ധോണി ആളത്ര കൂളല്ല; തുറന്നു പറഞ്ഞ് സഹതാരം

Dhoni-Batting.jpg.
SHARE

കളിക്കളത്തിലെയും പുറത്തെയും മാന്യമായ പെരുമാറ്റം മൂലം വൻഅഭിനന്ദനം നേടുന്നയാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. മത്സരത്തില്‍ എത്ര സമ്മർദ്ദമുള്ള ഘട്ടത്തിലാണെങ്കിലും അത് മുഖത്ത് തെല്ലും കാണാത്ത താരമാണ് ധോണി. ജയിക്കാവുന്ന അവസരങ്ങളിലും തോൽക്കുമ്പോഴും മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങളുമില്ലാത്തത് കൊണ്ട് തന്നെ ആരാധകർ അദ്ദേഹത്തെ ക്യാപ്റ്റൻ കൂൾ എന്നു വിളിച്ചു. ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ധോണി മാറിയപ്പോഴും വിക്കറ്റിന് പുറകിൽ ആൾ  ഇപ്പോഴും കൂളാണ്.

എന്നാല്‍ ധോണി ആളത്ര കൂളൊന്നുമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ സുരേഷ് റെയ്ന. ധോണിയുടെ കണ്ണുകളിൽ ഭാവമാറ്റം കണ്ടെത്തുക വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ധോണി ദേഷ്യപ്പെടാറില്ലെന്ന കാര്യം ശരിയല്ല. ഒരു പക്ഷെ ധോണി ദേഷ്യപ്പെടുന്നത് ക്യാമറകൾ പിടിച്ചെടുക്കാത്തതായിരിക്കാം. പരസ്യങ്ങളുടെ സമയത്ത് ക്യാമറകൾ  മാറുമ്പോഴാണ് ധോണി പലപ്പോഴും ദേഷ്യപ്പെടാറുള്ളത്. റെയ്ന പറയുന്നു.

ധോണിയുടെ കളിക്കളത്തിലെ 'കളി'കൾക്ക് മറ്റൊരു ഉദാഹരണം കൂടി റെയ്ന ആരാധകരുമായി പങ്കുവെക്കുന്നു. വർഷങ്ങൾക്കു മുമ്പ് ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിനിടെ ഉമർ അക്മൽ തനിക്കെതിരെ ധോണിയോട് പരാതിപ്പെട്ടു. എന്നാല്‍ ഉമറിന്റെ മേൽ സമ്മർദ്ദമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ഞാൻ പറഞ്ഞു. അതിനു ധോണി മറുപടി പറഞ്ഞത് അങ്ങനെ തന്നെ തുടർന്നു കൊള്ളാനായിരുന്നു. റെയ്ന അടിവരയിടുന്നു. ഇന്ത്യൻ ടീമിലും ഐപിഎല്ലിലും ഏറെ നാൾ ഒരുമിച്ച് കളിച്ച താരങ്ങളാണ് റെയ്നയും ധോണിയും. 

കളി ജയിക്കുന്നതിന് വേണ്ടി എല്ലായ്പ്പോഴും മൂന്നു പ്ലാനുകളുമായിട്ടായിരിക്കും ധോണി ഗ്രൗണ്ടിലുണ്ടാകുകയെന്നും റെയ്ന കൂട്ടിച്ചേർത്തു. ഏറെ നാളായി ഇന്ത്യൻ ടീമിന്  പുറത്തുള്ള റെയ്ന ഒരു സ്വകാര്യ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. രഞ്ജി ട്രോഫിയിൽ യുപിക്ക് വേണ്ടിയാണ് റെയ്ന ഇപ്പോള്‍ കളിക്കുന്നത്.

MORE IN SPORTS
SHOW MORE