ഒടുവിൽ സച്ചിന്റെ പത്താം നമ്പറും വിരമിക്കുന്നു

sachin-tendulkar
SHARE

ഇന്ത്യൻ ക്രിക്കറ്റിൽ എന്നല്ല ലോക ക്രിക്കറ്റിൽ തന്നെ പത്താം നമ്പർ ജഴ്സിയെന്ന് പറയുമ്പോൾ ഓർമ വരുന്ന ഒരു മുഖമേ ഉള്ള‍ൂ, സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഓരോ ക്രിക്കറ്റ് പ്രേമിക്കും അതൊരു വികാരമായിരുന്നു. ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നില ജഴ്സിയിൽ മറ്റൊരു പത്താം നമ്പർ ഇതിഹാസതാരത്തെ കാണാൻ കഴിയില്ല.

സച്ചിന്റെ വിരമിക്കലോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സിയിൽനിന്ന് നമ്പർ പത്തും പടിയിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ശാർദുൽ ഠാക്കൂർ പത്താം നമ്പർ ജഴ്സി ധരിച്ചത് വിവാദമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം മാറ്റാൻ ഹാഷ്ടാഗ് അടക്കമുള്ള പ്രതിഷേധവുമായി ആരാധകർ രംഗത്തിറങ്ങിയിരുന്നു. രോഹിത് ശർമപോലും ശാർദുലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോൾ പത്താം നമ്പര്‍ ജഴ്‌സി ബിസിസിഐ ഇന്ത്യന്‍ ടീമില്‍ നിന്നും എടുത്തുമാറ്റുന്നു. ഇക്കാര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ അംഗീകാരം തേടിയ ബിസിസിഐ, ഐസിസിയുടെ അനുമതി കിട്ടിയില്ലെങ്കിലും സാങ്കേതികമായി പത്താം നമ്പര്‍ ഇനി ഒരു കളിക്കാരനും നല്‍കേണ്ടതില്ല എന്ന തീരുമാന‍ം എടുത്തതായാണ് വിവരം. 

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിലും സച്ചിൻ പത്താം നമ്പർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അവർ പക്ഷേ, സച്ചിനോടുള്ള ആദര സൂചകമായി ആ നമ്പർ ഇനിയാർക്കും നൽകില്ലെന്നു തീരുമാനിച്ചിരുന്നു. 2013ലാണ് 24 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനു ശേഷം വിരമിക്കുന്നത്.  2012 മാർച്ച് 10ന് പാക്കിസ്ഥാനെതിരെയുള്ള ഏകദിന മൽസരത്തിലാണ് സച്ചിൻ അവസാനമായി പത്താം നമ്പർ ജഴ്സിയണിഞ്ഞത്. 

MORE IN SPORTS
SHOW MORE