'അന്ന് ശ്രീശാന്തിന്റെ തലയ്ക്ക് അടിക്കാന്‍ തോന്നി'... ആ കഥ ഇങ്ങനെ

SREE-NELL
SHARE

ശ്രീശാന്തിന് ക്രിക്കറ്റില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് തുടരുകയാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയത്തിന് ബിസിസിഐ ഇപ്പോഴും ശ്രീശാന്തിനോട് കടപ്പെട്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റു നില്‍ക്കുന്ന ഇന്ത്യ നാളെ ജൊഹന്നാസ്ബര്‍ഗില്‍ അഭിമാനപോരാട്ടത്തിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് ജയം കുറിച്ച വേ‌ദിയാണ് ജൊഹന്നാസ്ബര്‍ഗ്. 2006ലായിരുന്നു ഇന്ത്യയുടെ ആദ്യ ജയം. അതും മലയാളിയായ ശ്രീശാന്തിന്റെ എട്ടുവിക്കറ്റ് പ്രകടനത്തിന്റെയും 'വാര്‍ ഡാന്‍സി'ന്‍റെയും തിളക്കത്തില്‍. 

‌പതിനൊന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ആന്ദ്രെ നെല്‍ ഒന്നും മറന്നിട്ടില്ല. 2006ലെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത നെല്‍ പറയുന്നു  'അവന്റെ തലയ്ക്ക് അടിക്കാനാണ് അന്ന് എനിക്ക് തോന്നിയത്'. 

അന്ന് നടന്നത് എന്താണ്..?

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 249 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത ആന്ദ്രെ നെല്‍ ആയിരുന്നു ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ അന്തകനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 84 റണ്‍സിന് പുറത്തായി. വാണ്ടറേഴ്സില്‍ പേസ്ബോളിങ്ങിന്റെ സൗന്ദര്യം തീര്‍ത്ത് ശ്രീശാന്ത് അഞ്ചുവിക്കറ്റ് പിഴുതു. 

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി ശ്രീശാന്ത് ബാറ്റ്ചെയ്യുമ്പോഴായിരുന്നു നെല്ലിന്റെ പ്രകോപനം. ശ്രീശാന്തിനെതിരെ തുടരെ ഷോര്‍ട്ട്ബോളുകള്‍ എറിഞ്ഞ നെല്‍, ശ്രീശാന്തിനെ ചീത്തവിളിക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് നെല്‍ എറിഞ്ഞ പന്ത് ബോളറുടെ തലയ്ക്ക് മുകളിലൂടെ സിക്സര്‍ പറത്തിയശേഷം ആയിരുന്നു ശ്രീശാന്തിന്റെ നൃത്തച്ചുവടുകള്‍. 'അവന്‍ ക്രീസ് വിട്ട് വരുന്നതുകണ്ടപ്പോള്‍ തലയ്ക്കിട്ട് ഒന്ന് കൊടുക്കാനാണ് തോന്നിയത്... ' പക്ഷെ ആ ഡാന്‍സ് കണ്ടപ്പോള്‍ അത് ആസ്വദിക്കാന്‍ തോന്നിയെന്നും നെല്‍ ഓര്‍ത്തെടുക്കുന്നു.

എന്നാല്‍ അന്ന് ശ്രീശാന്തിനോട് പറഞ്ഞ വാക്കുകള്‍ എന്തായിരുന്നുവെന്ന് ഓര്‍ക്കുന്നില്ല. അതൊക്കെ കളിക്കളത്തിലെ അപ്പോഴത്തെ ചൂടേറിയ പോരാട്ടത്തില്‍ നടക്കുന്നതാണ്. അത് അവിടെ മറക്കുമെന്നും നെല്‍ പറഞ്ഞു. മല്‍സരശേഷം ശ്രീശാന്തുമായി സംസാരിച്ചെന്നും പിണക്കമില്ലെന്നും നെല്‍ പറഞ്ഞു. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കിടയില്‍ ശ്രീശാന്തിനെ കാണാറുണ്ടായിരുന്നുവെന്നും സൗഹൃദം തുടരുന്നുവെന്നും 2006ലെ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് നെല്‍ കൂട്ടിച്ചേര്‍ത്തു.

നാളെ ഇനിയെന്ത്..? 

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലും മൂന്ന് വിക്കറ്റ് വീഴ്ത്തി ടീമിന് വിജയമൊരുക്കിയ ശ്രീശാന്ത് തന്നെയാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ കളിയിലെ താരമായത്. ഇപ്പോള്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തയാറെടുക്കുന്ന ഇന്ത്യ നാണക്കേട് മാറ്റാനുള്ള തയാറെടുപ്പിലുമാണ്. അന്നത്തെ വിജയത്തിന്റെ ഓര്‍മകള്‍ ടീം ഇന്ത്യയ്ക്ക് ഉണര്‍വ് പകരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

MORE IN SPORTS
SHOW MORE