ഗോള്‍ഡണ്‍ ബൂട്ടിന് ഹ്യൂമേട്ടന്‍ ഇല്ല, മിക്കുവും കോറോയും മുന്നില്‍

golden-boot-hume-miku-
SHARE

ഒരു മല്‍സരത്തിന്റെ ഗതിവികതികള്‍ നിശ്ചയിക്കുന്ന ഗോളടിക്കാരെ ചുറ്റിപ്പറ്റിയാണ് ഫുട്ബോള്‍ ലോകം എപ്പോഴും ചര്‍ച്ചചെയ്യുന്നത്. അത് ലോകകപ്പായാലും പ്രീമിയര്‍ ലീഗായാലും ലാ ലിഗയായാലും ഐ.എസ്.എല്‍ ആയാലും മാറ്റമില്ല. ഈ സീസണിലെത്തിയ രണ്ടു വിദേശ താരങ്ങളാണ് ഐഎസ്എല്‍ നാലാം സീസണില്‍ ഗോള്‍‌‍ഡണ്‍ ബൂട്ടിനായി മല്‍സരിക്കുന്നത്. എഫ്സി  ഗോവയുെട കോറോമിനാസും ബംഗളൂരു എഫ്സിയുടെ മിക്കുവും ആണ് ഗോള്‍വേട്ടയില്‍ കുതിക്കുന്നത്. ഗോവയും ബംഗളൂരുവും കളത്തിലിറങ്ങുമ്പോള്‍ ഇവരുടെ ബൂട്ടുകളിലേക്കാണ് ഫുട്ബോള്‍ ആരാധകരുടെ നോട്ടം. 

 സാങ്കേതികമായി ഉയര്‍ന്ന നിലവാരം കാക്കുന്ന ഇവര്‍ വേഗം കൊണ്ടും ചടുല നീക്കങ്ങള്‍കൊണ്ടും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കുകാട്ടുന്നു. എങ്കിലും ഗോവയുടെ കോറോ തന്നെ ആക്രമണത്തില്‍ മുന്നില്‍. കുതിരയെപ്പോലെ കഠിനമായി അധ്വാനിക്കുന്ന മിക്കൂ എതിരാളിയുടെ പ്രതിരോധക്കോട്ടകള്‍ തച്ചുടയ്ക്കും. അതിവേഗത്തില്‍ ഓടിക്കയറുന്ന കോറോ എതിരാളികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കും. ഗോള്‍ഷോട്ടുകളില്‍ മിക്കുവാണ് മുമ്പില്‍, എന്നാല്‍ അര്‍ധാവസരംപോലും ഗോളാക്കുന്നതില്‍ മിക്കുവിനെക്കാള്‍ കേമന്‍ കോറോ തന്നെ. 

35കാരനായ കോറോ സ്പെയിനില്‍ നിന്നാണ് ഗോവയിലേക്കെത്തിയത്. ഗോവയ്ക്കായി എട്ടാം നമ്പറില്‍ ഇറങ്ങുന്ന കോറോ ഇതുവരെ 13 കളികളില്‍ നിന്ന് 13ഗോള്‍ നേടി. അതായത് ഓരോ കളിയിലും ഓരു ഗോള്‍ എന്ന കണക്കില്‍. മൂന്നുഗോളുകള്‍ക്ക് വഴിയൊരുക്കി. മറുവശത്ത് വെനസ്വേലില്‍ നിന്നെത്തിയ 32കാരനായ മിക്കു 

എന്ന നിക്കോളാസ് ഫെഡോര്‍ ഫ്ളോവസ് ബംഗളൂരുവിനായി ഏഴാം നമ്പറില്‍ 14കളികളില്‍ നിന്ന് 11ഗോള്‍ നേടി. പക്ഷെ ഗോളവസരങ്ങള്‍ ഒരുക്കുന്നതില്‍ പിന്നിലാണ്. ഗോവയുടെയും ബംഗളൂരുവിന്റെയും മുന്നേറ്റത്തില്‍ ഗോള്‍വേട്ടയ്ക്ക് വഴിയൊരുക്കുന്നത് ഇവരാണ്. ബംഗളൂരുവില്‍ സുനില്‍ ഛേത്രിക്കൊപ്പം മിക്കു നടത്തുന്ന നീക്കങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഈ സീസണിലെ ഏറ്റവും അപകടകരമായ കൂട്ടുകെട്ടും ഇതുതന്നെ. ഛേത്രി ഇതുവരെ ഒന്‍പതുഗോളുകള്‍ നേടിയിട്ടുണ്ട്. 

