സനു മോഹന്റെ ഫ്ലാറ്റില്‍ മുംബൈ പൊലീസ് പരിശോധന നടത്തി

sanumohan-04
SHARE

വൈഗ കൊലക്കേസ് പ്രതി സനു മോഹന്റെ ഫ്ലാറ്റില്‍ മുംബൈ പൊലീസ് പരിശോധന നടത്തി. സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പരിശോധന. അടുത്ത ദിവസംതന്നെ സനുവിന്റെ മുംബൈയിലേക്ക് കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു.

മുംബൈയിലെ സാമ്പത്തിക തട്ടിപ്പിനുശേഷം മുങ്ങിയ സനു മോഹന്‍ കുടുംബസമേതം കഴിഞ്ഞ അഞ്ചുകൊല്ലം താമസിച്ച കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് മുംബൈ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഇന്‍സ്പെക്ടര്‍ വിജയ് ചൗരെയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം  പതിനൊന്നരയോടെയാണ് ഫ്ലാറ്റിലെത്തിയത്. പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. മുംബൈയില്‍നിന്ന് മുങ്ങിയ സനു മോഹന്‍ കൊച്ചിയിലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയുന്നതുപോലും ഈ അടുത്തകാലത്താണ്. 

പൊലീസ് വീട്ടിലെത്താനുള്ള സാധ്യത മുന്നില്‍കണ്ട സനു അച്ഛന്‍ മരിച്ചിട്ടുപോലും ആലപ്പുഴയിലെ വീട്ടിലേക്ക് പോയിരുന്നില്ല. മുംബൈയില്‍നിന്ന് സ്റ്റീല്‍വാങ്ങി പൂണെയില്‍ വില്‍ക്കുന്ന ബിസിനസായിരുന്നു സനുവിന്. വിശ്വാസ്യതയേറിയതോടെ ഡീലര്‍മാരില്‍നിന്ന് പന്ത്രണ്ടുകോടിയിലധികം രൂപയുടെ സ്റ്റീല്‍ സനു വാങ്ങി. മൂന്നുമാസത്തിനുള്ളില്‍ പണം നല്‍കണമെന്നതായിരുന്നു കരാര്‍. എന്നാല്‍ നിശ്ചിത സമയത്ത് ആറുകോടിയോളം രൂപമാത്രം നല്‍കി. ആറേകാല്‍ക്കോടിയോളം രൂപയുടെ ചെക്ക് മടങ്ങി. 

ഇതോടെയാണ് അഞ്ചുവര്‍ഷംമുന്‍പ് പൂണെയില്‍നിന്ന് സനു കുടുംബസമേതം മുങ്ങിയത്. മുംബൈ കോടതിയില്‍നിന്നുള്ള വാറന്‍റ് എത്തിക്കുന്ന മുറയ്ക്ക് റിമാന്‍ഡിലുള്ള സനുവിനെ അവിടേക്ക് കൊണ്ടുപോകുമെന്ന് മുംബൈ പൊലീസ് പറഞ്ഞു. അഞ്ചുവര്‍ഷം മുംബൈ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞതിന്റെ അമിത ആത്മവിശ്വാസമാണ് പതിമൂന്നുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ സനു മോഹന് തിരിച്ചടിയായത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...