ടീമില്‍ തമ്പി; ബോളിങ്ങില്‍ അണ്ണന്‍

basil-thampi1
SHARE

ഡെയില്‍ സ്റ്റെയിനെയും ശ്രീശാന്തിനെയും ഇഷ്ടപ്പെടുന്ന ബേസില്‍ തമ്പി പത്താം ഐ.പി.എല്‍ സീസണിലെ എമേര്‍ജിങ് പ്ലയറിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ മുതല്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള വിളിക്കായി റണ്ണപ്പിനായി തയാറെടുക്കുന്നു. ആ ഒരുക്കങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തിനില്‍ക്കുന്നത്.രഞ്ജി ട്രോഫിയില്‍ കേരളം ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ബേസില്‍ തമ്പിയുടെ എട്ടുവിക്കറ്റും ഒരു അര്‍ധസെഞ്ചുറിയും നിര്‍ണായകമായി. ബോളിങ്ങിനൊപ്പം ബാറ്റിങ്ങും വശമാണെന്നതാണ് ബേസില്‍ തമ്പിക്ക് നേട്ടമായി. 

വേഗം തന്നെയാണ് ബേസിലിന്റെ കരുത്ത്. ബൗണ്‍സറുകളും സ്ലോ ബോളുകളും ഉള്ള ആവനാഴിയിലെ വജ്രായുധം ഇന്‍സ്വിങ് യോര്‍ക്കറുകളാണ്. ഇഷ്ടതാരങ്ങളായ ഡെയില്‍ സ്റ്റെയിനിന്റെ അഗ്ര·ഷനും സ്പിരിറ്റും ശ്രീശാന്തിന്റെ സീം പൊസിസഷനും സ്വായത്തമാക്കാനാണ് ബേസിലിന്റെ ശ്രമം. സ്റ്റെയിനെ നേരില്‍ കാണുന്നതിനുള്ള കാത്തിരിപ്പ് നീളുകയാണെങ്കില്‍ ശ്രീശാന്തില്‍ നിന്ന് ലഭിച്ച ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള തയാറെടുപ്പിലാണ് ഈതാരം. 

Basil-Thampi

പെരുമ്പാവൂര്‍ ആശ്രാമം സ്കൂളിലും എം.ജി.എം സ്കൂളിലും പഠിക്കുമ്പോള്‍ തുടങ്ങിയ ക്രിക്കറ്റ് കളി പെരുമ്പൂര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെ വളര്‍ന്നു. അതുവഴി എറണാകുളം സ്വാന്റണ്‍സ് ക്ലബ്ബിലേക്കുമെത്തി. എന്നാല്‍ ഇടയ്ക്കെപ്പോഴോ ക്രിക്കറ്റ് വിട്ട് ദുബായിലേക്ക് പറക്കണമെന്ന് മോഹിച്ചെന്നും കളി മതിയാക്കാന്‍ തീരുമാനിച്ചെന്നും ബേസില്‍ പറയുന്നു. ഇന്ന് താനൊരു താരമായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ സി.എം.ദീപക് എന്ന കേരളത്തിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണെന്ന് ബേസില്‍ വ്യക്തമാക്കി. അദ്ദേഹം നല്‍കിയ കൗണ്‍സിലിങ്ങിലൂടെ ദുബായിലേക്കു പറക്കാനുള്ള മോഹം ഉപേക്ഷിച്ചെന്നും പകരം ചെന്നൈയിലേക്ക് പറന്നെന്നും ബേസില്‍ പറഞ്ഞു. 

അവിടെ കേരളത്തില്‍ നിന്ന് ഇന്ത്യ കളിച്ച ടിനു യോഹന്നാന്‍റെ അടുത്തേക്ക്. ടിനുവിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് എം.ആര്‍.എഫിലേക്ക്. അവിടെ ഗ്ലെന്‍ മഗ്രാത്തും സെന്തില്‍ നാഥനും ബേസിലിനെ പരുവപ്പെടുത്തി. 2012ലാണ് ബേസില്‍ ചെന്നൈയിലേക്ക് പോകുന്നത്. രണ്ടുവര്‍ഷത്തിനുശേഷം അണ്ടര്‍ 19 ടീമിലൂടെ കേരളത്തിന്റെ രഞ്ജി ടീമിലെത്തി. 

thambi

വേഗം കുറയ്ക്കാതെ നിയന്ത്രണത്തോടെ പന്തെറിയാനാണ് മഗ്രാത്ത് പഠിപ്പിച്ചതെന്ന് ബേസില്‍ പറഞ്ഞു. ഇപ്പോള്‍ ശ്രദ്ധിക്കുന്നതും അതുതതന്നെ. വേഗം കുറയാതെ നിയന്ത്രണത്തോടെ എറിയുന്ന യോര്‍ക്കറുകളാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും ബേസില്‍ പറഞ്ഞു. ഇതിനായി വസിം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെ ബോളിങ് വീഡിയോകള്‍ വീണ്ടും വീണ്ടും കാണാറുണ്ടെന്നും ബേസില്‍ പറഞ്ഞു.പെരുമ്പാവൂരുകാരന്‍ ബേസില്‍ തമ്പി ബോളിങ് മികവുകൊണ്ട് ദേശീയ രാജ്യാന്തര താരങ്ങളുടെയും കമന്റേറ്റര്‍മാരുടെയും പ്രശംസ ഏറ്റുവാങ്ങി.  ബ്രെറ്റ് ലീയെപ്പോലെ ഒരു താരമായി ബേസിലിനു മാറാനാവുമെന്ന് ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞു. പ്രതിഭയുള്ള സ്വാഭാവിക ഫാസ്റ്റ് ബോളര്‍, ഇന്ത്യയുടെ ഭാവി താരം എന്നാണ് കേരള ടീമിന്റെ പരിശീലകനായിരുന്ന പി.ബാലചന്ദ്രന്‍ പറഞ്ഞത്. റോ മെറ്റീരിയല്‍ മാത്രമായിരുന്ന ബേസില്‍ ഇന്ന് ആത്മവിശ്വാസമുള്ള അപകടകാരിയായ ഫാസ്റ്റ് ബോളര്‍ ആയെന്നും നിയന്ത്രണത്തോടെ എറിഞ്ഞാല്‍ നമ്പര്‍ വണ്‍ ആകാമെന്നും മാച്ച് റഫറിയും പരിശീലകനുമായ പി.രംഗനാഥന്‍ പറയുന്നു. 

ഏതായാലും കാത്തിരിക്കാം, ആ ബോളുകള്‍ മലയാളത്തിന്റെ അഭിമാന മാനത്തേക്ക് കൂടിയാണ്. കരുത്തോടെ കുതിക്കട്ടെ നമ്മുടെ തമ്പി...!

MORE IN SPORTS
SHOW MORE