മിമിക്രി കലാകാരന്റെ കൊലപാതകം; കാമുകിക്കും ക്വട്ടേഷൻ സംഘാങ്ങൾക്കും ജീവപര്യന്തം

artist-death
SHARE

മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകിക്കും ക്വട്ടേഷൻ സംഘാംഗങ്ങൾക്കും ജീവപര്യന്തം ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. അഡീഷനൽ സെഷൻസ് ജഡ്ജി വി.ബി.സുജയമ്മ ആണ് കേസിൽ വിധി പറഞ്ഞത്. മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് (31) കൊല്ലപ്പെട്ട കേസിലാണു വിധി. 

ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവരാണ് പ്രതികൾ.

2013 നവംബർ 23നു രാവിലെ 11നാണു സംഭവം. എസ്എച്ച് മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്സിങ് സ്ഥാപനത്തിലായിരുന്നു കൊലപാതകം. ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് കണ്ടെത്തി. 

25,000 രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. മർദേനമേറ്റ് ലെനീഷ് മരിച്ചു. മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്തു റോഡരികിലെ റബർത്തോട്ടത്തിൽ തള്ളി. കാഞ്ഞിരപ്പള്ളി മുൻ ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, പാമ്പാടി മുൻ ഇൻസ്പെക്ടർ സാജു കെ.വർഗീസ്, മുൻ എസ്ഐ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.

MORE IN Kuttapathram
SHOW MORE