പന്തുകളിക്കിടെ അടിയോടടി, 9 ചുവപ്പ് കാർഡ്, കളി ഉപേക്ഷിച്ചു-വിഡിയോ

footbal-violance
SHARE

ഫുട്ബോളിൽ ചെറിയ തോതിലുള്ള കയ്യാങ്കളി സാധാരണമാണ്. എന്നാൽ അത് പരിധി വിടുമ്പോൾ ഫുട്ബോളിന്റെ ചാരുതയ്ക്കു കോട്ടംതട്ടും. പന്തുകളിയ്ക്കിടെയുള്ള അടിപിടി ചിലപ്പോഴെങ്കിലും കൈവിട്ടു പോകാറുണ്ട്. മൈതാനം വിട്ടു സംഘർഷം തെരുവിലേക്കു നീണ്ട സംഭവങ്ങളും നിരവധി. 

ഫുട്ബോളിന്റെ ഈറ്റില്ലമായ ബ്രസീലിൽ നിന്നാണ് ഏറ്റവും ഒടുവിലായി കയ്യാങ്കളി റിപ്പോർട്ട് ചെയ്തത്. ബ്രസീലിയൻ ഡാർബി എന്നറിയപ്പെടുന്ന വിക്ടോറിയ-ബഹിയ മത്സരത്തിനിടെയായിരുന്നു താരങ്ങൾ തമ്മിൽ കൈക്കരുത്ത് പരീക്ഷിച്ചത്. ആദ്യ ഗോൾ നേടിയത് വിക്ടോറിയ ആയിരുന്നു. രണ്ടാംപകുതിയിൽ ബഹിയക്കു അനുകൂലമായി പെനനൽറ്റി. കിക്ക് വലയിലെത്തിച്ച ബഹിയ കളിക്കാരൻ വിനിഷ്യസ് വിക്ടോറിയൻ ആരാധകരുടെ മുന്നിലേക്ക് ഓടിയെത്തി പ്രകോപനപരമായി നൃത്തം ചവിട്ടി. ഇതോടെ സംഗതി പാളി. നിയന്ത്രണം വിട്ട വിക്ടോറിയ ഗോളി വിനീഷ്യസിനെ കയ്യേറ്റം ചെയ്തു. പിന്നെ നടന്നത് കൂട്ടത്തല്ല്. 

രംഗം പന്തിയല്ലെന്നു കണ്ട റഫറി അഞ്ചു പേർക്ക് ചുവപ്പു കാർഡ് നൽകി. ഒരു കണക്കിന് കളി തുടർന്നെങ്കിലും മിനിറ്റുകളുടെ ആയുസ് മാത്രം. വീണ്ടും സംഘട്ടനം. ആറു വിക്ടോറിയൻ താരങ്ങൾക്കും മൂന്നു ബഹിയൻ താരങ്ങൾക്കും ചുവപ്പ് കാണിച്ചു. കളി തീരാൻ 13 മിനിറ്റ് ബാക്കിയുള്ളപ്പോൾ കളി ഉപേക്ഷിച്ചതായി അധികൃതർ അറിയിച്ചു

MORE IN SPORTS
SHOW MORE