കലിപ്പടക്കാന്‍ കാത്തിരിക്കണം..!

ck-vineeth
SHARE

മാനം കാത്തെടാ..! ഒരുപക്ഷെ ഇതായിരിക്കും ആശാന്‍മാര്‍ തമ്മില്‍ പറഞ്ഞത്. റെനി മ്യൂലന്‍സ്റ്റീന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹപരിശീലകനായിരുന്നപ്പോള്‍ ടെഡി ഷെറിങ്ങാം മാന്‍ യുവിന്റെ മുന്‍ കളിക്കാരനാണ്. അതുകൊണ്ടുതന്നെ കളിയില്‍ ഇംഗ്ലീഷ് ടച്ചും. കോപ്പലാശനു പകരം റെനിച്ചായനെത്തി. വീടുവിട്ടുപോയ ഹ്യൂമേട്ടന്‍ തിരിച്ചെത്തി. ലീഗിലെ ഏറ്റവും വിലകൂടിയതാരം, അതും ഗോളടിയന്ത്രം എന്നു വിശേഷിപ്പിക്കുന്ന ബെര്‍ബറ്റോവുമെത്തി. ഉഗ്രനൊരു തീം സോങ്ങും. 'കപ്പടിക്കണം, കലിപ്പടക്കണം...' ആവേശവും ഊര്‍ജവും വേണ്ടുവോളം ലഭിക്കുന്ന വരികള്‍. 

2016ലെ കപ്പ് തട്ടിയെടുത്തവന്മാരോട് കലിപ്പു കാലില്‍ ഒളിപ്പിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് അത് ഗോളിലേക്ക് തിരിച്ചുവിടാനായില്ല. പോള്‍ റച്ചൂക്ക എന്ന ഗോളിയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ കളിയുടെ ഗതിവിഗതികള്‍ തന്നെ മാറിയേനെ. കളിക്കാരുമാറി, ആറ് വിദേശ കളിക്കാര്‍ക്കു പകരം ആറ് ഇന്ത്യന്‍ കളിക്കാരായി. ബെര്‍ബറ്റോവും ഹ്യൂമും അരാത്ത ഇസുമിയും വിനീതും കറേജ് പെക്കൂസനും റിനോയും അണിനിരന്ന ബ്ലാസ്റ്റേഴ്സ് കരുത്തുറ്റ ടീമാണ്. ലോങ് ബോള്‍ കളിച്ചെത്തിയ ബ്ലാസ്റ്റേഴ്സിനെ ചാംപ്യന്‍ കൊല്‍ക്കത്ത പാസുകള്‍ തീര്‍‌ത്ത് പിടിച്ചുനിര്‍ത്തി, താളംതെറ്റിച്ചു. 

isl-blasters

റച്ചൂക്ക എന്ന രക്ഷകന്‍

പ്രതിരോധക്കോട്ടയിലെ വമ്പന്‍ തൂണുകളായ ജിങ്കാനും പെസിച്ചും ആടിയുലഞ്ഞപ്പോള്‍ റച്ചൂക്ക രക്ഷകവേഷം അണിഞ്ഞു. അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ജനിച്ച് ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ റച്ചൂക്ക മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യൂത്ത് അക്കാദമി നിര്‍മിച്ചെടുത്തതാണ്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 16, അണ്ടര്‍ 20 ടീമുകള്‍ക്കായി ഗോള്‍വല കാത്തെങ്കിലും ദേശീയ സീനിയര്‍ ടീമിലെത്തിയില്ല. 36കാരനായ റച്ചൂക്കയുടെ റിഫ്ലക്ഷന്‍ കൊല്‍ക്കത്തയുടെ വീര്യം കെടുത്തി. 70ാംമിനിറ്റില്‍ വന്‍തൂണുകളും റച്ചൂക്കയും നോക്കി നില്‍ക്കെ പോസ്റ്റ് രക്ഷകനായി. വരും മല്‍സരങ്ങളിലും റച്ചൂക്ക മഞ്ഞപ്പടക്ക് കരുത്താകും.

മലയാളിതാരം പ്രശാന്ത് മോഹനില്‍ പുതിയ പ്രതീക്ഷകള്‍ ഉണരുന്നുണ്ട്. പകരക്കാരനായി പ്രശാന്ത് എത്തിയപ്പോഴാണ് വലതുവിങ്ങ് ഉണര്‍ന്നത്. സൂപ്പര്‍ താരം ബെര്‍ബറ്റോവിലൂടെ കൊല്‍ക്കത്തയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് കലിപ്പടക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ബെര്‍ബറ്റോവ് താളം കണ്ടെത്താനാവാതെ നിന്നു. ഒരുപക്ഷെ അടുത്തകളിയോടെ ബെര്‍ബറ്റോവ് താളം വീണ്ടെടുക്കുമായിരിക്കും. അലക്സ് ഫെര്‍ഗ്യൂസനൊപ്പം കളി പരിശീലിപ്പിച്ച റെനിച്ചായന്‍ പുതുതന്ത്രങ്ങളുമായി വരും. ബ്ലാസ്റ്റേഴ്സ് കലിപ്പടക്കുന്നത് കാണാനായി മഞ്ഞപ്പടയായി ജനമായിരങ്ങളും. 

isl-kochi

പന്ത്രണ്ടാമന്റെ കളി

പന്ത്രണ്ടാമന്‍ ഗാലറിയില്‍ ഇരുന്നു കളിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് യഥാര്‍ഥ ശൗര്യം പുറത്തെടുത്തേ പറ്റൂ. കഴിഞ്ഞ സീസണിലും ആദ്യ അഞ്ചുകളിക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നത്. അതും ഈ പന്ത്രണ്ടാമന്റെ അകമഴിഞ്ഞ ആവേശത്തിരയുടെ ഊര്‍ജം കാലുകളിലേക്ക് ആവാഹിച്ച്. ആ കുതിപ്പ് ചെന്നവസാനിച്ചത് കപ്പിനായുള്ള ഫൈനല്‍ പോരാട്ടത്തിലും. ഇത്തവണയും പന്ത്രണ്ടാമന്‍ അതേ ഊര്‍ജത്തോടെ നില്‍ക്കുകയാണ്. ഈ പണത്തിനും പിന്തുണയ്ക്കും ഈ കളിപോരെന്ന് ഐ.എം.വിജയന്‍ പറഞ്ഞത് റെനിച്ചായന്റെയും കുട്ടികളുടെയും ചെവിയിലെത്തട്ടെ. 

MORE IN SPORTS
SHOW MORE