കോപ്പലാശാന്‍ Vs റെനിച്ചായന്‍; കൊച്ചി കളി കാണുംവിധം

run-out-23-11
SHARE

സൈഡ് ബഞ്ചിനു സമീപം പാത്തുംപതുങ്ങിയും നിന്ന് കളിക്കാര്‍ക്ക് ഊര്‍ജം പകര്‍ന്ന കോപ്പലാശാന്‍ ഗ്യാലറിയിലെ പന്ത്രണ്ടാമനെ കൂട്ടുപിടിച്ചാണ് കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് അവിശ്വസിനീയ കുതിപ്പ് നല്‍കിയത്.  കേരള ബ്ലാസ്റ്റേഴ്സ് എന്തെന്നും കൊച്ചിയിലെ ആരാധകര്‍ എങ്ങനെയെന്നും അളന്നുതൂക്കിയറിഞ്ഞ കോപ്പലാശാന്‍ വീണ്ടും കൊച്ചിയിലെത്തുമ്പോള്‍ നെഞ്ചിടിപ്പ് കൂടേണ്ടത് ആര്‍ക്കാണ്..?

മധ്യനിര ഒടിഞ്ഞ ഒരു ടീമിനെ കഴിഞ്ഞ സീസണില്‍ മുന്നിലേക്ക് നയിച്ചപ്പോള്‍ കേരളത്തിലെ കളിപ്രേമികള്‍ അറിയാതെ വിളിച്ചു, ആശാനേ..! നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമല്ല ആശാന്‍. പക്ഷെ മഞ്ഞപ്പടയുടെ മുന്നണിപ്പോരാളി ബെല്‍ഫോര്‍ട്ടിനെയും തന്ത്രങ്ങളൊരുക്കുന്നതില്‍ ഒപ്പം നിന്ന ഇഷ്ഫാക്കിനെയും കിറ്റിലാക്കി ആശാന്‍ പറന്നിറങ്ങിയത് ടാറ്റയുടെ ഉരുക്കുഫാക്ടറിയില്‍. മുന്നേറ്റ നിരയും മധ്യനിരയും പ്രതിരോധ നിരയും സജ്ജമാക്കി ജംഷഡ്പൂര്‍ എഫ്സിയെ കന്നി സൂപ്പര്‍ ലീഗിന് ഇറക്കി. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീം ആദ്യമല്‍സരത്തില്‍ ഗോള്‍രഹിത സമനിലയോടെ തുടങ്ങി. പക്ഷെ കപ്പ് എടുക്കാൻ പോന്ന ടീമാണ് എന്ന സൂചനകള്‍ നല്‍കിക്കഴിഞ്ഞു. 

ആശാന് പ്രതിരോധം വിട്ടൊരു കളിയില്ല. ഇത്തവണയും അത് വ്യക്തം. ആഫ്രിക്കന്‍‌ കരുത്തുമായി ആന്ദ്രേ ബിക്കെ ജംഷഡ്പൂരിന്റെ ഉരുക്കുകോട്ടയുടെ മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്നു. സ്പാനിഷ് താരം ടിരിയും മലയാളി താരം അനസ് എടത്തൊടികയും ജൂനിയർ ഇന്ത്യൻ താരം സായ്റുവത് കിമയും ആണ് മറ്റ് പ്രധാന കാവൽഭടന്മാര്‍. ഇവരെ അരിഞ്ഞുവീഴ്ത്തിയെത്തിയാല്‍ ഗോള്‍വലയ്ക്കു മുന്നില്‍ കൈവിരിച്ച് സുബ്രതാ പാല്‍ ഉണ്ടാവും. കഴിഞ്ഞ സീസണില്‍ കൊൽക്കത്തയുടെ കിരീടധാരണത്തിൽ നിർണായകപങ്കു വഹിച്ച ദക്ഷിണാഫ്രിക്കയുടെ സമീഗ് ദൗത്തിയായിരിക്കും മധ്യനിരയുടെ തുറുപ്പുചീട്ട്. ബ്ലാസ്റ്റേഴ്സില്‍ നിന്ന് അടര്‍ത്തിയെടുത്ത കില്ലിങ് സ്ട്രൈക്കർ കെർവെൻസ് ബെൽഫോർട്ടും സെനഗലിന്റെ ടെല്ലാ എൻഡിയേയും മുന്നേറ്റത്തിലെ പോരാളികളാകും. 

കളവും മനവും അറിഞ്ഞ് ഉരുക്കുകോട്ടയുമായി എത്തുന്ന കോപ്പലാശന്‍ നേരിടുന്നത് റെനിച്ചായന്റെ കുട്ടികളെയാണ്. മഞ്ഞപ്പടയും ഇക്കുറി സമനിലയോടെയാണ് തുടങ്ങിയത്. ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും വിനീതും ഉള്‍പ്പെടുന്ന സംഘം ആശാന്റെ ഉരുക്കുകോട്ട തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. കോപ്പലാശാനും റെനിച്ചായനും കളിമെനഞ്ഞതും തന്ത്രങ്ങളൊരുക്കിയതും ഒരേ പാളയത്തില്‍ ആണ്. അതുകൊണ്ട് ഇരുവര്‍ക്കും തന്ത്രങ്ങളെക്കുറിച്ച് നന്നായി അറിയാനാകും. 

മാഞ്ചസറ്റര്‍ യുണൈറ്റഡിന്റെ പരിശീലക സംഘത്തിലെ പ്രധാനകള്‍ തമ്മിലെ പോരാട്ടത്തം ഒരേ ശൈലിയുടെ ഏറ്റുമുട്ടലാകുമോ എന്ന് കളിത്തിലറിയാം. ആദ്യമല്‍സരത്തില്‍ ഗോള്‍ രഹിത സമനില വഴങ്ങിയ ഇരുടീമിനും ഗോളടിച്ച് പോരാട്ടത്തിന് ആവേശം കൂട്ടേണ്ടതുണ്ട്. ഗ്യാലറിയിലെ പന്ത്രണ്ടാമന്റെ കളി അറിയുന്ന കോപ്പലാശാനോട് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് പെരുത്ത് ഇഷ്ടമാണ്. പക്ഷെ സ്വന്തം ടീമിനെതിരെ പടനയിച്ചെത്തിയാല്‍ പന്ത്രണ്ടാമന് അറിയാം എവിടെ കളിക്കണമെന്ന്..!

MORE IN SPORTS
SHOW MORE