വിരമിക്കും മുൻപ് കോഹ്‌ലി എത്ര ഏകദിനസെഞ്ചുറി നേടും? സേവാഗിന്റെ പ്രവചനം 62..!

virender-sehwag-kohli
SHARE

‘വാര്‍ത്തകളും തലക്കെട്ടും സ‍ൃഷ്ടിക്കുകയല്ല ഞങ്ങളുടെ ജോലി. കഠിനമായി അധ്വാനിക്കുക. നന്നായി കളിക്കുക. ടീമിനെ വിജയിപ്പിക്കുക. ഇതാണ് ഞങ്ങളുടെ മനസില്‍.’ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 5–1ന് നേടിയശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഈ വാക്കുകള്‍. ടെസ്റ്റ് പരമ്പരയില്‍ തോറ്റപ്പോള്‍ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച മാധ്യമസംഘത്തിന് ക്യാപ്റ്റന്‍ ഓര്‍ത്തിരുന്നു നല്‍കിയ മറുപടി. വാക്കാലും പ്രവര്‍ത്തിയാലും ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിറ‍ഞ്ഞു നില്‍ക്കുന്നത് വിരാട് കോഹ്‌ലിയാണ്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ കരിയറിലെ 35ാം സെഞ്ചുറി നേടിയ കോഹ്‌ലി ഏകദിനത്തില്‍ എത്ര സെഞ്ചുറി അടിക്കുമെന്ന പ്രവചനം കൊഴുത്തുകൊണ്ടിരിക്കുകയാണ്. മുന്‍കാല താരങ്ങള്‍വരെ ഈ പ്രവചനത്തില്‍ പങ്കാളികളാകുന്നു.  വിരമിക്കും മുമ്പ് കോഹ്‌ലി 62 ഏകദിന സെഞ്ചുറി നേടുമെന്നാണ് ഒരു ആരാധകന്റെ ചോദ്യത്തിന് വീരേന്ദര്‍ സേവാഗ് നല്‍കിയ മറുപടി. ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍  സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് വിദേശതാരങ്ങള്‍ പറയുന്നത്. വിരമിക്കും മുമ്പ് കോഹ്‌ലി 477ഏകദിനം കളിക്കുമെന്നും 20139 റണ്‍സ് നേടുമെന്നും അതില്‍  69സെഞ്ചുറിയും 100അര്‍ധസെഞ്ചുറിയും ഉണ്ടാകുമെന്നാണ് ഒരു കടുത്ത ആരാധകന്റെ പ്രവചനം. ഏകദിനത്തില്‍ 49സെഞ്ചുറിയുമായാണ് സച്ചിന്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. അത് മറികടക്കാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 15 സെഞ്ചുറി മാത്രം.

സെഞ്ചുറി വര്‍ഷങ്ങളിലൂടെ

2008ല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയതുമുതലുള്ള കരിയര്‍ പരിശോധിച്ചാല്‍ കോഹ്‌ലി ഓരോ വര്‍ഷവും മെച്ചപ്പെടുന്നതായി കാണാം. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കോഹ്‌ലി ഇപ്പോള്‍. 2008ല്‍ അഞ്ച് ഏകദിനങ്ങള്‍ കളിച്ചെങ്കിലും സെഞ്ചുറി നേടാനായില്ല. എന്നാല്‍ പിന്നീട് ഇങ്ങോട്ട് സെഞ്ചുറികളുടെ മാല തീര്‍ത്തു. 2009ല്‍ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ കോഹ്‌ലി 2010ല്‍ മൂന്ന് സെഞ്ചുറിയടിച്ചു. 2011ല്‍ അത് നാലായി, 2012ല്‍ അത് അഞ്ചായി, 2013ലും 2014ലും നാലുവീതം സെഞ്ചുറി. 2015ല്‍ അല്‍പം മങ്ങിയ കോഹ്‌ലിക്ക് രണ്ടുസെ​ഞ്ചുറിയാണ് നേടാന്‍ കഴിഞ്ഞത്. 2016ല്‍ മൂന്ന് സെഞ്ചുറിയും 2017ല്‍ ആറുസെഞ്ചുറിയും 2018ല്‍ ഇതുവരെ മൂന്ന് സെഞ്ചുറിയുമായി. 

virat-kohli

ഓരോ രാജ്യത്തിനെതിരായ സെഞ്ചുറി

ഓസ്ട്രേലിയയ്ക്കെതിെര 28 ഏകദിനങ്ങളില്‍ നിന്ന് അഞ്ചുസെഞ്ചുറി നേടി. ന്യൂസീലന്‍ഡ‍ിനെതിരെ 19ഏകദിനങ്ങളില്‍ അഞ്ചുസെഞ്ചുറി കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 26 ഏകദിനങ്ങളില്‍ നിന്ന് നാലുസെഞ്ചുറി നേടിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ 46 ഏകദിനങ്ങളില്‍ നിന്ന് എട്ടുസെഞ്ചുറിയും വെസ്റ്റ് ഇന്‍ഡീസിനെതിെര 27ഏകദിനങ്ങളില്‍ നിന്ന് നാലുസെഞ്ചുറിയും നേടി. ഓസ്ട്രേലിയ്ക്കെതിരെ 118റണ്‍സാണ് കോഹ്‌ലിയുടെ ഉയര്‍ന്ന സ്കോര്‍. ന്യൂസീലന്‍ഡിനെതിരെ 154, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 160, ശ്രീലങ്കയ്ക്കെതിരെ 139, വെസ്റ്റ് ഇന്‍ഡീസിനെതിരെ 127 എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഉയര്‍ന്ന സ്കോര്‍. 

virat-kohli-1

ഇന്ത്യയ്ക്ക് പുറത്തെ സെഞ്ചുറികള്‍

ഓസ്ട്രേലിയയില്‍ 23 ഏകദിനങ്ങളില്‍ നിന്ന് നാലുസെഞ്ചുറി നേടിയപ്പോള്‍ ഇംഗ്ലണ്ടില്‍ 19 ഏകദിനങ്ങളില്‍ നിന്ന് ഒരുസെഞ്ചുറി നേടി. ന്യൂസീലന്‍ഡില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ദക്ഷിണാഫ്രിക്കയില്‍ 17 മല്‍സരങ്ങളില്‍ നിന്ന് നാലുസെഞ്ചുറികളും സ്വന്തമാക്കി. എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ  മികവ് തെളിയിച്ച കോഹ്‌ലി വിദേശപിച്ചുകളില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത് ഇംഗ്ലണ്ടിലാണ്. നിലവില്‍ 208 ഏകദിനങ്ങളില്‍ നിന്ന് 9588 റണ്‍സ് കുറിച്ചു. ഇതില്‍ 35 സെഞ്ചുറിയും 46 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. നിലവിലെ ഫോമും കഠിനാധ്വാനം ചെയ്യാനുള്ള മനസും പ്രകടനം മെച്ചപ്പെടുത്തണമെന്ന വാശിയുമുള്ള കോഹ്‌ലിക്ക് ഇനി കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും കളിക്കാനാവും. അപ്പോള്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നുകൊണ്ടേയിരിക്കും.

MORE IN SPORTS
SHOW MORE