പാലാ സ്റ്റേഡിയത്തിന്റെ പ്രതിദിന വാടകയിൽ കുറവു വരുത്തും

Thumb Image
SHARE

പാലായിലെ പുതിയ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ പ്രതിദിനവാടകയിൽ കുറവു വരുത്തും. വാടക അമിതമാണന്ന കാരണത്താൽ കായിക മൽസരങ്ങൾ പലതും ഇവിടെനിന്ന് മാറ്റുന്ന സാഹചര്യത്തിലാണിത്. ജോസ് കെ.മാണി എം.പി ഇടപെട്ടാണ് വാടക കുറയ്ക്കാൻ നഗരസഭയ്ക്ക് നിർദേശം നൽകിയത്. 

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയോടു കൂടിയാണ് പാലായിലെ സിന്തറ്റിക് ട്രാക്ക് സംസ്ഥാന കായിക ഭൂപടത്തിൽ ഇടം പിടിക്കുന്നത്. താരങ്ങളും പരിശീലകരും ഒരുപോലെ ട്രാക്കിന്റെ ഗുണനിലവാരത്തിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ ഒട്ടേറെ മൽസരങ്ങൾക്ക് പാലാ സ്റ്റേഡിയത്തിന് മുൻഗണ ലഭിച്ചു. 21 കോടി മുടക്കി നിർമിച്ച ട്രാക്ക് സംരക്ഷിക്കുന്നതിന് പ്രതിദിനം ഇരുപതിനായിരം രൂപയാണ് സംരക്ഷണ ചുമതലയുള്ള നഗരസഭ ഈടാക്കുന്നത്. വൈദ്യുതി ചാർജ്, ശുചീകരണ ജോലികൾ എന്നിവയ്ക്കായി പതിനായിരം രൂപാ വേറെയും. ഇതിനു പുറമെ ഒരു ലക്ഷം രൂപാ കരുതൽ ധനമായി വാങ്ങുന്നത്. എന്നാൽ ഭീമമായ വാടക നൽകാൻ കഴിയില്ലെന്ന പേരിൽ മൽസരങ്ങളുടെ നടത്തിപ്പിൽ നിന്ന് പലരും പിൻ വാങ്ങി. ഇതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ നഗരസഭ തയ്യാറായത്.

സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിന് മാസം ശരാശരി രണ്ടു ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ തുക മുഴുവൻ വാടക ഇനത്തിൽ കണ്ടെത്തേണ്ടന്നും നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിക്കണമെന്നുമാണ് ഇപ്പോഴത്തെ തീരുമാനം.

MORE IN SPORTS
SHOW MORE