പോള്‍ ദിനകരന്റെ ഓഫീസുകളിൽ റെയ്‍ഡ് തുടരുന്നു; രേഖകൾ പിടിച്ചെടുത്തു

paul-dinakaran-02
SHARE

തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫീസുകളിലും  വീടുകളിലും തുടര്‍ച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പിന്റെ റെയ്‍ഡ് തുടരുന്നു. നിരവധി രേഖകള്‍ പിടിച്ചെടുത്തു. ദിനകരനെതിരെ കള്ളപണം വെളുപ്പിക്കലിനു കേസെടുക്കുമെന്നാണു സൂചന. പോള്‍ ദിനകരന്‍ ചാന്‍സിലറായിട്ടുള്ള കോയമ്പത്തൂരിലെ കാരുണ്യ  സര്‍വകലാശാലയുടെ നിയന്ത്രണം ഐ.ടി വകുപ്പ് ഏറ്റെടുത്തു.

ബിലീവേഴ്സ് ചര്‍ച്ചിലെ റെയ്ഡിനു പിന്നാലെ ആദായ നികുതി വകുപ്പ് ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രമുഖ സുവിശേഷകനെ കൂടി ഉന്നമിടുകയാണ്. ജീസസ് കാളിങ് എന്ന  സുവിശേഷക സംഘത്തിന്റെ ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമാണു 48 മണിക്കൂറായി തിരച്ചില്‍ നടക്കുന്നത്. ജീസസ് കാളിങിന്റെ ഉടമയും പ്രമുഖ പ്രഭാഷകനുമായ  പോള്‍ ദിനകരന്റെ ചെന്നൈ അഡയാറിലെ വീട്ടിലും ഓഫീസിലും ഇന്നലെ രാവിലെ എട്ടിനാണു റെയ്ഡ് തുടങ്ങിയത്. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവടങ്ങളിലെ 28 കേന്ദ്രങ്ങളിലായി ഒരേ സമയം 200 ല്‍ അധികം ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടങ്ങി.

കോയമ്പത്തൂരിലെ കാരുണ്യ ക്രിസ്ത്യന്‍ സ്കൂള്‍ , കാരുണ്യ സര്‍വകലാശാല  എന്നിവടങ്ങളിലും പരിശോധനയുണ്ട്.കാരുണ്യ സര്‍വകലാശാ  ഇന്നലെ രാവിലെ മുതല്‍ ഐ.ടി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. പരിശോധനയില്‍  നിരവധി രേഖകള്‍ പിടിച്ചെടുത്തുവെന്നും ഇവ വിശദമായി പരിശോധിച്ചതിനുശേഷം കേസെടുക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ്  ആദായ നികുതി വകുപ്പ് ബന്ധപെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ജീസസ് കാളിന്റെ മറവില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി നേരത്തെ കേന്ദ്ര സര്‍ക്കാരിനു പരാതി കിട്ടിയിരുന്നു. വിദേശ സംഭാവനകള്‍ വഴിമാറ്റി രജ്യത്തിനകത്തും പുറത്തും  നിക്ഷേങ്ങള്‍ നടത്തിയെന്നാണു ആദായനികുതി വകുപ്പിനു ലഭിച്ചിരിക്കുന്ന വിവരം.

പൊള്ളാച്ചി സ്വദേശി  ഡി.ജി.എസ് ദിനകരന്‍ തുടങ്ങിയ സുവിശേഷക സംഘമാണു തമിഴ്നാട്ടിലാകെ പടര്‍ന്നു പന്തലിച്ചു ജീസസ് കാളിങായത്. 2008  ഡി.ജിഎസ് ദിനകരന്റെ  മരണ ശേഷം മകന്‍ പോളാണ്  സംഘത്തെ നയിക്കുന്നത്.. ടി.വി.ചാനല്‍, സര്‍വകലാശാല, മെഡിക്കല്‍,എന്‍ജിനിയറിങ് കോളജുകള്‍ , സ്കൂളുകള്‍ തുടങ്ങി ശതകോടികളുടെ  ആസ്തിയുണ്ട് ഗ്രൂപ്പിന്.

MORE IN Kuttapathram
SHOW MORE
Loading...
Loading...