ധോണി വിരമിക്കേണ്ടിയിരുന്നില്ലെന്ന് ഗവാസ്കർ

ms-dhoni-sunil-gavaskar
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ്. ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കേണ്ടിയിരുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പരുക്കേറ്റ വൃദ്ധിമാൻ സാഹയ്ക്കു പകരം ഇന്ത്യയ്ക്കായി വിക്കറ്റ് കാക്കാനെത്തിയ പാർഥിവ് പട്ടേലിന്റെ പ്രകടനം കണ്ടപ്പോഴാണ് സുനിൽ ഗവാസ്കർ ധോണി ഉണ്ടായിരുന്നെങ്കിൽ എന്നു വിലപിച്ചത്. വിക്കറ്റിന് പിന്നില്‍ ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇനിയും ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

അത്യാവശ്യ ഘട്ടങ്ങളിൽ നങ്കൂരമിട്ട് കളിക്കുന്ന ധോണി കൂടിയുണ്ടായിരുന്നെങ്കിൽ കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യ ജയിച്ചേനെയെന്ന് കരുതുന്നവർ പോലും കുറവല്ല. ഇതിനു പിന്നാലെ സെഞ്ചൂറിയൻ ടെസ്റ്റിലും ഇന്ത്യ സമാനമായ വെല്ലുവിളി നേരിടുമ്പോൾ ധോണിയുടെ ‘വില’ ആരാധകർ ശരിക്കും മനസ്സിലാക്കുന്നുണ്ട്. 2014ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ അപ്രതീക്ഷിതമായി ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി അടുത്ത മാസം ദക്ഷിണാഫ്രിക്കയിലെത്തി ടീമിനൊപ്പം ചേരുന്നുണ്ട്. ഏകദിന, ട്വന്റി20 മൽസരങ്ങൾക്കായാണിത്.

ധോണിയുണ്ടായിരുന്നെങ്കിൽ...

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ എ.ബി. ഡിവില്ലിയേഴ്സിനൊപ്പം നിലയുറപ്പിച്ചുവന്ന ഡീൻ എൽഗാറിനെ പുറത്താക്കാനുള്ള സുവർണാവസരം സ്‌ലിപ്പിൽ ഫീൽഡ് ചെയ്യുന്ന ചേതേശ്വർ പൂജാരയുമൊത്തുള്ള ആശയക്കുഴപ്പം നിമിത്തം പാർഥിവ് കൈവിട്ടിരുന്നു. ആ ക്യാച്ച് പൂജാരയ്ക്കുള്ളതായിരുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതു കണ്ടതോടെയാണ് കമന്ററി ബോക്സിൽ ഗാവസ്കറിന് ഹാലിളകിയത്. സമാനമായ അവസരങ്ങൾ മുൻ‌പും പാർഥിവ് പാഴാക്കിയിരുന്നു.

‘ധോണി തുടരേണ്ടതായിരുന്നു. തീർച്ചയായും ക്യാപ്റ്റൻസിയുടെ സമ്മർദ്ദങ്ങളിലേറെയും അദ്ദേഹം തന്നെ ഏറ്റെടുത്തേനെ. ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് വിക്കറ്റ് കീപ്പറെന്ന നിലയിൽ ടീമിൽ നിൽക്കാനെങ്കിലും അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നുവെന്ന് എനിക്കു തോന്നുന്നു. കാരണം, ഡ്രസിങ് റൂമിൽ ഈ സമയത്ത് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ശരിക്കും ഉപകാരപ്പെട്ടേനെ – ഗാവസ്കർ പറഞ്ഞു.

MORE IN SPORTS
SHOW MORE