ക്രിക്കറ്റ് ലോകം കാണാത്ത അത്ഭുത സിക്സ്-വിഡിയോ

jeeth-raval-andrew-ellis
SHARE

ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയൊരു സിക്സർ. ഇങ്ങനൊരു സിക്‌സര്‍ സ്വപ്നത്തില്‍പ്പോലും ക്രിക്കറ്റ് ആരാധകർ കണ്ടുകാണില്ല. ന്യൂസിലൻഡിലെ അഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ പിറന്ന ഒരു സിക്സ് കണ്ട് ‍‍‍ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഫോര്‍ഡ് ട്രോഫിയ്ക്ക് വേണ്ടിയുളള ഏകദിന മത്സരത്തിലാണ് ഓക്‌ലന്‍ഡിന്റെ ഇന്ത്യൻ വംശജനായ താരം ജീത്ത് റാവലാണ് അത്ഭുത സിക്സ് പറത്തിയത്. ന്യൂസീലൻഡ് ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഒാപ്പണർ കൂടിയാണ് ജീത്ത് റാവൽ.

കാന്റെര്‍ബറി ബൗളര്‍ അന്‍ഡ്യൂ എല്ലീസിന്റെ തലയില്‍ പന്ത് കൊണ്ടാണ് ജീത്ത് റാവല്‍ ഈ സിക്‌സ് നേടിയത്. എല്ലീസിന്റെ പന്ത് അടിച്ച റാവല്‍ ലക്ഷ്യം വച്ചത് ഒരു സ്‌ട്രൈറ്റ് ബൗണ്ടറിയാണ് പക്ഷെ എല്ലീസിന്റെ തലയില്‍ കൊണ്ട് ഉയര്‍ന്ന പന്ത് സിക്സ് ലൈന്‍ കടന്നത് അത്ഭുതക്കാഴ്ചയായിരുന്നു. അംപയർ ആദ്യം ഫോർ സിഗ്നലാണ് കാണിച്ചത്. പിന്നീട് റിപ്ലേയിൽ പന്ത് സിക്സ് ലൈൻ കടന്നെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് റാവല്‍ കാഴ്ച്ചവച്ചത്. 153 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 149 റണ്‍സാണ് ഈ കിവീസ് താരം നേടിയത്. റാവലിന്റെ സെഞ്ചുറി മികവില്‍ ഓക്‌ലൻഡ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാന്റര്‍ബറി 37.2 ഓവറില്‍ 197 റണ്‍സിന് പുറത്തായി. ഓക്‌ലൻഡ് 107 റൺസിന് ജയിച്ചു.  

പന്ത് മാരകമായി തലയില്‍ കൊണ്ടെങ്കിലും എല്ലീസിന് കാര്യമായ പരുക്കൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 

MORE IN SPORTS
SHOW MORE