രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിന് മിന്നുന്ന ജയം

Thumb Image
SHARE

രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിന് മിന്നുന്ന ജയം. തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് കേരളം കരുത്തരായ സൗരാഷ്ട്രയെ 309 റൺസിനാണ് തോൽപ്പിച്ചത്. ഇതോടെ 24 പോയിന്റുമായി കേരളം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. 27 പോയിന്റോടെ ഗുജറാത്താണ് ഒന്നാമത്. അടുത്തകളിൽ ഹരിയാനയെ തോൽപ്പിച്ചാൽ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കാം. 

405 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്ങിസിൽ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയെ 95 റൺസിന് കേരളം പുറത്താക്കി. കേരളത്തിന് വേണ്ടി ഷിജുമോൻ, ജലജ് സക്സേന, കെ.സി. അക്ഷയ് എന്നിവർ മൂന്നുവീതം വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിങ്സിൽ സഞ്ജുസാംസൺ നേടിയ സെഞ്ച്വറിയാണ് കേരളത്തിന് ജയമൊരുക്കിയത്. ശ്രീലങ്കക്കെതിരായ സന്നാഹ മൽസരത്തിലും സെഞ്ച്വറി നേടിയ സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം ശതകമാണിത് 

ആദ്യ ഇന്നിങ്സിൽ 225 റൺസ് നേടിയ കേരള രണ്ടാമിന്നിങ്സിൽ ആറുവിക്കറ്റിന് 411 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഐപിഎൽ താരം റോബിൻ ഉത്തപ്പ ഉൾപ്പെടുന്ന സൗരാഷ്ട ആദ്യ ഇന്നിങ്സിൽ 232 റൺസെടുത്തെങ്കിലും രണ്ടാമിന്നിങ്സിൽ അടിപതറി. ഈ വിജയം ഏറെ ആത്മിവിശ്വാസം പകരുന്നതാണെന്ന് പരിശീലകൻ ഡേവ് വാറ്റ്മോർ. ഇത് കേരളത്തിന്റെ അമ്പതാം രഞ്ജിട്രോഫി വിജയമാണ്. ഹരിയാനയുമായുള്ള അടുത്ത കളി ജയിച്ചാൽ കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ കടക്കാം. 

MORE IN SPORTS
SHOW MORE