ആ വിക്കറ്റ് ഷമിക്ക് സമ്മാനിച്ചത് പുതിയ നേട്ടം

muhammad-shami
SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി മുഹമ്മദ് ഷമി. ടെസ്റ്റ് ക്രിക്കറ്റിൽ നൂറ് വിക്കറ്റ് എന്ന നാഴികക്കല്ലാണ് ഷമി പിന്നിട്ടത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് നൂറ് വിക്കറ്റ് ക്ലബിൽ ഷമി ഇടം നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഇരുപതാമത്തെ ഇന്ത്യൻ താരമാണ് ഷമി. കേപ്ടൗൺ ടെസ്റ്റിൽ താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. 

പേസ് ബോളർമാരായ കപില്‍ ദേവ്, ജവഗൽ ശ്രീനാഥ്, സഹീര്‍ ഖാന്‍,  ഇഷാന്ത് ശര്‍മ്മ, കഴ്സൺ ഗാവ്റി, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരുടെ നിരയിലേക്കാണ് വിക്കറ്റ് നേട്ടത്തോടെ ഷമിയും എത്തിയത്. 29-ാം ടെസ്റ്റിലാണ് ഷമിയുടെ നേട്ടം. 2013 നവംബറില്‍ വെസ്റ്റ് ഇൻഡിസിനെതിരെ ഈഡന്‍ ഗാര്‍ഡനിലാണ് മുഹമ്മദ് ഷമി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.

18 മൽസരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബോളർ. പ്രസന്ന(20), കുംബ്ലെ(21), സുഭാഷ് ഗുപ്തെ, ബിഎസ്. ചന്ദ്രശേഖർ, പ്രഗ്യാൻ ഓജ(22), വിനു മങ്കാദ്(23), കപിൽ ദേവ്, ഹർഭജൻ സിങ്(25) മൽസരങ്ങളിൽ നിന്നുമാണ് 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 

MORE IN SPORTS
SHOW MORE