കാലശേഷമല്ല, ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കൂ, ക്യാപ്റ്റൻ കണ്ട് വികാരഭരിതനായി വിനീത്

c-k-vineeth-captain
SHARE

ഫുട്ബോളിലേക്ക് ശക്തിയായി ഊതി കാറ്റ് നിറക്കുന്ന സത്യൻ എന്ന കളിക്കാരനെ ക്യാപ്റ്റനിൽ കാണാം. ഇത് അച്ഛന്റെ ശ്വാസമാണ്... എന്നു പറഞ്ഞ് പന്ത് മകൾക്കു നൽകുന്നു. അതെ, ഫുട്ബോൾ സത്യന്റെ ശ്വാസമായിരുന്നു, ജീവ വായു ആയിരുന്നു, ഹൃദയതാളമായിരുന്നു. ഉള്ളിൽ വിങ്ങലോടെയല്ലാതെ ആർക്കും ക്യാപ്റ്റൻ കണ്ടിരിക്കാനാവില്ല. കേരള ബ്ളാസ്റ്റേഴ്സ് താരം സി.കെ. വിനീതും ചിത്രം കണ്ട് വികാരനിർഭരനായി. 

19 വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തിൽ എത്തിയത് ആ മനുഷ്യന്റെ തോളിലേറിയാണെന്നു സി.കെ. വിനീത് ഫേസ്ബുക്കിൽ കുറിച്ചു. 91-ലെ വേൾഡ് കപ്പ് ക്വാളിഫികേഷൻ ഗെയിംസ്, 92-ലെ സന്തോഷ് ട്രോഫി, 95-ലെ സാഫ് ഗെയിംസിലെ സുവർണ നേട്ടം, aiff player of the year പുരസ്കാരലബ്ധി, നീണ്ട കാലയളവിലെ ക്യാപ്റ്റൻ പദവി. 

അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങൾ നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിർത്തി നിങ്ങൾ എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാൻ അർഹിക്കുന്നതല്ല. നിങ്ങൾ ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങൾ അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിർത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവർ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അർഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓർമ്മപ്പെടുത്തൽ കൂടി ആവട്ടെ ഈ സിനിമ. !!

സി.കെ. വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

I salute Captain!!!

വി.പി സത്യൻ എന്ന കാല്പന്തുകളിക്കാരൻ ഒരു ദേശത്തിന്റെ ആവേശത്തെയും പ്രതീക്ഷയേയും ഒന്നാകെ തന്റെ ബൂട്ടിലൂടെ ആവിഷ്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 19 വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തിൽ എത്തിയത് ആ മനുഷ്യന്റെ തോളിലേറിയാണ്. ഇന്ത്യ ലോകകായികഭൂപടത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട ചില ഉജ്ജ്വല നിമിഷങ്ങൾ പോലും അദ്ദേഹത്തിന്റെ നായകത്വത്തിലാണ് സാധ്യമായത്. 

91-ലെ വേൾഡ് കപ്പ് ക്വാളിഫികേഷൻ ഗെയിംസ്, 92-ലെ സന്തോഷ് ട്രോഫി, 95-ലെ സാഫ് ഗെയിംസിലെ സുവർണ നേട്ടം, aiff player of the year പുരസ്കാരലബ്ധി, നീണ്ട കാലയളവിലെ ക്യാപ്റ്റൻ പദവി. അസൂയാവഹമായ, തിളക്കമാർന്ന കരിയറിനൊടുവിൽ, എണ്ണമറ്റ നേട്ടങ്ങൾക്കൊടുവിൽ സത്യേട്ടൻ എന്ന മനുഷ്യനെ ജീവനൊടുക്കാൻ പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്? 

