പിന്നാക്ക ക്ഷേമഫണ്ടില്‍ നിന്ന് കൂടുതല്‍ തുക തട്ടിയെടുത്തു; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

sc-fund-02
SHARE

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്നാക്ക ക്ഷേമഫണ്ടില്‍ നിന്ന് കൂടുതല്‍ തുക പ്രതികള്‍ തട്ടിയെടുത്തതായി കണ്ടെത്തി.  ഒരു കോടി നാല് ലക്ഷം രൂപ നഷ്ടമായെന്നാണ് പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഓഡിറ്റിങ്ങിലെ കണ്ടെത്തല്‍. ഇതിലും കൂടുതല്‍ പണം പോയിട്ടുണ്ടാകാമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിര്‍ധനര്‍ക്ക് ലഭിക്കേണ്ട സഹായത്തില്‍ ഉദ്യോഗസ്ഥരും കൂട്ടാളികളും കയ്യിട്ടുവാരിയതിന്റെ ആഴം ഏറുകയാണ്. കേസിന്റെ തുടക്കത്തില്‍ പൊലീസ് കരുതിയത് 75 ലക്ഷത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തെന്നായിരുന്നു. എന്നാല്‍ പിന്നാക്ക ക്ഷേമവകുപ്പിന്റെ ഓഡിറ്റിങ്ങില്‍ അത് ഒരു കോടി പിന്നിട്ടു. 2016നും 2021 നവംബറിനും ഇടയില്‍ 11 കോടിയാണ് ആകെ ധനസഹായം അനുവദിച്ചത്. ഇതില്‍ ഒരു കോടി നാല് ലക്ഷം രൂപയും തട്ടിപ്പുകാരുടെ കീശയിലായി. അപേക്ഷകര്‍ക്ക് അനുവദിക്കുന്ന പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാതെ മറ്റ് അക്കൗണ്ടിലേക്ക് വകമാറ്റിയാണ് തട്ടിപ്പ്.

ഇത്തരത്തില്‍ 24 അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് ഓഡിറ്റിങ്ങിലെ കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗവും സീനിയര്‍ ക്ളര്‍ക്കും ഒന്നാം പ്രതിയുമായ യു.ആര്‍.രാഹൂലിന്റേതും അടുപ്പക്കാരുടേതുമാണ്. എന്നാല്‍ ഓഡിറ്റിങ്ങിലെ കണ്ടെത്തലിനേക്കാള്‍ കൂടുതല്‍ തുക പോയിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം. കാരണം, അഞ്ച് വര്‍ഷത്തിനിടെ 240 പേര്‍ക്ക് പഠനമുറി ഒരുക്കലിനുള്ള ധനസഹായം നല്‍കിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. 

ഇതില്‍ 80 പേരെ നേരില്‍ കണ്ട് പൊലീസ് അന്വേഷിച്ചപ്പോള്‍ 4 പേര്‍ക്ക് പണം ലഭിച്ചിട്ടില്ല. അപ്പോള്‍ ഇവരുടെ പേരിലുള്ള പണവും പ്രതികള്‍ തട്ടിയെടുത്തു. അതിനാല്‍ അഞ്ച് വര്‍ഷത്തിനിടെ ധനസഹായം ലഭിച്ചതായി രേഖകളിലുള്ള മുഴുവനാളുകളെയും കണ്ടെത്താനാണ്  ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലെ അന്വേഷണസംഘത്തിന്റെ തീരുമാനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...