കോറോയ്ക്ക് മാനുവല്‍ ലാന്‍സറോട്ടെയാണ് കൂട്ട്. ഈ കൂട്ടുകെട്ടാണ് ഈ സീസണില്‍ ഐ.എസ്.എല്ലില്‍ കൂടുതല്‍‌ ഗോളവസരങ്ങള്‍‌ സൃഷ്ടിച്ചിരിക്കുന്നത്. കോറോയ്ക്കൊപ്പം മാനുവലിന്റെ എട്ടുഗോളുകളും ചേരുമ്പോള്‍ ഗോവ ലീഗില്‍ നാശംവിതയ്ക്കുന്ന മുന്നേറ്റ കാറ്റായി.  

ഇരുവരും യൂത്ത് ടീമുകളിലൂടെയാണ് രാജ്യാന്തരതലത്തിലേക്ക് എത്തിയത്. എസ്പന്യോളിനായി കളിച്ച കോറോ 2005..2006സീസണില്‍ കോപ്പ ഡെല്‍റെ നേടിയ ടീമില്‍ അംഗമായി. സ്പെയിനിനായി അണ്ടര്‍ 17,അണ്ടര്‍19,അണ്ടര്‍ 20ടീമുകള്‍ക്കായി കളിച്ചെങ്കിലും സീനിയര്‍ ടീമിന്റെ  ജഴ്സി അകന്നുനിന്നു. മിക്കുവാകട്ടെ വെനസ്വേലയുടെ യൂത്ത് ടീമിലൂടെ  ഗറ്റാഫ, റയോ വല്ലക്കാനോ ടീമുകളിലെത്തി. വെനസ്വേല ദേശീയ ടീമിനായി 51മല്‍സരങ്ങളില്‍ ഇറങ്ങിയ മിക്കു 11ഗോളും നേടിയിട്ടുണ്ട്. ബംഗളൂരൂ ലീഗില്‍ ഇതുവരെ 15മല്‍സരങ്ങളില്‍ നിന്ന് 11ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്താണെങ്കില്‍ ഗോവ 13മല്‍സരങ്ങളില്‍ നിന്ന് ആറു ജയത്തോടെ ലീഗില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്നു. 

കേരള ബ്ലാസറ്റേഴ്സിന്റെ താരങ്ങള്‍ ആരും ഗോള്‍ഡന്‍ബൂട്ടിനായി ഇപ്പോള്‍ ഇല്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ 15കളികള്‍ കഴിഞ്ഞപ്പോള്‍ ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോള്‍ നേടിയ ഇയാന്‍ ഹ്യൂം ആണ് മുന്നില്‍. എന്നാല്‍ പരുക്കുമൂലം തുടര്‍ മല്‍സരങ്ങള്‍ക്ക് ഹ്യൂം ഉണ്ടാവില്ലാത്തതിനാല്‍ ടോപ് സ്കോറര്‍ പട്ടികക്കുള്ള പോരാട്ടത്തിലുണ്ടാവില്ലെന്ന് ഉറപ്പ്. ലീഗില്‍ ബ്ലാസ്റ്റേഴ്സിന് മൂന്നു കളികള്‍കൂടി ശേഷിക്കുന്നു. മലയാളി താരം സി.കെ.വിനീതിന് ഇതുവരെ നാലുഗോളുകളുണ്ട്. എന്നാല്‍ ഗോള്‍ഡണ്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍‌ വിനീതിന് ഇനിയുള്ള മൂന്ന് മല്‍സരങ്ങളില്‍ ഹാട്രിക്ക് അടിക്കേണ്ടിവരും. അതെന്തായാലും സാധ്യമല്ലാത്തതിനാല്‍ മിക്കുവോ കോറോയോ ഗോള്‍ഡണ്‍ ബൂട്ട് കൊണ്ടുപോകും. 

MORE IN SPORTS
SHOW MORE