മരണാനന്തരം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങൾ ഔദാര്യപൂർവം അക്കമിട്ടു രേഖപ്പെടുത്തിയത് നിങ്ങൾക്ക് എവിടെയും വായിക്കാം. എന്നാൽ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ കളിജീവിതത്തിലെ പിഴവുകളോട് നാം അത്രകണ്ട് ക്ഷമയും ദയവും പുലർത്തിയിരുന്നോ? ഓരോ പിഴവും കാണിയിൽ ഏൽപ്പിക്കുന്ന വൈകാരിക ക്ഷോഭത്തിലും എത്രയോ ഇരട്ടിയായാവും കളിക്കാരനെ അത് ബാധിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഒരു കാല്പന്തു കളിക്കാരന്റെ 90 മിനിറ്റ് നേരത്തെ നിലയ്ക്കാത്ത ഓട്ടം അവന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി കൂടെയാണ് എന്ന ബോധ്യം ഒരു ജനതയെന്ന നിലയിൽ നമ്മൾ ഇനിയും ആർജിച്ചിട്ടില്ല. അതുകൊണ്ടാണ് സ്പോർട്ട്സ് ക്വാട്ടകൾ ഔദാര്യമായി പരിഗണിക്കപ്പെടുന്നതും, കളിയെ സ്നേഹിക്കുന്നവർക്ക് കളിയോ ജീവിതമോ എന്ന നിർബന്ധിതമായ തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതും. സത്യേട്ടനെപ്പോലുള്ള പ്രതിഭ അത്തരത്തിൽ തളച്ചിടപ്പെടാൻ തയാറാകാതെ കളി തിരഞ്ഞെടുത്തതിന്റെ പരിണതിയാണ് ആ ജീവിതം ഇല്ലാതാക്കിയത്. ബൂട്ടഴിച്ച നിമിഷം മുതൽ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷയിൽ നിന്നും അദ്ദേഹം വിസ്മൃതിയിലായത് എത്രയെളുപ്പമായിരുന്നു! ഒരുപക്ഷേ ഏത് കാൽപന്ത് കളിക്കാരനേയും കാത്തിരിക്കുന്ന അനിവാര്യമായ വിധി. ഈ ബോധ്യം കൊണ്ട് കൂടെയാവാം, സത്യേട്ടന്റെ ജീവിതം പറയുന്ന ക്യാപ്റ്റൻ എന്ന സിനിമ എനിക്ക് അത്യന്തം വൈകാരികമായ അനുഭവമായിരുന്നു.

90 മിനിറ്റുകൾക്ക് ശേഷമുള്ള ഒരു കളിക്കാരന്റെ ജീവിതമാണ് 'ക്യാപ്റ്റൻ'. കളിക്കാരൻ തിളങ്ങി നിൽക്കുന്ന 90 മിനിറ്റുകൾക്ക് മാത്രമാണ് കാണികൾ. ആ ചുരുങ്ങിയ സമയത്തിന് മുൻപും ശേഷവുമുള്ള അവരുടെ ജീവിതത്തിൽ ആളും ആരവവും ഉണ്ടാവില്ല. അവന്റെ ഓരോ പിഴവുകളും കർശനമായി ചോദ്യം ചെയ്യപ്പെടുമെങ്കിലും അവന്റെ വേദനകൾക്ക് കാഴ്ചക്കാരോ കേൾവിക്കാരോ ഉണ്ടാകാറില്ല. കളിക്കളത്തിന് പുറത്ത് കളിക്കാരൻ കടന്നുപോകുന്ന നിസഹായതയും ഏകാന്തതയുമാണ് ക്യാപ്റ്റൻ എന്ന ചിത്രം. 

എന്നെ സംബന്ധിച്ചിടത്തോളം, ബൂട്ടഴിക്കുന്ന നിമിഷം മറവിയിലേക്ക് പിന്തള്ളപ്പെടുന്ന, പിന്തള്ളപ്പെട്ട അനേകമനേകം കളിക്കാരെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്. വി.പി സത്യൻ എന്ന പ്രതിഭ അർഹിച്ചിരുന്ന സ്മരണാഞ്ജലി ഈ സിനിമയിലൂടെ സാക്ഷാത്കരിക്കാൻ പ്രജീഷേട്ടനും ജോബിച്ചേട്ടനും ജയേട്ടനും അനു സിതാരയും ഈ ചിത്രത്തിന്റെ മുഴുവൻ പിന്നണി പ്രവർത്തകരുംചെയ്ത പ്രയത്നം അങ്ങേയറ്റം ബഹുമാനം അർഹിക്കുന്നു. 

അതോടൊപ്പം തന്നെ പറയട്ടെ, അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങൾ നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിർത്തി നിങ്ങൾ എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാൻ അർഹിക്കുന്നതല്ല. നിങ്ങൾ ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങൾ അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിർത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവർ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അർഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓർമ്മപ്പെടുത്തൽ കൂടി ആവട്ടെ ഈ സിനിമ. !!

MORE IN SPORTS
SHOW MORE