രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ ബൗണ്‍സര്‍

run-out--sachinbaby
SHARE

22വാരകള്‍ക്കിടയില്‍ ഓടിത്തളര്‍ന്ന കേരള ക്രിക്കറ്റ് ടീമിനെയാണ് ഇതിനുമുമ്പ് കണ്ടിട്ടുള്ളത്. അവിടെ ഓടിത്തീര്‍ത്ത ടിനു യോഹന്നാനും ശ്രീശാന്തും ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയതാണ് കേരളത്തിന്റെ ആശ്വാസം. ഇക്കുറി വിക്കറ്റിനു മുന്നിലും പിന്നിലും ബോളിങ്ങിലും മികവോടെ മുന്നേറിയാണ് കേരളം കളം മാറ്റിവരച്ചത്. ഇതിന്‍റെ ചാലകശക്തി മറ്റാരുമല്ല കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീമിനായി എത്തിച്ച ഡേവ് വാട്മോര്‍ എന്ന പരിശീലകന്‍ തന്നെ.  

വമ്പന്മാരായ ഗുജറാത്ത്, രാജസ്ഥാന്‍,സൗരാഷ്ട്ര ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഗുജറാത്തിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായിട്ടാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറിലെത്തിയത്. അതും ര‍ഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇതാദ്യത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍. ഇതിനു മുമ്പ് പ്രീക്വാര്‍ട്ടര്‍ ലീഗും സൂപ്പര്‍ ലീഗും കളിച്ചിട്ടുണ്ടെങ്കിലും നോക്കൗട്ട് കളിച്ചിട്ടില്ല. 

കെ.എന്‍. അനന്തപത്മനാഭനും ഫിറോസ് വി.റഷീദും സുനില്‍ ഓയായിസും സോണി ചെറുവത്തൂരും ആണ് ഇതിനുമുമ്പ് ടീമിനെ പ്രഥമികഘട്ടത്തില്‍ നിന്ന് മുന്നോട്ടു നയിച്ചവര്‍. പക്ഷെ ദക്ഷിണമേഖലയ്ക്ക് അപ്പുറത്തേക്ക് പോകാനായിരുന്നില്ല. ഈ തടസങ്ങളാണ് ബാറ്റെടുത്തും ബോള്‍ എറിഞ്ഞും കേരളം നേടിയത്. 

സച്ചിന്‍ ബേബിയെന്ന ക്യാപ്റ്റനു കീഴില്‍ കേരളം ഈ സീസണ് ഇറങ്ങുമ്പോള്‍ ഇതുപോലൊരു നേട്ടം കടുത്ത ആരാധകര്‍പോലും പ്രതീക്ഷിച്ചില്ല. രഞ്ജിട്രോഫിയിലെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് കേരളത്തിനായി പന്ത് കറക്കിയിട്ട മധ്യപ്രദേശുകാരനായ ജലജ് സക്സേനയാണ്. ആറു മല്‍സരങ്ങളില്‍ നിന്ന് 38വിക്കറ്റാണ് ജലജ് നേടിയത്. 77റണ്‍സ് വിട്ടുകൊടുത്ത് 11 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ജലജിനൊപ്പം 19 വിക്കറ്റ് കറക്കിയിട്ട സിജോമോന്‍ ജോസഫും 13വിക്കറ്റ് കറക്കിയിട്ട അക്ഷയും വലംകയ്യന്‍ മീഡിയം പേസില്‍ പത്തിലേറെ വിക്കറ്റ് വീഴ്ത്തിയ എം‍ഡി നിതീഷും കേരളത്തിന്റെ വിജയങ്ങളില്‍ നിര്‍ണായകമായി. 9വിക്കറ്റെടുത്ത സന്ദീപ് വാര്യറും എട്ടുവിക്കറ്റെടുത്ത ബേസില്‍ തമ്പിയും വിക്കറ്റ് വേട്ടയിലെ പോരാളികളായി.

 ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ തന്നെ കേമന്‍. റണ്‍സ് വേട്ടക്കാരില്‍ സഞ്ജു കേരളത്തിന്റെ ഒന്നാമനാണ്. ആറു മല്‍സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 577റണ്‍സ് അടിച്ചെടുത്തു. ഒപ്പം വിക്കറ്റിന് പിന്നിലും തിളങ്ങി. 12 ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് സഞ്ജു നേടിയത്. ബോളിങ്ങിലെന്നപോലെ ബാറ്റിങ്ങിലും ജലജ് കേരളത്തിന്റെ വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കി. 482റണ്‍സ് സ്കോര്‍ ചെയ്തതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നു. 383 റണ്‍സോടെ രോഹന്‍ പ്രേമും 308റണ്‍സോടെ അരുണ്‍ കാര്‍ത്തിക്കും ബാറ്റിങ്ങിലെ പോരാളികളായി. 

ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തി. രണ്ട് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 273 റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്. ടീമിനെ ക്വാര്‍ട്ടറിലെത്തിച്ചതില്‍ സന്തോഷമെന്നും അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് ഇനി മുന്നിലുള്ളതെന്നും സച്ചിന്‍ 'മനോരമ'യോടു പറഞ്ഞു. 

ശ്രീലങ്കയെ ലോക കപ്പിലേക്ക് നയിച്ച ഡേവ് വാട്മോര്‍ എന്ന തന്ത്രഞ്ജന്റെ കീഴില്‍ കളി പഠിച്ച കേരളം ആദ്യമല്‍സരം മുതല്‍ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ ഫാസ്റ്റ് ബോളിങ് പോരാളിയായി മാറിയ ടിനു യോഹന്നാന്‍ ടീമിന്റെ ബോളിങ് കോച്ചായപ്പോള്‍ ബോളിങ് നിര ഉണര്‍ന്നു. അസിസ്റ്റന്റ് കോച്ചായി മഹര്‍ മൊയ്ദുവും ട്രെയനറായി രാജേഷ് ചൗഹാനും ഫിസിയോ ആയി ശ്രീജിത്തും വിഡിയോ അനലിസ്റ്റായി രാകേഷും ഇവരെയെല്ലാം മാനേജ് ചെയ്തുകൊണ്ട് സജികുമാറും ചേര്‍ന്നപ്പോള്‍ കേരളം കൊതിച്ച നേട്ടത്തിലെത്തി. 

ക്വാര്‍ട്ടറില്‍ മനോജ് തിവാരി നയിക്കുന്ന ബംഗാളിനെ നേരിടാനുള്ള തയാറെടുപ്പിലാണ് സച്ചിന്‍ ബേബി നയിക്കുന്ന ടീം കേരള.

MORE IN SPORTS
SHOW MORE