സച്ചിനെ മറികടക്കാൻ കോഹ്‌ലിക്കാകും: അക്തർ

sachin-akhtar-kohli
SHARE

സച്ചിന്റെ റെക്കോർഡുകള്‍ കോഹ്‍ലിക്കു മറികടക്കാൻ സാധിക്കുമെന്നാണ് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷോയബ് അക്തർ പറയുന്നത്. 120 സെഞ്ചുറി വരെ കോഹ്‌ലിക്കു നേടാൻ സാധിക്കുമെന്നാണ് മുൻ റാവൽപിണ്ടി എക്സ്പ്രസിന്റെ അവകാശവാദം. ശ്രീലങ്കയുമൊത്തുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിലാണ് 50 സെഞ്ചുറികൾ കോഹ്‍‌ലി തികച്ചത്. 318 മൽസരങ്ങളിൽ നിന്നായിരുന്നു കോഹ്‌ലിയുടെ നേട്ടം. 

മിസ്ബാ ഉൾ ഹക്കിന് 43 വയസു വരെ കളിക്കാൻ സാധിച്ചെങ്കിൽ കോഹ്‍ലിക്കു 44 വയസു വരെ കളിക്കാൻ സാധിക്കും. സച്ചിൻ ഒരു നൂറ്റാണ്ടിന്റെ താരമാണ്. കോഹ്‌ലി വളർന്നു വരുന്ന താരവും. കോഹ്‌ലിയുമൊത്ത് അധികം മൽസരം കളിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ സച്ചിനുമായി നിറയെ നല്ല മൽസരങ്ങൾക്കു സാക്ഷ്യം വഹിക്കാൻ സാധിച്ചു. – അക്തർ പറയുന്നു. 

664 രാജ്യാന്തര മൽസരങ്ങളിൽ‌ നിന്ന് നൂറു സെഞ്ചുറി തികച്ച സച്ചിനു പിന്നാലെയാണ് 318 മൽസരങ്ങളിൽ നിന്ന് 50 സെഞ്ചുറികളുമായി കോഹ്‍ലി കുതിച്ചെത്തുന്നത്. തൊട്ടുപിന്നാലെ, സച്ചിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന സാക്ഷാൽ സൗരവ് ഗാംഗുലിയുടെ റെക്കോർഡും കോഹ്‍ലി തകർത്തു. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടിയ നാലാമത്തെ താരമെന്ന റെക്കോർഡാണ് ഗാംഗുലിയിൽനിന്ന് കോഹ്‍ലി സ്വന്തമാക്കിയത്.

ഇക്കാര്യത്തിൽ ഇനി കോഹ്‍ലിക്കു മുന്നിലുള്ളത് മുഹമ്മദ് അസ്ഹറുദ്ദീൻ (47 ടെസ്റ്റുകളിൽനിന്ന് 2856 റൺസ്), സുനിൽ ഗാവസ്കർ (47 ടെസ്റ്റുകളിൽനിന്ന് 3449), മഹേന്ദ്രസിങ് ധോണി (60 ടെസ്റ്റുകളിൽനിന്ന് 3544 റൺസ്) എന്നിവർ മാത്രം. 49 ടെസ്റ്റുകളിൽനിന്ന് 2561 റൺസായിരുന്നു ഗാംഗുലിയുടെ സമ്പാദ്യം. ഇതുവരെ 30 ടെസ്റ്റുകൾ മാത്രം കളിച്ചാണ് കോഹ്‍ലി ഗാംഗുലിയെ മറികടന്നത്.

2009 ഡിസംബർ 24ന് ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു വിരാട് കോഹ്‍ലിയുടെ ആദ്യ രാജ്യാന്തര സെഞ്ചുറി. അന്ന് 317 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽത്തന്നെ സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ് എന്നിവരെ നഷ്ടമായി. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ആദ്യ ദിനം ഇന്ത്യയെ വലച്ച സുരംഗ ലക്മലായിരുന്നു അന്നും ഇന്ത്യയുടെ പ്രധാന ശത്രു. എന്നാൽ, ഗംഭീറിനൊപ്പം ചേർന്നു തിരിച്ചടിച്ച കോഹ്‍ലി ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകർപ്പൻ വിജയം. 2009ലെ ആ ക്രിസ്തുമസിനു തലേന്ന് പിറന്നതാകട്ടെ, ഇന്ത്യൻ ക്രിക്കറ്റിലെ പുതി ചരിത്രവും. എന്തായാലും ഇതേ വേദിയിൽ ഏതാണ്ട് ഒൻപതു വർഷങ്ങൾക്കിപ്പുറം സെഞ്ചുറിയെണ്ണത്തിൽ അർധസെഞ്ചുറി കടന്നും കോഹ്‍ലി കുതിപ്പു തുടരുന്നു.

MORE IN SPORTS
SHOW MORE