗ്ലണ്ട് പരമ്പര: ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ഹാർദിക്കും ഇശാന്തും ടീമിൽ

rahane-rohit-02
SHARE

ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ഇന്ത്യയെ നയിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍ ഇശാന്ത് ശര്‍മയും ടീമില്‍ തിരിച്ചെത്തി. വിരാട് കോലിയുെട നേതൃത്വത്തിലുള്ള പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ സ്റ്റാന്റ് ബൈകളായി നാലു പേരെയും നെറ്റ് ബോളർമാരായി വേറെ അഞ്ച് പേരെയും ടീമിനൊപ്പം ചേർത്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ടി. നടരാജൻ, നവ്ദീപ് സെയ്നി എന്നിവർ ഇത്തവണ ടീമിലില്ല. ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയതോടെയാണിത്. അതേസമയം, സ്പിന്നർ അക്സർ പട്ടേലിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി ലഭിച്ചു. 

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ, ഓസ്ട്രേലിയയിൽ ഇന്ത്യയെ നയിച്ച അജിൻക്യ രഹാനെ ഉപനായക സ്ഥാനത്തേക്ക് മാറും. നിലവിൽ തമിഴ്നാടിനു കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയരെ നെറ്റ് ബോളറായി ടീമിനൊപ്പം ചേർത്തിട്ടുണ്ട്. ആന്ധ്രപ്രദേശ് താരം കെ.എസ്. ഭരതിനെ സാന്റ് ബൈ കീപ്പറായി തിരഞ്ഞെടുത്തതും ശ്രദ്ധേയം.

ഓസീസ് പര്യടനത്തിനിടെ ടീമിനൊപ്പം ചേർന്ന രോഹിത് ശർമ ടീമിൽ സ്ഥാനം നിലനിർത്തി. ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ എന്നിവരും ഓപ്പണർമാരായി ടീമിൽ ഇടംപിടിച്ചപ്പോൾ, പൃഥ്വി ഷാ പുറത്തായി. മധ്യനിരയിൽ കാര്യമായ അഴിച്ചുപണികളില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയം. ഓസീസ് പര്യടനത്തിനിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കെ.എൽ. രാഹുലും ടീമിലുണ്ട്. പേസ് ബോളിങ് വിഭാഗത്തിൽ ജസ്പ്രീത് ബുമ്രയാണ് പ്രധാന മുഖം. ഇഷാന്ത് ശർമയുടെ തിരിച്ചുവരവും ശ്രദ്ധേയം. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ പരുക്കേറ്റ് പുറത്താണ്. മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. ടി.നടരാജൻ, നവ്ദീപ് സെയ്നി എന്നിവർ പുറത്തായി.

രവിചന്ദ്രൻ അശ്വിൻ നയിക്കുന്ന സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും വാഷിങ്ടൻ സുന്ദറുമുണ്ട്. അക്സർ പട്ടേലാണ് പുതുമുഖം. അതേസമയം, പരുക്കുള്ള രവീന്ദ്ര ജഡേജയ്ക്ക് ഇടം ലഭിച്ചില്ല.

ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വ‍ർ പൂജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർമാർ), ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ (ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അനുസരിച്ച്), ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ, ആർ.അശ്വിൻ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, അക്സർ പട്ടേൽ

സ്റ്റാന്റ് ബൈസ്: കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), അഭിമന്യു ഈശ്വരൻ, ഷഹബാസ് നദീം, രാഹുൽ ചാഹർ 

നെറ്റ് ബോളർമാർ: അങ്കിത് രാജ്പുത്ത്, ആവേശ് ഖാൻ, സന്ദീപ് വാരിയർ, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാർ

MORE IN SPORTS
SHOW MORE
Loading...
Loading...