പ്രവാസിക്ക് നേരെ ആക്രമണം; ദിവസം 10 പിന്നിട്ടു; നടപടിയെടുക്കാതെ പൊലിസ്

mannarAttack
SHARE

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ പ്രവാസിയെ ഗുണ്ടാസംഘം ആക്രമിച്ച് 10 ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ് . ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൽകിയിട്ടു പോലും പരിഗണിക്കുന്നില്ലെന്ന് മർദനമേറ്റയാൾ പറയുന്നു.

ബുധനൂർ സ്വദേശി ജയകുമാറിനെയാണ് അയൽക്കാരനായ അജി ഗുണ്ടാ സംഘവുമായി എത്തി മർദിച്ചത്. ജയകുമാറിന്റെ ഭാര്യക്കും മകൾക്കും അനാവശ്യ സന്ദേശങ്ങൾ അയച്ചത് ജയകുമാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലെത്തിയിരുന്നു. സന്ദേശങ്ങൾ അയച്ച സംഭവത്തിൽ അജിയെ മാന്നാർ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചതുമാണ്. ജനുവരി 14 നാണ് ജയകുമാറിന് നേരെ രണ്ട് വട്ടം ആക്രമണമുണ്ടായത്. സ്കൂട്ടറിൽ 13 വയസുള്ള മകളുമായി പോകുമ്പോൾ ഇടിച്ചു വീഴ്ത്താൻ ശ്രമം ഉണ്ടായി. മൂന്നു മണിയോടെയാണ് വീടിനടുത്ത് വച്ച് വീണ്ടും ആക്രമിച്ചത്. അജിയുടെ നേതൃത്വത്തിൽ കാറിലും ബൈക്കിലുമെത്തിയ ഏഴംഗ സംഘമാണ് ക്രൂരമായി തല്ലിച്ചതച്ചത്. ആക്രമണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞു. 

സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് ജോലിക്കാരാണ് ജയകുമാറിനെ രക്ഷപെടുത്തിയത് പത്ത് ദിവസമായിട്ടും മൊഴിയെടുക്കാൻ പോലും മാന്നാർ പൊലീസ് തയാറായിട്ടില്ല. പൊലീസ് പ്രതിക്കൊപ്പം നിന്ന് കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിക്കുന്നതായും പരാതിക്കാരൻ പറയുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടിയില്ല. അജിയെ മർദിച്ചതിന് ജയകുമാറിനെതിരെയും കേസുണ്ടെന്നാണ് മാന്നാർ പൊലീസിന്റെ നിലപാട്

MORE IN Kuttapathram
SHOW MORE