അഡ്‌ലെയ്ഡിലെ നാണക്കേട് മെല്‍ബണില്‍ മാറ്റി; ടീം ഇന്ത്യയുടെ തിരിച്ചുവരവ്

team-india-2
SHARE

ഒരു വിജയം മതി തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ അതാണ് മെല്‍ബണില്‍ കണ്ടത്. അഡ‍്‌ലെയിഡില്‍ നാണംകെട്ട ഇന്ത്യയെ അല്ല മെല്‍ബണില്‍ ഓസ്ട്രേലിയ കണ്ടത്. അഡ്‌ലെയ്ഡില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ കുറഞ്ഞ സ്കോറായ 36റണ്‍സ് അടിച്ച് തോറ്റുമടങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ നാട്ടിലേക്കുള്ള മടക്കവും മുഹമ്മദ് ഷമിയുടെ പരുക്കും തിരിച്ചടിയായി. പകരക്കായി ശുഭ്മാന്‍ ഗില്ലിനെയും മുഹമ്മദ് സിറാജിനെയും ഉള്‍പ്പെടുത്തി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ടീമിനെ നയിച്ചിറങ്ങി. എന്നാല്‍ രണ്ടാം ഇന്നിങ്സിനിടെ പേസ് ബോളര്‍ ഉമേഷ് യാദവിന് പരുക്കേറ്റെങ്കിലും  ടീം ആ കുറവ് പുറത്ത് കാണിക്കാതെ ഒറ്റക്കെട്ടായി പൊരുതി, വിജയവഴിയില്‍ പല റെക്കോര്‍ഡുകളും തിരുത്തി. 

ഇന്ത്യ നേടിയത് എങ്ങനെ

മെല്‍ബണില്‍ ആദ്യ ഇന്നിങ്സിന് ഇറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യ 195റണ്‍സിലൊതുക്കി. കൃത്യതയുള്ള ബോളിങ്ങും ഫീല്‍ഡിങ്ങിലെ മികവും ടീം ഇന്ത്യ പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. 195റണ്‍സിന് പുറത്തായി. ബുംറയും അശ്വിനും സിറാജും കൂടി കാര്യങ്ങള്‍ എളുപ്പമാക്കി. പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരന്‍ ഗില്‍ 45റണ്‍സെടുത്തു. രഹാനെ സെഞ്ചുറിയടിച്ചു. ജഡേജ അര്‍ധസെഞ്ചുറി നേടി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 326റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ ഉമേഷ് യാദവ് ഓസ്ട്രേലിയയെ പൊളിക്കാന്‍ തുടങ്ങി, എന്നാല്‍ പരുക്കേറ്റ് പുറത്തായി. പക്ഷെ ആ കുറവ് ബുംറയും സിറാജും അശ്വിനും ജഡേജയും ചേര്‍ന്ന് പരിഹരിച്ചപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ ആറിന് 99ല്‍ എത്തി. ഇന്ത്യ ഇന്നിങ്സ് ജയം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് 57റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇന്നിങ്സ് വിജയം തടസപ്പെടുത്തി. ഓസ്ട്രേലിയയ്ക്ക് നേടാനായത് 69റണ്‍സിന്റെ ലീഡ് മാത്രം. രണ്ടുവിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തി. അഗര്‍വാളും പൂജാരയും വേഗത്തില്‍ പുറത്തായെങ്കിലും രഹാനെയും ഗില്ലും ഉറച്ചുനിന്നു, ഓസ്ട്രേലിയന്‍ ബോളിങ്ങിനെ തല്ലിയോടിക്കുകയും ചെയ്തു. 

റെക്കോര്‍ഡുകള്‍ വഴിമാറി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നൂറാം ടെസ്റ്റാണ് മെല്‍ബണില്‍ നടന്നത്. അവിടെ നൂറുമേനിയാണ് ടീം ഇന്ത്യ വിളവെടുത്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഓസ്ട്രേലിയയെ നിഷ്പ്രഭരാക്കിയുള്ള ജയം. മെല്‍ബണില്‍ ഇന്ത്യയുടെ നാലാം ജയം. ഇന്ത്യയ്ക്ക് പുറത്ത് കൂടുതല്‍ വിജയങ്ങള്‍ നേടുന്ന വേദിയായും മെല്‍ബണ്‍ മാറി. മെല്‍ബണില്‍ കൂടുതല്‍ ജയം നേടുന്നതില്‍ ഇംഗ്ലണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ബോക്സിങ് ഡേ ടെസ്റ്റ് ചരിത്രത്തില്‍ ഇതിന് മുമ്പ് ഇന്ത്യ 13 ടെസ്റ്റില്‍ നിന്ന് നേടിയത് മൂന്ന് ജയം മാത്രമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യയുടെ ആദ്യജയമാണിത്. 

ഉദിച്ചുയര്‍ന്ന് അരങ്ങേറ്റക്കാര്‍

ഓപ്പണറായി ശുഭ്മാന്‍ ഗില്ലും പേസ് ബോളിങ് സ്ഥാനത്തേക്ക് മുഹമ്മദ് സിറാജും ടീമിലെത്തി, സ്വപ്നതുല്യമായ തുടക്കം. സിറാജ് ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഗില്‍ ആദ്യം ഓപ്പണ്‍ ചെയ്യാനിറങ്ങിയപ്പോള്‍ നേടിയത് 45റണ്‍സാണ്. നിര്‍ഭാഗ്യംകൊണ്ടുമാത്രമാണ് അര്‍ധസെഞ്ചുറി ഗില്ലിന് നഷ്ടമായത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സില്‍ ഉമേഷ് യാദവ് പരുക്കേറ്റ് പിന്‍വാങ്ങിയതിന്റെ സമ്മര്‍ദമൊന്നും മുഹമ്മദ് സിറാജ് ബോളിങ്ങില്‍ കാണിച്ചില്ല. മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി, അങ്ങനെ അരങ്ങേറ്റ ടെസ്റ്റില്‍ നിന്ന് ആകെ അഞ്ചുവിക്കറ്റുമായി മടക്കം. 70റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി ഗില്‍ നല്ല തുടക്കമിട്ടു. പുറത്താകാതെ 35റണ്‍സെടുത്ത് ഗില്‍ വിജയത്തില്‍ നിര്‍ണായകമായി. സെഞ്ചുറിയും ടീമിലെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ക്യാപ്റ്റന്‍ രഹാനെ സിറാജിന്റെയും ഗില്ലിന്റെയും പ്രകടനത്തില്‍ പൂര്‍ണതൃപ്തനാണ്. പരമ്പരയില്‍ ഒപ്പമെത്തിയ ഇന്ത്യയ്ക്ക് അടുത്ത രണ്ട് ടെസ്റ്റുകള്‍ക്ക് ഈ വിജയം ഊര്‍ജം നല്‍കും. 

MORE IN SPORTS
SHOW MORE
Loading...
Loading...