കോഹ്‌‌ലി കറക്കിയിടുമോ റെക്കോര്‍‌ഡ് വിജയം..?

virat-kohli-1
SHARE

ജയിക്കാനായി ജയിച്ചവന്‍. 2014ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ നയിക്കേണ്ടി വന്നപ്പോള്‍ കോഹ്‌‌ലി സഹതാരങ്ങളോട് പറഞ്ഞത് ഇങ്ങനെ: അവര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കണം. ആര്‍ക്കെങ്കിലും എതിര്‍പ്പോ മടിയോ ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം, ഇല്ലെങ്കില്‍ മുറികളിലേക്ക് പോകാം. കോഹ്‌‌ലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയത്തിനുവേണ്ടി ആവേശത്തോടെ ആത്മാര്‍ഥതയോടെ നേരിടുന്ന താരം.  

നായകന്‍ മുന്നില്‍ നിന്ന് നയിക്കേണ്ടവനാണ്. അത് ഭംഗിയായി നിറവേറ്റുന്നു വിരാട് കോഹ്‌‌ലി. ഡല്‍ഹിയില്‍ സ്വന്തം നാട്ടില്‍ ടെസ്റ്റ് കരിയറിലെ ഇരുപതാം സെഞ്ചുറി അടിച്ച് വീണ്ടും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. അതിവേഗത്തില്‍ അയ്യായിരം റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ താരമായി കോഹ്‌‌ലി. ഒരു കലണ്ടര്‍ വര്‍ഷം പത്ത് സെഞ്ചുറികള്‍ നേടുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതിയും ക്യാപ്റ്റന്‍എന്ന നിലയില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ സ്വന്തമാക്കി. ഇപ്പോഴിതാ തുടര്‍ച്ചയായ ഒന്‍പത് പരമ്പര ജയങ്ങള്‍ എന്ന നേട്ടത്തിനരികെ. ഡല്‍ഹിയില്‍ ശ്രീലങ്കയെ തോല്‍പിച്ച് ആധികാരികമായി വിജയം നേടാനാണ് കോഹ്‌‌ലി എന്ന ക്യാപ്റ്റന്‍ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മല്‍സരം തോല്‍ക്കാതിരുന്നാല്‍ മതി ഇന്ത്യയ്ക്ക് റെക്കോര്‍ഡിലെത്താന്‍.

ആക്രമണോത്സുകതയുള്ള സാങ്കേതികത്തികവുള്ള കളിക്കാരനാണ് കോഹ്‌‌ലി. നെഞ്ചുവിരിച്ച് നിന്നാണ് കോഹ്‌‌ലി പന്തുകളെ നേരിടുന്നത്. ബാറ്റില്‍ കൈപിടിക്കുന്നതും പാദചലനങ്ങളും മറ്റുതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മിഡ് വിക്കറ്റിലും കവറിലും നന്നായി കളിക്കുന്ന താരം. ഫ്ലിക്ക് ഷോട്ടുകള്‍ കോഹ്‌‌ലിയുടെ ബാറ്റില്‍ നിന്ന് പോകുന്നതിന്റെ ഒഴുക്ക് ഒന്നുവേറെ തന്നെയാണ്.  കോഹ്‌‌ലി ഏറ്റവും മനോഹരമായി ബാറ്റുചെയ്യുന്നത് സ്കോര്‍ പിന്തുടരുമ്പോഴും സമ്മര്‍ദഘട്ടങ്ങളിലും ആണെന്ന് പറയാം. സ്വന്തം നാട്ടില്‍ വലിയ സ്കോര്‍ നേടി ശ്രീലങ്കയെ സമ്മര്‍ദത്തിലാക്കി കറക്കിയിടാനാണ് കോഹ്‌‌ലി എന്ന നായകന്‍ ലക്ഷ്യമിടുന്നത്. അത് എത്രമാത്രം അകലെ എന്ന ചോദ്യംമാത്രം ബാക്കി. 

MORE IN SPORTS
SHOW MORE