ഐഎസ്എൽ സൗഹൃദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

Thumb Image
SHARE

ഐഎസ്എല്ലിനു മുന്നോടിയായി നടത്തിയ സൗഹൃദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഐ ലീഗ് ടീമായ ഗോകുലം എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഹ്യൂമും ബെർബറ്റോവും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങി. 

വെള്ളിയാഴ്ച കൊച്ചിയിൽ ഐഎസ്എൽ ഉദ്ഘാടന മൽസരത്തിൽ കൊൽക്കത്തയെ നേരിടുന്നതിനു മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം എഫ്സിയുമായി ഏറ്റുമുട്ടിയത്. അണ്ടര്‍-17 ലോകകപ്പ് പരിശീലന വേദിയായിരുന്ന പനമ്പിള്ളിനഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ദിമിതര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, കറേജ് പെക്കൂസണ്‍, സി.കെ വിനീത്, അരാറ്റ ഇസുമി, റിനോ ആന്റോ തുടങ്ങിയ പ്രധാന താരങ്ങളെയെല്ലാം ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. സൗഹൃദ മൽസരമായതുകൊണ്ടുതന്നെ വിജയിക്കുന്നതിനേക്കാൾ പന്തു കാലിൽ നിലനിർത്താനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഊന്നൽ. ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോൾ നേടാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. മറുവശത്ത് ഗോകുലത്തിന്റെ ഏതാനും മികച്ച മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് ഗോളി പോൾ റച്ചുബ്ക വിഫലമാക്കി. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത് മാത്യു, വിദേശ താരം കാമോ തുടങ്ങിയവര്‍ ഗോകുലത്തിനായി കളത്തിലിറങ്ങി. കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും ഗ്രൗണ്ടിന്റെ മതിലിനു പുറത്തു നിന്ന് മത്സരം കാണാൻ ധാരാളം പേർ എത്തിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മൽസരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപന തുടരുകയാണ്. ഓൺലൈൻ വഴി വിൽപനയ്ക്ക് വച്ചവയിൽ കുറഞ്ഞ വിലയുള്ള ടിക്കറ്റുകളെല്ലാം വിറ്റു തീർന്നിരുന്നു. കൗണ്ടർ വഴി നേരിട്ടുള്ള ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും. ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സിന്റെ മികച്ച ആരാധക സംഘത്തിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയെ തേടിയെത്തിയത് ആരാധകരുടെ ആവേശം ഇരട്ടിയാക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റേയും, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റേയും ബെംഗളൂരു എഫ്സിയുടേയും ആരാധകരെ വോട്ടെടുപ്പിൽ പിന്തള്ളിയാണ് മഞ്ഞപ്പടയുടെ നേട്ടം 

MORE IN SPORTS
SHOW MORE