മൊഹാലിയിൽ മോഹിപ്പിക്കുന്ന ജയം; രോഹിതിനു ഡബിൾ സെഞ്ചുറി

Thumb Image
SHARE

മൊഹാലി ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു 141 റൺസിന്റെ ഉജ്വല ജയം. ഏകദിനത്തിലെ മൂന്നാം ഇരട്ടസെഞ്ചുറിയുമായി ചരിത്രമെഴുതിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ തകർത്താടിയ മത്സരത്തിൽ ലങ്ക നിലംപരിശായി. ജയിക്കാൻ 393 റൺസ് വേണ്ടിയിരുന്ന ലങ്കയ്ക്കു 50  ഓവറിൽ 251 റൺസെടുക്കാനേ സാധിച്ചുള്ളൂ

മാസ്മരിക പ്രകടനവുമായി രോഹിത്

208 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിതിന്റെ മാസ്മരിക പ്രകടനമായിരുന്നു ഇന്നത്തെ ഹൈലൈറ്റ്സ്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ടസെഞ്ചുറികളെന്ന സമാനതകളില്ലാത്ത നേട്ടമാണ് രോഹിത് ശര്‍മയ്ക്ക് സ്വന്തമായത്. അനായാസമായി രോഹിതിന്റെ ബാറ്റ് സിക്സര്‍ പായിച്ചുകൊണ്ടെയിരുന്നു.  115 പന്തില്‍ സെഞ്ചുറിയിലേക്ക്. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ സുരംഗ ലക്മാലിനെ കടന്നാക്രമിച്ചു ഇന്ത്യന്‍ ക്യാപ്റ്റന്‍. 12 തവണയാണ് ആ ബാറ്റില്‍ നിന്നും കാണികളെ തേടി പന്ത് പറന്നത്. 153 പന്തിൽ 13 ബൗണ്ടറികളും 12 സിക്സും ഉൾപ്പെടുന്നതാണ് രോഹിതിന്റെ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറി. റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടേണ്ടത് തന്നെയെങ്കിലും മൂന്ന് ഏകദിന ഇരട്ട സെഞ്ചുറിയിലേക്ക് മറ്റൊരാള്‍ ഇനി കടന്നുവരണമെങ്കില്‍ അത്യദ്ധ്വാനം തന്നെ വേണ്ടി വരും. രോഹിതിനു മികച്ച പിന്തുണയുമായി ഓപ്പണർ ശിഖർ ധവാനും (68), ശ്രേയസ് അയ്യറും (88) കളംവാണു. ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 392 റൺസെടുത്തു. 

rohit-new

തുടക്കം പതിയെ, പിന്നെ കൊടുങ്കാറ്റായി

ധരംശാലയിൽ ശ്രീലങ്കൻ വിജയത്തിൽ നിർണായകമായി മാറിയ ടോസ് ഭാഗ്യം മൊഹാലിയിലും ലങ്കൻ ക്യാപ്റ്റനെ അനുഗ്രഹിക്കുന്നത് കണ്ടാണ് മൽസരത്തിന് തുടക്കമായത്. പതിവുപോലെ അദ്ദേഹം ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പിന്നീട് മൊഹാലിയിൽ പിറന്നത് ചരിത്രം. നിലയുറപ്പിക്കാൻ അൽപം വൈകിയെങ്കിലും പിന്നീട് തകർത്തടിച്ച രോഹിതും ധവാനും അനായാസം ഇന്ത്യൻ സ്കോർ 100 കടത്തി. 10 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ ഉണ്ടായിരുന്നത് 33 റൺസ് മാത്രം. എന്നാൽ നിലയുറപ്പിച്ചതോടെ ഇന്ത്യ ഗിയർ മാറ്റി. രോഹിത് കൂടുതൽ ശ്രദ്ധയോടെ കളിച്ചപ്പോൾ ധവാൻ ആക്രമിക്കാനുള്ള മൂഡിലായിരുന്നു. 67 പന്തിൽ ഒൻപതു ബൗണ്ടറികളോടെ 68 റൺസെടുത്ത ധവാൻ പതിരണയുടെ പന്തിൽ തിരിമാന്നെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 115.

dawan12-13

രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന പാതി മലയാളി കൂടിയായ ശ്രേയസ് അയ്യർ കൂട്ടിനെത്തിയതോടെ രോഹിത് കൂടുതൽ അപകടകാരിയായി. അനായാസം ബൗണ്ടറികൾ വാരിക്കൂട്ടിയ ശ്രേയസും മോശമാക്കിയില്ല. രണ്ടാം വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇരുവരും 25.2 ഓവർ ക്രീസിൽ നിന്ന് ഇന്ത്യന്‍ സ്കോർബോർഡിലേക്ക് ഒഴുക്കിയത് 213 റൺസ്. 70 പന്തിൽ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 88 റൺസെടുത്ത ശ്രേയസ് അയ്യരെ ക്യാപ്റ്റൻ തിസാര പെരേര മടക്കിയെങ്കിലും രോഹിത് നിർബാധം ആക്രമണം തുടർന്നു.

ഒരറ്റത്ത് മഹേന്ദ്രസിങ് ധോണി (അഞ്ചു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (അഞ്ചു പന്തിൽ എട്ട്) എന്നിവർ വന്നപോലെ മടങ്ങിയിട്ടും ഇതൊന്നും രോഹിതിനെ ബാധിച്ചില്ല. 50 ഓവറും അവസാനിക്കുമ്പോൾ 153 പന്തിൽ 13 ബൗണ്ടറിയും 12 സിക്സും സഹിതം 208 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. 

sheyas

അടികൊണ്ട് തളർന്ന് ലങ്കൻ ബൗളർമാർ

10 ഓവറിൽ 106 റൺസ് വഴങ്ങിയ ശ്രീലങ്കൻ ബോളർ നുവാൻ പ്രദീപും ‘സെഞ്ചുറി’ നേടി. മൈക്ക് ലൂയിസ് (113), വഹാബ് റിയാസ് (110) എന്നിവർക്കു ശേഷം ഒരു ഏകദിന മൽസരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന താരമെന്ന റെക്കോർഡും പ്രദീപ് സ്വന്തമാക്കി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ലങ്കൻ ക്യാപ്റ്റൻ തിസാര പെരേര എട്ട് ഓവറിൽ 80 റൺസ് വഴങ്ങി. ഏഞ്ചലോ മാത്യൂസ് നാല് ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി വ്യത്യസ്തനായപ്പോൾ സുരംഗ ലക്മൽ എട്ട് ഓവറിൽ 71, അഖില ധനഞ്ജയ 10 ഓവറിൽ 51, പതിരണ 10 ഓവറിൽ 63, ഗുണരത്‌നെ ഒരു ഓവറിൽ 10 എന്നിങ്ങനെയാണ് മറ്റു ബോളർമാരുടെ പ്രകടനം. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കു ഒരു ഘട്ടത്തിൽപ്പോലും വെല്ലുവിളിയുയയർത്താനായില്ല. സെഞ്ചുറി നേടിയ ആൻജലോ മാത്യൂസാണ് അൽപമെങ്കിലും പിടിച്ചു നിന്നത്. തിരിമന്ന 21 ഉം ഡിക്‌വെല്ല 22 ഉം ഗുണതിലക 16 ഉം ഗുണരത്ന 34 ഉം റൺസെടുത്തു. യുസവേന്ദ്ര ചഹാൽ മൂന്നും ബുംറ രണ്ടും വിക്കറ്റുകൾ വീതവും വീഴ്ത്തി. 

MORE IN BREAKING NEWS
SHOW MORE