അങ്ങനെ യുസ്‌വേന്ദ്ര ചഹല്‍ കണ്ണടക്കാരനായി..! ബോളിങ് ഹീറോയുടെ അക്കഥ ഇങ്ങനെ

chahal
SHARE

അപൂര്‍വതകളുടെ ഒരു ചേരുവയാണ് ഹരിയാനക്കാരനായ യുസ്‌വേന്ദ്ര ചഹല്‍. ചെസ് കളിച്ചും കബഡി കളിച്ചും നടന്ന പയ്യനാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ ബോളിങ് ഹീറോ. കൈക്കുഴ ഉപയോഗിച്ച് ഈ 27കാരന്‍ 16 ദക്ഷിണാഫ്രിക്കയ്ക്കാരെയാണ് ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ കറക്കി വീഴ്ത്തിയത്. ഈ ബോളിങ്ങും വിക്കറ്റ് കൊയ്ത്തുമാണ് ഇന്ത്യയുടെ ചരിത്രപരമ്പര ജയത്തില്‍ നിര്‍ണായകമായതും. ചെസിലും ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഏകതാരമാണ് ചഹല്‍. അണ്ടര്‍ 16 കബഡി ടീമിനുവേണ്ടിയും ഇന്ത്യന്‍ കളറണിഞ്ഞിട്ടുണ്ട്. 

ലൈനിലും ലെങ്തിലും സ്ഥിരത പുലര്‍ത്തുന്ന ചഹലിന്‍റെ ബോളിങ് കരുത്ത് ഈ സ്ഥിരത തന്നെയാണ്. പന്തിനുമേലുള്ള നിയന്ത്രണത്തിലും വ്യത്യസ്ത ആംഗിളുകളില്‍ ബോള്‍ ചെയ്യുന്നതിനും ചഹലിന് ആകുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ കണ്ടതും ഇതുതന്നെ. 

ഇനി കണ്ണടക്കാര്യം

വീരേന്ദര്‍ സേവാഗും (കരിയറിന്‍റെ അവസാനനാളുകളില്‍)  ഡാനിയേല്‍ വെട്ടോറിയും ക്ലൈവ് ലോയിഡും കണ്ണടയണിഞ്ഞ് കളിച്ചവരാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മുന്‍ ക്യാപ്റ്റന്‍ ധോണിയും കണ്ണടക്കാരാണ്. എന്നാലിവര്‍ കളിക്കളത്തില്‍ ഉപയോഗിക്കുന്നില്ല. കളത്തിനു പുറത്താണ് ഇവര്‍ കണ്ണട ധരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20ക്രിക്കറ്റ് മല്‍സരത്തിനിടെ ആണ് കണ്ണടവച്ച ചഹലിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം പുറത്തായത്. ജോലിതേടിയിറങ്ങിയ ചഹലിന് ഇന്‍കം ടാക്സ് ഇന്‍സ്പെക്ടറുടെ അഭിമുഖത്തിന്‍റെ ഭാഗമായി മെഡിക്കല്‍ പരിശോധന നടത്തി. അപ്പോഴാണ് ഇടയ്ക്കിടെ കണ്ണട ഉപയോഗിക്കുന്നത് നല്ലതാണെന്ന് കണ്ണുഡോക്ടര്‍ ഉപദേശിച്ചത്. ഇപ്പോള്‍ കാഴ്ചയ്ക്ക് പ്രശ്നം ഇല്ലെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാം. അതിനാല്‍ ഇടയ്ക്കിടെ കണ്ണട ഉപയോഗിക്കുന്നത് നല്ലതാവും എന്നായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. ബോളുചെയ്യുമ്പോഴും ബാറ്റ് ചെയ്യുമ്പോഴും കണ്ണടയുടെ ആവശ്യമില്ല. എന്നാല്‍ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ കണ്ണട ഉപയോഗിക്കുന്നുണ്ട് ചഹല്‍. ദക്ഷിണാഫ്രിക്കയിലെ പരമ്പര കഴിഞ്ഞെത്തിയാല്‍ ഡല്‍ഹിയില്‍ ഇന്‍കം ടാക്സ് ഇന്‍സ്പെക്ടറായി ചുമതലയേല്‍ക്കും. 

CRICKET-ODI-IND-AUS/
Cricket - India v Australia - First One Day International Match - Chennai, India – September 17, 2017 – Yuzvendra Chahal and team's captain Virat Kohli of India celebrate the dismissal of Glenn Maxwell of Australia. REUTERS/Adnan Abidi - RC1F95EDF140

നടന്ന വഴികള്‍

1990ല്‍ ഹരിയാനയില്‍ ജനിച്ച ചഹല്‍ ഹരിയാനയിലൂടെ പ്രാദേശിക തലത്തില്‍ തിളങ്ങി. 2011ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ എത്തിയെങ്കിലും ഒരു മല്‍സരം മാത്രമാണ് കളിച്ചത്. എന്നാല്‍ 2014ല്‍ റോയല്‍ ചലഞ്ചേഴ്സില്‍ എത്തിയതോടെ ചഹലിന്‍റെ നല്ലകാലം പിറന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കോച്ച് ഡാനിയല്‍ വെട്ടോറിയും ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ചഹലിന്‍റെ ലെഗ്‌സ്പിന്‍ മികവ് എതിരാളികളെ അറിയിച്ചു. 2016ല്‍ സിംബാംബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന  ടീമിലെത്തി. 

രണ്ടാം മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്ങനെ ആദ്യ പരമ്പരയില്‍ മൂന്ന് മല്‍സരത്തില്‍ നിന്ന് ആറുവിക്കറ്റ് സ്വന്തമാക്കി. ഇക്കുറി ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തയാറെടുത്തപ്പോഴെ ക്യാപ്റ്റന്‍ കോഹ‌ലി നിശ്ചയിച്ചിരുന്നു ചഹലിനെ കൂടെക്കൂട്ടണമെന്ന്. അങ്ങനെയാണ് അശ്വിനെയും ജഡേജയെയും മറികടന്ന് ചഹല്‍ ഇന്ത്യന്‍ ടീമിലെത്തിയത്. നായകന്‍റെ വിശ്വാസം ചഹലല്‍ കാത്തു. ആറ് ഏകദിനത്തില്‍ നിന്ന് 16 വിക്കറ്റ് നേടി. വിദേശത്ത് ചഹലിന്‍റെ മികച്ച പ്രകടനം. 

ഇതുവരെ 23 ഏകദനിങ്ങളില്‍ നിന്ന് 43വിക്കറ്റ് വീഴ്ത്തി. 22റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. 23 ഏകദിനത്തില്‍ ഒരു അഞ്ചുവിക്കറ്റ് പ്രകടനമാണുള്ളത്. 15 ട്വന്‍റി 20യില്‍ നിന്ന് 27വിക്കറ്റ് വീഴ്ത്തി. 25റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ട്വന്‍റി 20യില്‍ ഒരു ബോളറുടെ മികച്ച പ്രകടനം. വരുംകാല ക്രിക്കറ്റ് മല്‍സരങ്ങളില്‍ യുസ്‌വേന്ദ്ര ചഹലിന്‍റെ കൈക്കുഴ പ്രയോഗം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നേട്ടമാകുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.

MORE IN SPORTS
SHOW MORE